കൊല്ലപ്പെട്ട ബിജെപി പ്രവർത്തകൻ രഞ്ജിത്തിന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്നാരോപിച്ച് ബിജെപി ബഹിഷ്ക്കരിച്ച പശ്ചാത്തലത്തിൽ ഇന്ന് വൈകിട്ട് നടക്കേണ്ടിയിരുന്ന യോഗം നാളത്തേക്ക് മാറ്റുകയായിരുന്നു

ആലപ്പുഴ: ആലപ്പുഴയിൽ (Alappuzha) എസ്ഡിപിഐ (SDPI)-ബിജെപി (BJP) പ്രവർത്തകർ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ സമാധാനം പുനസ്ഥാപിക്കാനായി ജില്ലാകളക്ടർ വിളിച്ച് ചേർത്ത സർവകക്ഷി യോഗത്തിൽ ബിജെപി പങ്കെടുക്കും. നാളെ നടക്കുന്ന യോഗത്തിൽ ജില്ലാ നേതാക്കൾ പങ്കെടുക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അറിയിച്ചു. 

കൊല്ലപ്പെട്ട ബിജെപി പ്രവർത്തകൻ രഞ്ജിത്തിന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്നാരോപിച്ച് ബിജെപി ബഹിഷ്ക്കരിച്ച പശ്ചാത്തലത്തിൽ ഇന്ന് വൈകിട്ട് നടക്കേണ്ടിയിരുന്ന യോഗം നാളത്തേക്ക് മാറ്റുകയായിരുന്നു. രഞ്ജിത്തിന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്നും പോസ്റ്റ്മോർട്ടം നടപടികൾ ഇന്നത്തേക്ക് മനപ്പൂർവ്വം മാറ്റിയെന്നുമാണ് ബിജെപി ആരോപണം. ജില്ലാഭരണകൂടം ഒരു ചടങ്ങായി മാത്രമാണ് സർവകക്ഷി യോഗം വിളിക്കുന്നതെന്നും സമാധാനം പുനസ്ഥാപിക്കാൻ ജില്ലാ ഭരണകൂടത്തിന് ആത്മാർഥതയില്ലെന്നും ബിജെപി നേതാവ് കെ.സോമൻ ആരോപിച്ചു. 

സംസ്ഥാനത്ത് മുന്‍കരുതലിന് ഡി.ജി.പി നിര്‍ദ്ദേശം 

ആലപ്പുഴയില്‍ കഴിഞ്ഞ ദിവസമുണ്ടായ അനിഷ്ടസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്താകെ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് നിര്‍ദ്ദേശം നല്‍കി. അടുത്ത മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സേനാംഗങ്ങളെയും ഇതിനായി നിയോഗിക്കും. വളരെ അടിയന്തിര സാഹചര്യങ്ങളില്‍ മാത്രമേ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അവധി അനുവദിക്കൂ.

സംസ്ഥാനത്ത് രാത്രിയും പകലും വാഹനപരിശോധന കര്‍ശനമാക്കും. പ്രശ്നസാധ്യതയുളള സ്ഥലങ്ങളില്‍ ആവശ്യമായ പോലീസ് പിക്കറ്റ് ഏര്‍പ്പെടുത്തും. വാറന്‍റ് നിലവിലുളള സാമൂഹ്യവിരുദ്ധരെ പിടികൂടാന്‍ പ്രത്യേക പദ്ധതി നടപ്പിലാക്കും. ക്രിമിനലുകളുടെ പട്ടിക തയ്യാറാക്കുകയും കൃത്യമായ പരിശോധന നടത്തുകയും ചെയ്യും. 

അടുത്ത മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് ജാഥ നടത്തുന്നതിനും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തും. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ 24 മണിക്കൂറും അവരവരുടെ ആസ്ഥാനത്ത് ഉണ്ടായിരിക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശിച്ചു.

അതേ സമയം, ആലപ്പുഴയിലെ ബിജെപി പ്രവർത്തകൻ രഞ്ജിത്തിനെ കൊലപാതകം തടയുന്നതിലുണ്ടായ വീഴ്ചയിൽ പൊലീസിന്റെ നിസ്സഹായാവസ്ഥ എഡിജിപി വിജയ് സാഖറെ തുറന്ന് സമ്മതിച്ചു. ആദ്യ കൊലപാതകത്തിനുശേഷം അക്രമം വ്യാപിക്കുന്നത് തടയാൻ ആയിരുന്നു പൊലീസിന്റെ ശ്രദ്ധ. ബിജെപി പ്രവർത്തകനെ ആക്രമിക്കുമെന്ന് ഒരു സൂചനയും ഉണ്ടായിരുന്നില്ല. അപ്രതീക്ഷിതമായി ഉണ്ടാകുന്ന കൊലപാതകം ആർക്കും തടയാനാകില്ല എന്നും എഡിജിപി വ്യക്തമാക്കി.

 10 കിലോമീറ്റർ ചുറ്റളവിൽ മണിക്കൂറുകളുടെ മാത്രം വ്യത്യാസത്തിൽ നടന്ന രണ്ട് രാഷ്ട്രീയ കൊലപാതകങ്ങൾ കേരളത്തിന് വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്.എസ്ഡിപിഐ പ്രവർത്തകന്റെ ആദ്യ കൊലപാതകത്തിന് പിറകെ മുൻകരുതൽ സ്വീകരിക്കുന്നതിൽ പൊലീസിന് സംഭവിച്ച ഗുരുതര വീഴ്ചയാണ് രണ്ടാം കൊലപാതകത്തിന് കാരണമായതെന്നു പ്രതിപക്ഷ പാർട്ടികൾ അടക്കം വിമർശനം ഉന്നയിച്ചിരുന്നു.എന്നാൽ ഒരു സൂചനയും ഇല്ലാത്ത ഒരാളെ കൊല്ലാൻ തീരുമാനിച്ചാൽ ആർക്കും തടയാനാകില്ല എന്നാണ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന എഡിജിപി ജയശങ്കർ പ്രതികരിച്ചത്.