2007 ഓഗസ്റ്റ് 16ന് രാവിലെയാണ് പ്രമോദ് കൊല്ലപ്പെടുകയും സുഹൃത്തായ പ്രകാശന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തത്. പ്രതികളെ ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചിരുന്നു. പ്രതികൾ ദീർഘകാലം ജയിലിൽ കഴിഞ്ഞത്‌ ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.

ദില്ലി: കണ്ണൂർ കൂത്തുപറമ്പിലെ മൂര്യാട്‌ ആർഎസ്‌എസ്‌ പ്രവർത്തകനായിരുന്ന കുമ്പളപ്രവന്‍ പ്രമോദ്‌ വെട്ടിക്കൊന്ന കേസിൽ ശിക്ഷിക്കപ്പെട്ട പത്ത്‌ സിപിഎം പ്രവർത്തകർക്ക് ജാമ്യം. കുന്നപ്പാടി മനോഹരന്‍, നാനോത്ത് പവിത്രന്‍, പാറക്കാട്ടില്‍ അണ്ണേരി പവിത്രന്‍, പാട്ടാരി ദിനേശന്‍, കുളത്തുംകണ്ടി ധനേഷ്, കേളോത്ത് ഷാജി, അണ്ണേരി വിപിന്‍, പാട്ടാരി സുരേഷ് ബാബു, പാലേരി റിജേഷ്, വാളോത്ത് ശശി എന്നിവർക്കാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ജസ്‌റ്റിസുമാരായ എം എം സുന്ദരേഷ്‌, സതീഷ്‌ ചന്ദ്ര ശർമ എന്നിവരുടെ ബെഞ്ചാണ്‌ പ്രതികള്‍ക്ക് ജാമ്യം നൽകിയത്‌.

കേസിലെ എട്ടാം പ്രതിയായ അണ്ണേരി വിപിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഒന്നാം പ്രതിയായ സിപിഎം ലോക്കൽ സെക്രട്ടറി താറ്റ്യോട്ട് ബാലകൃഷ്ണൻ വിചാരണക്കിടെ മരിച്ചിരുന്നു. രണ്ടുമുതൽ 11 വരെ പ്രതിയാക്കപ്പെട്ടവരെ ജീവപര്യന്തം കഠിന തടവിന്‌ തലശേരി അഡീ. ജില്ല സെഷന്‍സ് കോടതി ശിക്ഷിച്ചിരുന്നുവെങ്കിലും ദീർഘകാലം ജയിലിൽ കഴിഞ്ഞത്‌ ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഇപ്പോള്‍ ജാമ്യം അനുവദിച്ചത്. 2007 ആഗസ്റ്റ് 16ന് മാനന്തേരി മൂര്യാട് ചുള്ളിക്കുന്ന്നിരയിൽ വെച്ചാണ്‌ ആർഎസ്‌എസ്‌ പ്രവർത്തകനും നിരവധി ക്രിമിനൽ കേസിലെ പ്രതിയായ പ്രമോദ്‌ വെട്ടേറ്റുമരിച്ചത്‌. 16ന് രാവിലെയാണ് പ്രമോദ് കൊല്ലപ്പെടുകയും സുഹൃത്തായ പ്രകാശന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തത്. കോൺക്രീറ്റ് പണിക്കാരായ പ്രമോദും പ്രകാശനും ജോലിക്ക് പോകുന്നതിനിടയിൽ മാനന്തേരി മൂര്യാട് ചുള്ളിക്കുന്ന് നിരയിലെ കശുമാവിൻ തോട്ടത്തിൽ വെച്ച് പ്രതികൾ വാൾ, കത്തിവാൾ എന്നിവ കൊണ്ട് ആക്രമിക്കുകയായിരുന്നു എന്നാണ് കേസ്.