പാലക്കാട്: പാലക്കാട് മുൻസിപ്പിലാറ്റി വളപ്പിലെ ഗാന്ധി പ്രതിമയിൽ ബിജെപിയുടെ പതാക പുതപ്പിച്ച സംഭവത്തിലെ ഗൂഢാലോചനയെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി ബിജെപി രംഗത്ത്.

രാഷ്ട്രപിതാവിൻ്റെ പ്രതിമയിൽ പാർട്ടി പതാക ചുറ്റിയ സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നും മനോരോഗിയെ കൊണ്ട് ഈ പ്രവൃത്തി ചെയ്യിപ്പിച്ചവരെ കണ്ടെത്തണമെന്നും ബിജെപി പാലക്കാട് ജില്ലാ അധ്യക്ഷൻ ഇ.കൃഷ്ണദാസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ചില വിവരങ്ങൾ ടൌണ് ഡിവൈഎസ്പിക്ക് കൈമാറിയിട്ടുണ്ടെന്നും പ്രതിയുടെ ഫോൺ വിവരങ്ങൾ പരിശോധിച്ചാൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നും കൃഷ്ണദാസ് പറഞ്ഞു.   

അതേസമയം ​ഗാന്ധി പ്രതിമയിൽ ബിജെപി പതാക ചുറ്റിയ ആൾ മാനസിക രോ​ഗിയാണെന്ന് വ്യക്തമായിട്ടുണ്ടെന്ന് പാലക്കാട് എസ്.പി സുജിത്ത് ദാസ് പറഞ്ഞു. മറ്റാരുടെയെങ്കിലും പ്രേരണ കൊണ്ടാണോ പ്രതി ഇങ്ങനെ ചെയ്തതെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

തിരുനെല്ലായി സ്വദേശിയായ ആളെയാണ് സംഭവത്തിൽ പൊലീസ് പിടികൂടിയത്. മാനസിക അസ്വാസ്ഥ്യമുള്ളയാളാണ് പ്രതിയെന്ന് പൊലീസ് പറയുന്നു. ഇയാൾ മാനസിക രോഗത്തിന് ചികിത്സ തേടിയിരുന്നുവെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടിട്ടുണ്ട്. പാലക്കാട് സർക്കാർ ആശുപത്രി പരിസരത്ത് നിന്നാണ് പ്രതിക്ക് ബിജെപി പതാക ലഭിച്ചതെന്നും പൊലീസ് പറയുന്നു. 

ശനിയാഴ്ച രാവിലെ 7.45-ഓടെയാണ് ഗാന്ധി പ്രതിമയിൽ ബിജെപി കൊടി കെട്ടിയത്. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പിന്നീട് പുറത്തു വന്നിരുന്നു. പതാക പുതപ്പിക്കുന്ന സിസിടിവി ദൃശ്യം ലഭിച്ച പൊലീസ് സമീപ പ്രദേശങ്ങളിലെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ കൂടി ശേഖരിച്ചാണ് ആളെ കണ്ടെത്തിയത്. പാലക്കാട് ടൌണ് സൌത്ത് പൊലീസാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. 

നഗരസഭ കൗൺസിൽ സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് ഗാന്ധി പ്രതിമയിൽ ബിജെപിയുടെ കൊടികണ്ടത്. വിവരമറിഞ്ഞതിന് പിന്നാലെ കണ്‍സില്‍ ഹാളില്‍ നിന്ന് പ്രതിഷേധവുമായി യുഡിഎഫ് കൗണ്‍സിലര്‍മാരെത്തി പ്രതിഷേധിച്ചു.

പിന്നാലെയെത്തിയ പൊലീസ് കൊടി അഴിച്ചുമാറ്റി. കെഎസ് യുവും ഡിവൈഎഫ്ഐയും പിന്നീട് പ്രതിഷേധവുമായെത്തി. പ്രതിമയില്‍ പുഷ്പഹാരം ചാര്‍ത്തി സംരക്ഷണ വലയം തീര്‍ത്തായിരുന്നു ഡിവൈഎഫ്ഐ പ്രതിഷേധം. നഗരസഭാ അധ്യക്ഷയെ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ഉപരോധിച്ചു. ബിജെപി അറിവോടെയാണ് കൊടികെട്ടിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. സംഭവത്തില്‍ പങ്കില്ലെന്നും സാമൂഹ്യവിരുദ്ധരാണ് കൊടികെട്ടിയതിന് പിന്നിലെന്നും ബിജെപി പ്രതികരിച്ചിരുന്നു.