പുരുഷന്മാർ മോഹിനിയാട്ടം കളിക്കുന്നത് അരോചകമാണെന്നും ഇയാൾക്ക് കാക്കയുടെ നിറമാണെന്നുമായിരുന്നു സത്യഭാമയുടെ വാക്കുകൾ.

തിരുവനന്തപുരം: നർത്തകനായ ഡോക്ടർ ആർഎൽവി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ വിദ്വേഷ പരാമർശത്തിൽ കടുത്ത ഭാഷയിൽ മറുപടി പറഞ്ഞ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സത്യഭാമയുടെ വാക്കുകൾ ഗോത്ര വർഗ്ഗകാല മനസ്സിന്റെ പിന്തുടർച്ചയുടെ ഫലമെന്നും കേരളത്തെ പിന്നോട്ട് നടത്താൻ ഒരു വർണ്ണ വെറിക്കും കഴിയില്ലെന്നും മന്ത്രി പ്രതികരിച്ചു. താൻ ആർ എൽ വി രാമകൃഷ്ണനൊപ്പമാണ്. കറുപ്പ് തനിക്ക് ചുവപ്പിനോളം പ്രിയപ്പെട്ടതാണെന്നും മന്ത്രി ശിവൻകുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പിലും മന്ത്രി തന്റെ പ്രതികരണം അറിയിച്ചിരുന്നു. 'കറുപ്പ് താന്‍ എനക്ക് പുടിച്ച കളറ്...' എന്നാണ് വി ശിവൻകുട്ടി ഫേസ്ബുക്കില്‍ കുറിച്ചത്. യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സത്യഭാമയുടെ വിവാദ പരാമർശം. പുരുഷന്മാർ മോഹിനിയാട്ടം കളിക്കുന്നത് അരോചകമാണെന്നും ഇയാൾക്ക് കാക്കയുടെ നിറമാണെന്നുമായിരുന്നു സത്യഭാമയുടെ വാക്കുകൾ.

സത്യഭാമയുടെ വിവാദ പരാമര്‍ശം:
"മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കേണ്ടത്. ഇയാള് കണ്ട് കഴിഞ്ഞാല്‍ കാക്കയുടെ നിറം. എല്ലാം കൊണ്ടും കാല് ഇങ്ങനെ അകത്തി വെച്ച് കളിക്കുന്ന കലാരൂപമാണ് മോഹിനിയാട്ടം. ഒരു പുരുഷൻ ഇങ്ങനെ കാല് കവച്ചുവെച്ച് മോഹിനിയാട്ടം കളിക്കുകയെന്ന് പറഞ്ഞാല്‍ ഇതുപോലെയൊരു അരോചകത്വം വേറെയില്ല. എന്‍റെ അഭിപ്രായത്തില്‍ ആണ്‍പിള്ളേര്‍ക്ക് മോഹിനിയാട്ടം ചേരുകയാണെങ്കില്‍ തന്നെ അവര്‍ക്ക് അതുപോലെ സൗന്ദര്യം വേണം. ആണ്‍പിള്ളേരില്‍ നല്ല സൗന്ദര്യം ഉള്ളവര്‍ ഇല്ലേ? ഇവനെ കണ്ടാല്‍ ദൈവം പോലും, പെറ്റ തള്ള പോലും സഹിക്കില്ല"- ഇതായിരുന്നു വീഡിയോയിലെ കലാമണ്ഡലം സത്യഭാമയുടെ വിവാദ പ്രസ്താവന. യൂട്യൂബ് ചാനലില്‍ നടത്തിയ അഭിമുഖത്തിലാണ് വിവാദ പരാമര്‍ശം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്