വ്യാജരേഖ ചമച്ച് ജോലി നേടുന്ന കേസുകളും പരീക്ഷ എഴുതാതെ പാസാവുന്ന കേസുകളും കേരളത്തിലെ പല കോളേജുകളിലും നടക്കുന്നുണ്ട്. വ്യാജരേഖകൾ ഉണ്ടെങ്കിൽ ഏത് കോളേജിലും ഏത് കോഴ്സും പഠിക്കാമെന്ന സ്ഥിതിയാണുള്ളതെന്നും കെ സുരേന്ദ്രന്‍
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസമേഖലയെ സർവനാശത്തിലേക്കാണ് സിപിഎമ്മും ഇടത് സർക്കാരും നയിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. കേരളത്തെ ലോകത്തിന് മുമ്പിൽ നാണംകെടുത്തുകയാണ് സംസ്ഥാന സർക്കാരെന്ന് തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി. വ്യാജരേഖ ചമച്ച് ജോലി നേടുന്ന കേസുകളും പരീക്ഷ എഴുതാതെ പാസാവുന്ന കേസുകളും കേരളത്തിലെ പല കോളേജുകളിലും നടക്കുന്നുണ്ട്. വ്യാജരേഖകൾ ഉണ്ടെങ്കിൽ ഏത് കോളേജിലും ഏത് കോഴ്സും പഠിക്കാമെന്ന സ്ഥിതിയാണ് സംസ്ഥാനത്തുള്ളത്. രാഷ്ട്രീയ നേതാക്കളുടെ സമ്മർദ്ദ ഫലമായിട്ടാണ് സീറ്റ് കൊടുക്കുന്നതെന്ന് കോളേജ് അധികൃതർ തന്നെ പറയുകയാണ്. പരാതി കൊടുത്ത ഒരു കേസിലും നടപടിയെടുക്കാൻ കോളേജുകൾക്കും സർവകലാശാലകൾക്കും സാധിക്കുന്നില്ല. സിപിഎമ്മിന്‍റെ ഇടപെടലാണ് ഇതിന് കാരണം. ഉന്നതവിദ്യാഭ്യാസ മന്ത്രി ജോലി നേടിയത് മതിയായ രേഖയില്ലാതെയാണ്. അവരെ തന്നെ ഉന്നത വിദ്യാഭ്യാസ മന്ത്രിയാക്കി കേരളത്തിന്‍റെ വിദ്യാഭ്യാസ മേഖല തകർക്കുകയാണ് സർക്കാരെന്നും സുരേന്ദ്രൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ തന്നെ തട്ടിപ്പ് നടത്തി ജോലി നേടി. മുഖ്യമന്ത്രിയാണ് എല്ലാ തട്ടിപ്പുകൾക്കും നേതൃത്വം കൊടുക്കുന്നത്. എസ്എഫ്ഐ നേതാവ് സർട്ടിഫിക്കറ്റ് പരിശോധിച്ച് മാർക്കിടുകയാണ്. തട്ടിപ്പ് കേസിലെ ആരോപണവിധേയനാണ് മറ്റൊരു എസ്എഫ്ഐ നേതാവിന്റെ തട്ടിപ്പ് അന്വേഷിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറിയാണ് ഇതിന് മറുപടി പറയേണ്ടത്. തട്ടിപ്പുകാരുടെ പാരാതിയിൽ കേസ് എടുക്കുന്ന പൊലീസ് ക്രമക്കേട് നടത്തുന്നവരെ സംരക്ഷിക്കുകയാണ്. മാദ്ധ്യമപ്രവർത്തകരെ വേട്ടയാടുകയാണ് സർക്കാർ ചെയ്യുന്നത്. എസ്എഫ്ഐക്കെതിരെ ആര് ഗൂഢാലോചന നടത്താനാണ്? ചത്ത കുട്ടിയുടെ ജാതകം ആരെങ്കിലും നോക്കുമോ? സംസ്ഥാനത്ത് നിയമവാഴ്ച പൂർണമായും തകർന്ന് കഴിഞ്ഞു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല തകർന്നെന്ന് ഗവർണർ പറഞ്ഞപ്പോൾ അദ്ദേഹത്തെ വേട്ടായാടുകയാണ് ഭരണപക്ഷവും പ്രതിപക്ഷവും ചെയ്തത്.
ഉന്നത വിദ്യാഭ്യാസ മേഖല തകർക്കുന്നവർക്കെതിരെ 27 ന് സെക്രട്ടറിയേറ്റിന് മുമ്പിൽ ബിജെപി പ്രതിഷേധിക്കും. ഇതിനെതിരെ സംസ്ഥാന വ്യാപകമായി സമരം നടക്കും. രാഷ്ട്രീയത്തിന് അതീതമായി ഉന്നതവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കാനുള്ള മുന്നേറ്റത്തിന് ബിജെപി നേതൃത്വം നൽകും. ഈ കാര്യത്തിൽ ലഭ്യമായ തെളിവുകളുമായി കേന്ദ്ര മാനവവിഭവ വകുപ്പിനെ സമീപിക്കും. നിയമവഴിയിലൂടെയും ബിജെപി പോരാടുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
നിഖിലിനായി സിപിഎം നേതാവ് ശുപാർശ നടത്തി, നേതാവിന്റെ പേര് വെളിപ്പെടുത്തില്ല: എംഎസ്എം കോളേജ് മാനേജർ
