മാര്‍പാപ്പയുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച നടക്കുന്ന  അതേ സമയത്ത് തന്നെ കര്‍ദ്ദിനാള്‍ മാര്‍ ക്ലിമിസ് കാതോലിക്കാ ബാവയെ  നേരില്‍ കണ്ടായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ  സുരേന്ദ്രന്‍റെ രാഷ്ട്രീയ നീക്കം

കൊച്ചി: മാര്‍പ്പാപ്പയുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച രാഷ്ട്രീയ നേട്ടമായി മാറ്റാനുള്ള ശ്രമവുമായി ബിജെപി (BJP). ഇന്ത്യ സന്ദര്‍ശിക്കാന്‍ മാര്‍പ്പാപ്പയെ (Pope francis) പ്രധാനമന്ത്രി (narendramodi) ക്ഷണിച്ചത് ഇന്‍ഡ്യയിലെ കത്തോലിക്ക സഭകളുടെ താത്പര്യപ്രകാരമായിരുന്നു. മാര്‍പ്പാപ്പയുടെ സന്ദര്‍ശനം സഭകളോട് അടുക്കാനുള്ള നിര്‍ണ്ണായക ചുവട് വയ്പ്പായി മാറ്റാനാണ് ബിജെപി ശ്രമിക്കുന്നത്

മാര്‍പാപ്പയുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച നടക്കുന്ന അതേ സമയത്ത് തന്നെ കര്‍ദ്ദിനാള്‍ മാര്‍ ക്ലിമിസ് കാതോലിക്കാ ബാവയെ നേരില്‍ കണ്ടായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍റെ രാഷ്ട്രീയ നീക്കം. ന്യൂന പക്ഷങ്ങള്‍ക്കെതിരയുള്ള അക്രമം മുതല്‍ സ്റ്റാന്‍ സ്വാമിയുടെ മരണം വരെയുള്ള നിരവധി വിഷയങ്ങളില്‍ അകല്‍ച്ചയുള്ള സഭയുമായി അടുക്കാന്‍ പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച സഹായകമാകുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. 

മാര്‍പ്പാപ്പയെ ഇന്‍ഡ്യയിലേക്ക് ക്ഷണിക്കണമെന്ന സഭാ നേതൃത്വത്തിന്‍റെ ആവശ്യം പ്രധാനമന്ത്രി നടപ്പാക്കിയതില്‍ സഭാ നേതൃത്വത്തിനും സന്തോഷമുണ്ട്.ക്രൈസ്തവ സഭകളോട് അടുക്കാന്‍ ദേശീയ തലത്തില്‍ ബിജെപി സ്വീകരിക്കുന്ന നീക്കങ്ങളില്‍ സുപ്രധാനമാവുകയാണ് മാര്‍പ്പാപ്പയുടെ സന്ദര്‍ശനം . കേരളത്തിലും ഗോവയിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും രാഷ്ട്രീയ നേട്ടമുണ്ടാക്കാമെന്നതിനപ്പുറം രാജ്യാന്തര തലത്തില്‍ തന്നെ മാര്‍പ്പാപ്പയുടെ ഇന്ത്യ സന്ദര്‍ശനം ഗുണം ചെയ്യുമെന്നാണ് ബിജെപി നേതൃത്വത്തിന്‍റെ വിലയിരുത്തല്‍.