താമരയണ്ണന്‍ എന്നാണ് ഓട്ടോയുടെ പേര്. അതുകൊണ്ട് തന്നെ താമരയണ്ണന്‍ എന്നാണ് യശോധരന്‍ അറിയപ്പെടുന്നത്. 

കരുനാഗപ്പള്ളി: ലൈസന്‍സില്ലാതെ 20 വര്‍ഷം ഓട്ടോ ഓടിച്ച ബിജെപി പ്രവര്‍ത്തകന്‍ പൊലീസ് പിടിയില്‍. താമരയണ്ണന്‍ എന്നറിയപ്പെടുന്ന ശൂരനാട് കരോട്ടയ്യത്ത് യശോധരനാണ് കരുനാഗപ്പള്ളിയില്‍ പൊലീസ് പട്രോളിങ്ങിനിടെ പിടിയിലായത്. താമരയണ്ണന്‍ എന്നാണ് ഓട്ടോയുടെ പേര്. അതുകൊണ്ട് തന്നെ താമരയണ്ണന്‍ എന്നാണ് യശോധരന്‍ അറിയപ്പെടുന്നത്. ബിജെപിയുടെ സജീവ പ്രവര്‍ത്തകനാണ് യശോധരന്‍. ബിജെപിയുടെ മിക്ക പരിപാടിയിലും ഓട്ടോയുമായി പങ്കെടുക്കും. കടുത്ത മോദി ആരാധകനുമാണ്. ഓട്ടോയില്‍ മോദിജി എന്നും ആലേഖനം ചെയ്തിട്ടുണ്ട്. ബിജെപി നേതാക്കളുടെ ചിത്രങ്ങളാണ് ഓട്ടോയില്‍ നിറയെ. 

കരുനാഗപ്പള്ളി ഹൈസ്‌കൂള്‍ ജംങ്ഷനില്‍ മാസ്‌കും യൂണിഫോമും ധരിക്കാതെ എത്തിയ ഇയാളെ പൊലീസ് തടഞ്ഞു നിര്‍ത്തി പരിശോധിക്കുകയായിരുന്നു. ലൈസന്‍സ് ഹാജരാക്കാന്‍ പറഞ്ഞപ്പോഴാണ് ലൈസന്‍സ് ഇല്ലെന്ന് അറിയുന്നത്. കഴിഞ്ഞ 20 വര്‍ഷമായി ലൈസന്‍സില്ലാതെയാണ് ഇയാള്‍ വാഹനം ഓടിച്ചത്. കണ്‍ട്രോള്‍ റൂം എസ്‌ഐ പ്രസന്നന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.