ഇടത് വലത് മുന്നണികളെ അധികാരത്തിൽ കയറ്റാനും ഇറക്കാനും പിന്തുണ നൽകേണ്ടതില്ലെന്നാണ് പാർട്ടി നയമെന്ന് ബിജെപി ജില്ലാ പ്രസിഡൻറ് ലീജിൻ ലാൽ വ്യക്തമാക്കി
കോട്ടയം : കോട്ടയം നഗരസഭാ അധ്യക്ഷക്കെതിരെ ഇടതുമുന്നണി കൊണ്ടുവന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്നും ബി ജെ പി വിട്ടുനിൽക്കും. ഇടത്-വലത് മുന്നണികളെ അധികാരത്തിൽ കയറ്റാനും ഇറക്കാനും പിന്തുണ നൽകേണ്ടതില്ലെന്നാണ് പാർട്ടി നയമെന്ന് ബിജെപി ജില്ലാ പ്രസിഡൻറ് ലീജിൻ ലാൽ വ്യക്തമാക്കി. നേരത്തെ ചർച്ചയിൽ നിന്നും വിട്ട് നിൽക്കാൻ യുഡിഎഫും അംഗങ്ങൾക്ക് വിപ്പ് നൽകിയിരുന്നു. ഇതോടെ ഇടത് അവിശ്വാസ പ്രമേയം തള്ളിപ്പോകുമെന്ന് ഉറപ്പായി.
പഞ്ചായത്തിരാജ് നിയമമനുസരിച്ച് ഒരു അവിശ്വാസ പ്രമേയം പാസാകണമെങ്കിൽ കൗൺസിലിലെ ആകെ അംഗസംഖ്യയുടെ പകുതിയേക്കാൾ ഒരു അംഗം കൂടി അവിശ്വാസത്തെ പിന്തുണച്ച് വോട്ട് ചെയ്യണം. കോട്ടയം നഗരസഭയിലെ 52 അംഗ കൗൺസിലിൽ യുഡിഎഫിന് 21 ഉം എൽഡിഎഫിന് ഇരുപത്തിരണ്ടുമാണ് അംഗബലം. എട്ട് അംഗങ്ങളാണ് ബിജെപിക്കുള്ളത്. യുഡിഎഫ് അംഗബലം 22 ആയിരുന്നെങ്കിലും കോൺഗ്രസ് കൗൺസിലർ ജിഷ ഡെന്നി രോഗബാധയെ തുടർന്ന് മരിച്ചതോടെയാണ് അംഗസംഖ്യ 21 കുറഞ്ഞത്. ഈ സാഹചര്യം മുതലെടുക്കാനാണ് ഇടതുമുന്നണി അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.
പക്ഷേ അവിശ്വാസം പാസാക്കണമെങ്കിൽ 27 അംഗങ്ങൾ അനുകൂലിച്ചു വോട്ട് ചെയ്യണം. ഇടതുമുന്നണി പ്രമേയത്തെ ബിജെപി അനുകൂലിച്ചാൽ സിപിഎം- ബിജെപി ധാരണ എന്ന പ്രചാരണം ശക്തമായ ഉന്നയിക്കാനായിരുന്നു യുഡിഎഫ് തീരുമാനം. എന്നാൽ ബിജെപി വിട്ടുനിൽക്കുമെന്ന് തീരുമാനമെടുത്തതോടെ അവിശ്വാസം പാസാകില്ലെന്നുറപ്പായി.


