കൊടുങ്ങല്ലൂര്‍: ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ കമലിന്‍റെ വീട്ടിലേക്ക്‌ മാർച്ച്‌ നടത്തിയ കേസിൽ ബിജെപി ജില്ലാ പ്രസിഡന്‍റ് എ നാഗേഷ്‌ ഉൾപ്പെടെയുള്ള നേതാക്കളെ കോടതി ശിക്ഷിച്ചു. നാഗേഷിന് പുറമേ 10 നേതാക്കളെയും കോടതി ശിക്ഷിച്ചു.

കൊടുങ്ങല്ലൂർ മണ്ഡലം പ്രസിഡന്റ്‌ എം ജി പ്രശാന്ത്‌ലാൽ, ഭാരവാഹികളായ എൽ കെ മനോജ്‌, കെ എ സുനിൽകുമാർ, കെ എസ്‌ ശിവറാം, എം യു ബിനിൽ, സതീഷ്‌ ആമണ്ടൂർ, ജോതിലാലൻ, ഉദയൻ, റക്‌സൺ തോമസ്‌ എന്നിവരടക്കമുള്ളവരാണ് ശിക്ഷ ഏറ്റുവാങ്ങിയത്.

കോടതി പിരിയുംവരെ തടവും 750 രൂപ പിഴയുമാണ്‌ കൊടുങ്ങല്ലൂർ ഒന്നാംക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി ശിക്ഷ വിധിച്ചത്‌. വിധി വന്ന വ്യാഴാഴ്ച തന്നെ ഇവര്‍ ശിക്ഷ ഏറ്റുവാങ്ങുകയും ചെയ്തു. തീയറ്ററുകളിലെ ദേശീയഗാനവുമായി ബന്ധപ്പെട്ട വിവാദത്തിനിടയില്‍ 2016 ഡിസംബറിലാണ് ബിജെപി തൃശ്ശൂര്‍ ലോകമലേശ്വരത്തുള്ള കമലിന്‍റെ വീട്ടിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തിയത്.