Asianet News MalayalamAsianet News Malayalam

മതനിന്ദ കേസ്; സ്വപ്നയുടെ അഭിഭാഷകൻ അഡ്വ. കൃഷ്ണരാജിന് മുൻകൂർ ജാമ്യം

കെഎസ്ആർടിസി ഡ്രൈവറെ വേഷത്തിന്‍റെ പേരിൽ സമൂഹമാധ്യമത്തിലൂടെ മതപരമായി അധിക്ഷേപിച്ചെന്ന് ആരോപിച്ചുള്ള കേസിലാണ് മുൻകൂർ ജാമ്യം ലഭിച്ചിരിക്കുന്നത്.

blasphemy case swapna suresh lawyer got anticipatory bail
Author
Kochi, First Published Jul 2, 2022, 5:28 PM IST

കൊച്ചി: മതനിന്ദ ആരോപിച്ചുള്ള കേസില്‍ സ്വപ്ന സുരേഷിന്‍റെ അഭിഭാഷകൻ അഡ്വ. കൃഷ്ണരാജിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്. കെഎസ്ആർടിസി ഡ്രൈവറെ വേഷത്തിന്‍റെ പേരിൽ സമൂഹമാധ്യമത്തിലൂടെ മതപരമായി അധിക്ഷേപിച്ചെന്ന് ആരോപിച്ചുള്ള കേസിലാണ് മുൻകൂർ ജാമ്യം ലഭിച്ചിരിക്കുന്നത്. ജാമ്യവ്യവസ്ഥകൾ എന്തൊക്കെയാണെന്ന് അറിവായിട്ടില്ല. മതപരമായ അധിക്ഷേപം നടത്തിയിട്ടില്ലെന്നും സമൂഹമാധ്യമത്തിലെ പോസ്റ്റിലൂടെ താലിബാനിസം ചൂണ്ടിക്കാണിക്കുകയാണ് ചെയ്തത് എന്നുമായിരുന്നു കോടതിയിൽ അഡ്വ. കൃഷ്ണരാജിന്‍റെ വാദം.

മതനിന്ദ നടത്തിയെന്ന കുറ്റം ചുമത്തി എറണാകുളം സെൻട്രൽ പൊലീസാണ് അഭിഭാഷകനായ അഡ്വ. കൃഷ്ണരാജിനെതിരെ കേസെടുത്തത്. കെഎസ്ആർടിസി ബസ് ഡ്രൈവറെ അപകീർത്തിപ്പെടുത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ഇട്ട സംഭവത്തിലാണ് കേസെടുത്തത്. മതവിദ്വേഷം ഉണ്ടാക്കാൻ ശ്രമിച്ചു എന്ന കുറ്റം ചുമത്തിയിട്ടുണ്ട്. തൃശ്ശൂർ സ്വദേശിയായ അഭിഭാഷകൻ അനൂപ് വി ആർ നൽകിയ പരാതിയിലാണ് കേസെടുത്തത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് ഇ മെയിൽ വഴി ലഭിച്ച പരാതിയിലാണ് കേസ്.

Ernakulam Central Police registered a case against Swapna's lawyer, alleging non-bailable offenses

മതചിഹ്നങ്ങളും വേഷവും ധരിച്ച് കെഎസ്ആർടിസി ഡ്രൈവർ ബസ് ഓടിച്ചുവെന്ന് തെറ്റിദ്ധാരണ പരത്തുന്ന ഫോട്ടോ അഡ്വ. കൃഷ്ണരാജ് ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. 'ഹൂറികളെ തേടിയുള്ള തീർത്ഥ യാത്ര. കൊണ്ടോട്ടിയിൽ നിന്നും കാബൂളിലേക്ക് പിണറായി സർക്കാർ ഒരുക്കിയ പ്രത്യേക സർവീസ്. ആട് മേക്കാൻ താല്പര്യം ഉള്ള ആർക്കും കേറാം. സർക്കാരിന്റെ ഒന്നാം വാർഷിക ആഘോഷം പ്രമാണിച്ചു പ്രവേശനം സൗജന്യം'. ഈ തലക്കെട്ടോടെയെയായിരുന്നു അഡ്വ. കൃഷ്ണ രാജ് ഫോട്ടോ പങ്കുവച്ചത്. പിന്നീട് തിരുവനന്തപുരം തമ്പാനൂരിൽനിന്നു മാവേലിക്കരയിലേക്ക് പോകുന്ന ബസിൽ നിന്നെടുത്ത ചിത്രമാണിതെന്ന അവകാശവാദത്തോടെ ചിത്രം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾ പ്രചാരണം ഏറ്റെടുത്തിരുന്നു.

