ജെഎൻയു മുൻ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. രാജ്യത്തെ പൊതുസ്വത്തുക്കൾ കോർപ്പറേറ്റുകൾക്ക് നൽകുകയും വിഭജന നയങ്ങൾ നടപ്പിലാക്കുകയും ചെയ്യുന്നുവെന്ന് അവർ ആരോപിച്ചു

ഇടുക്കി: രാജ്യത്തെ പൊതുസ്വത്തുക്കൾ പൂർണ്ണമായും കോർപ്പറേറ്റുകൾക്ക് നൽകാനുള്ള അജണ്ടയാണ് ആർ എസ് എസിനും ബി ജെ പിക്കുമുള്ളതെന്ന് ജെ എൻ യു മുൻ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റും എസ് എഫ് ഐ നേതാവുമായ ഐഷി ഘോഷ്. കർഷക സംഘം ഇടുക്കി ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചുള്ള പരിപാടിയിൽ പങ്കെടുത്തു സംസാരിച്ച ഐഷി, മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനം അഴിച്ചുവിട്ടു. രാജ്യത്തെ വിഭജിക്കുന്ന നയങ്ങളാണ് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നതെന്നും വിദ്യാഭ്യാസം എന്നത് ഏവരുടെയും അവകാശമാണെന്നും ഐഷി ഘോഷ് വ്യക്തമാക്കി. കഴിഞ്ഞ 12 വർഷമായി രാജ്യത്ത് പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന സാഹചര്യമാണുള്ളതെന്ന് ഐഷി ആരോപിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിദ്യാർത്ഥികൾക്ക് ലഭിച്ചിരുന്ന സ്കോളർഷിപ്പുകൾ കേന്ദ്ര സർക്കാർ വെട്ടിക്കുറയ്ക്കുകയോ നിർത്തലാക്കുകയോ ചെയ്തു. രാജ്യത്തെ സർവ്വകലാശാലകളെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സ്വന്തം രാഷ്ട്രീയ അജണ്ട നടപ്പാക്കാനായി ബി ജെ പി പിടിച്ചെടുക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി. ബി ജെ പി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണം പോലും കൃത്യമായി ലഭിക്കുന്നില്ലെന്ന് അവർ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണത്തിനും കോർപ്പറേറ്റ് വൽക്കരണത്തിനുമെതിരെ വിദ്യാർത്ഥികളും ബഹുജനങ്ങളും ശക്തമായി പ്രതിരോധിക്കേണ്ടതുണ്ടെന്നും ഐഷി ഘോഷ് കൂട്ടിച്ചേർത്തു.

പിണറായിയുടെ വിമർശനം

നേരത്തെ കർഷക സംഘം ഇടുക്കി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ച പ്രതിപക്ഷ നേതാവ് പിണറായി വിജയനും കേന്ദ്രത്തെ വിമർശിച്ചു. കോൺഗ്രസ് നടപ്പാക്കിയ സാമ്പത്തിക നയങ്ങളാണ് രാജ്യത്ത് ബി ജെ പി പിന്തുടരുന്നതെന്നും ഇത് കർഷകർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ഇല്ലാതാക്കി കോർപ്പറേറ്റുകൾക്ക് സഹായമാകുകയാണെന്നും പിണറായി കുറ്റപ്പെടുത്തി. സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാൻ കോൺഗ്രസും ബി ജെ പിയും തയ്യാറായില്ല. ദില്ലിയിലെ കർഷക സമരം അടിച്ചമർത്താൻ കേന്ദ്രം ശ്രമിച്ചെങ്കിലും കർഷകരുടെ അർജവമുള്ള പോരാട്ടത്തിന് മുന്നിൽ ഒടുവിൽ ബി ജെ പിക്ക് മുട്ടുമടക്കേണ്ടി വന്നുവെന്നും, കേരളത്തിൽ യു ഡി എഫ് സർക്കാർ കാർഷിക രംഗത്തെ തകർച്ച പരിഹരിക്കാനോ തൊഴിലുറപ്പ് പദ്ധതിക്ക് ആവശ്യത്തിന് തുക വകയിരുത്താനോ തയ്യാറാകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വർഗീയതയ്ക്കെതിരെ ഉറച്ചുനിൽക്കാൻ കേരളത്തിലെ യു ഡി എഫ് സർക്കാരിന് കഴിയുന്നില്ലെന്നും പിണറായി കുറ്റപ്പെടുത്തി. ആർ എസ് എസ് അജണ്ടയ്ക്ക് കോൺഗ്രസ് കീഴടങ്ങുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സത്യപ്രതിജ്ഞാ വേളയിൽ വന്ദേമാതരം മുഴുവൻ ആലപിച്ചത് ആർ എസ് എസ് അജണ്ടയുടെ ഭാഗമാണ്. സ്വാതന്ത്ര്യദിനത്തിൽ വന്ദേമാതരം മുഴുവൻ ചൊല്ലണമെന്ന് സർക്കുലർ ഇറക്കിയത് കേരളത്തിൽ മാത്രമാണ്. സംഭവം വിവാദമായതോടെ ഇത് ഒഴിവാക്കേണ്ടി വന്നു. ഇത്തരം നിലപാടുകളിലൂടെ കോൺഗ്രസ് അപകടകരമായ ദിശയിലേക്കാണ് നീങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഴിഞ്ഞം പദ്ധതിയുടെ കാര്യത്തിൽ വേഗത കുറഞ്ഞത് എൽ ഡി എഫിന്റെ നയം കാരണമാണെന്ന മുഖ്യമന്ത്രി വി ഡി സതീശന്‍റെ പ്രസ്താവനയ്ക്കെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. പദ്ധതി നടപ്പാക്കുന്നതിനെതിരെ മുൻപ് നിലകൊണ്ട ആളാണ് ഇപ്പോൾ ഇത് പറയുന്നതെന്നും, വസ്തുതാവിരുദ്ധമായ കാര്യങ്ങൾ സംസാരിച്ച് മുഖ്യമന്ത്രി സ്വയം പരിഹാസ്യനാകുകയാണെന്നും പിണറായി വ്യക്തമാക്കി.