യാഥാർത്ഥ്യം ഇതായിരുന്നു

ഇതിനുപിന്നാലെയാണ് കെഎസ്ആർടിസി വിശദീകരണവുമായി രംഗത്തെത്തിയത്.  ചിത്രത്തിൽ കാണുന്ന ഡ്രൈവർ മവേലിക്കര ഡിപ്പോയിൽ ജോലി ചെയ്യുന്നയാളാണെന്ന് കെഎസ്ആർടിസി വ്യക്തമാക്കി. പ്രചാരണം അടിസ്ഥാനരഹിതമാണെന്നും  ഡ്രൈവർമാരുടെ യൂണിഫോമായ ആകാശനീല ഷർട്ടും കടുംനീല പാന്റുമാണ് അദ്ദേഹം ധരിച്ചിരുന്നതെന്നും കെഎസ്ആർടിസി മാവേരിക്കര ഡിപ്പോയിലെ അധികൃതർ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞിരുന്നു. ചിത്രം പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപെട്ടപ്പോൾ തന്നെ കെഎസ്ആർടിസി  വിജിലൻസ് അന്വേഷണം നടത്തി സത്യാവസ്ഥ വെളിപ്പെടുത്തി. സംഭവത്തിൽ  കെഎസ്ആർടിസി. വിജിലൻസിന്റെ അന്വേഷണത്തിൽ  ഡ്രൈവർ പി. എച്ച് അഷറഫ്  കൃത്യമായി യൂണിഫോം തന്നെ ധരിച്ച് ജോലി ചെയ്തതായി കണ്ടെത്തിയിരുന്നു. 

ഷർട്ടിൽ അഴുക്ക് പറ്റാതിരിക്കാനാണ് തോർത്ത് മുണ്ട് മുകളിൽ വെച്ചതെന്നും കെഎസ്ആർടിസി അധികൃതർ  പറഞ്ഞു.  പ്രചരിക്കുന്ന ചിത്രങ്ങളുടെ വ്യക്തതക്കുറവ് കൊണ്ടോ അദ്ദേഹത്തിന്റെ ഷർട്ടിന്റെ നിറം മങ്ങിയത് കൊണ്ടോ അത് വെള്ള നിറംപോലെ തോന്നും.  ഫുൾ സ്ലീവ് ഷർട്ടാണ് ധരിച്ചിരുന്നത്. കൂടാതെ കാലിനു മുകളിലായി ഒരു തോർത്തും വിരിച്ചിരുന്നു. ഇക്കാരണങ്ങളാകാം തെറ്റിദ്ധാരണ പരത്തിയതെന്നും കെഎസ്ആർടിസി അധികൃതർ വിശദമാക്കി. കെഎസ്ആർടിസി ഡ്രൈവർമാരുടെ യൂണിഫോമിന്റെ സർക്കുലറിൽ ആകാശനീല ഷർട്ട് ധരിക്കണമെന്ന് മാത്രമേ പറഞ്ഞിട്ടുള്ളു. ഹാഫ് സ്ലീവോ ഫുൾ സ്ലീവോ ധരിക്കാം. മതപരമായ ചിഹ്നങ്ങൾ ധരിക്കുന്നതിന് വിലക്കില്ല. ചിലർ ചിത്രം ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും കെഎസ്ആർടിസി വ്യക്തമാക്കിയിരുന്നു.

Follow Us:
Download App:
  • android
  • ios