വത്തിക്കാൻ/കുഴിക്കാട്ടുശ്ശേരി: വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ ഇന്ന് വിശുദ്ധയായി പ്രഖ്യാപിക്കും. വത്തിക്കാനിൽ നടക്കുന്ന ചടങ്ങിൽ ഫ്രാൻസിസ് മാർപാപ്പയാണ് മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നത്. പ്രഖ്യാപനം ആഘോഷമാക്കാൻ തൃശ്ശൂർ കുഴിക്കാട്ടുശ്ശേരിയിലെ തീർത്ഥാടന കേന്ദ്രത്തിലും ,ജന്മനാടായ പുത്തൻചിറയിലും ഒരുക്കങ്ങൾ പൂർത്തിയായി

ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30 നാണ് മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുക. ചടങ്ങിന് നേരിട്ട് സാക്ഷ്യം വഹിയ്ക്കാൻ ഭാരത കത്തോലിക്കാ സഭയിലെ വൈദികരും സന്യസ്ഥരും വിശ്വാസികളും ,ചിറമ്മൽ മങ്കിടിയാൻ കുടുംബാംഗങ്ങളും വത്തിക്കാനിൽ എത്തിക്കഴിഞ്ഞു. മറിയം ത്രേസ്യയുടെ തിരുശ്ശേഷിപ്പുകൾ പ്രത്യേകം തയ്യാറാക്കിയ അരുളിക്കയിലാക്കി അൾത്താരയിൽ പ്രതിഷ്ഠിക്കും. പിന്നീട് ഫ്രാൻസിസ് മാർപാപ്പയുടെ കാർമ്മികത്വത്തിൽ മറിയം ത്രേസ്യയുൾപ്പെടെ അഞ്ച് വാഴ്ത്തപ്പെട്ടവരെ വിശുദ്ധരാക്കും.

കുഴിക്കാട്ടുശ്ശേരിയിലെ മറിയം ത്രേസ്യ തീർത്ഥകേന്ദ്രത്തിൽ പ്രത്യേക പ്രാർത്ഥനയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. രാവിലെ പ്രത്യേക കുർബാനയ്ക്ക് ശേഷം വാഴ്ത്തപ്പെട്ടവർ വിശുദ്ധരാക്കുമ്പോൾ ധരിപ്പിക്കുന്ന പ്രത്യേക കിരീടം തിരുരൂപത്തിന്റെ ശിരസ്സിൽ അണിയിക്കും. തുടർന്ന് സ്വരൂപം വഹിച്ച് ദേവാലയം ചുറ്റിയുള്ള പ്രദക്ഷണം നടക്കും. ഊട്ടുനേർച്ചയുമുണ്ടാകും.വിശുദ്ധ പദവി പ്രഖ്യാപനം തൽസമയം കാണാൻ വിപുലമായ സൗകര്യമാണ് കുഴിക്കാട്ടുശ്ശേരിയിൽ ഒരുക്കിയിരിക്കുന്നത്. നൂറ് കണക്കിന് വിശ്വാസികളാണ് ദിവസവും തീർത്ഥകേന്ദ്രത്തിലെ മറിയം ത്രേസ്യയുടെ കബറിടം സന്ദർശിക്കാൻ എത്തുന്ത്

മറിയം ത്രേസ്യയെ വിശുദ്ധയായി ഉയര്‍ത്തുന്ന ദിവസം കേരളത്തിന് സന്തോഷമുള്ള ദിനമാണെന്നും ചടങ്ങുകളോട് അനുബന്ധിച്ച്,
വത്തിക്കാനില്‍ മാര്‍പ്പാപ്പയുടെ പ്രത്യേക സന്ദേശവുമുണ്ടാകുമെന്നും വത്തിക്കാൻ റേഡിയോ പ്രതിനിധി ഫാദര്‍ വില്യം നെല്ലിക്കൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വാഴ്ത്തപ്പെട്ട മറിയം ത്രേസ്യക്കൊപ്പം മറ്റ് നാല് പേരെയും മാർപ്പാപ്പ ഇന്ന് വിശുദ്ധ പദവിയിലേക്ക് ഉയർത്തും. കർദിനാൾ ന്യൂ മാൻ കർദിനാളും വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടുന്നുണ്ട്. കർദിനാൾ തിരുസംഘത്തിന്റെ പ്രസിഡന്റ്, മറ്റ് അനേകം കർദിനാൾമാർ, സീറോ മലബാർ സഭയിൽ നിന്ന് മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അടക്കം നാൽപ്പത് ബിഷപ്പുമാർ തുടങ്ങി നിരവധി പേ‍ർ ചടങ്ങിന് സാക്ഷ്യം വഹിക്കും. സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ  ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയോടെയാണ് ചടങ്ങ് തുടങ്ങുന്നത്. 

മറിയം ത്രേസ്യയുടെ മാതൃരൂപതയായ ഇരിങ്ങാലക്കുടയുടെ രൂപതാ അദ്ധ്യക്ഷൻ മാർ പോളി കണ്ണൂക്കാടനും തിരുകർമ്മങ്ങളിൽ പങ്കെടുക്കും.കൂടാതെ വൈദികർ, ഹോളി ഫാമിലി കോൺഗ്രിഗേഷനിൽ നിന്നടക്കമുള്ള നിരവധിയായ സന്യസ്തർ , മലയാളി വിശ്വാസിസമൂഹം തുടങ്ങി ആയിരക്കണക്കിന് പേർ ചടങ്ങ് കാണാൻ റോമിലെത്തിയിട്ടുണ്ട്. റോമിന്റെ വീഥികളിലെങ്ങും പരിചിതമായ മലയാളികളുടെ മുഖങ്ങൾ കാണാനാകുന്നുണ്ടെന്നും ഇത് കൊച്ചുകേരളത്തിന് അഭിമാനമുഹൂർത്തമാണെന്നും  ഫാ‍ദർ. കുര്യാക്കോസ് പാലക്കീൽ വത്തിക്കാനിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നത് അഭിമാനകരമായ മുഹൂർത്തമാണെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരിയും പറഞ്ഞു. മറിയം ത്രേസ്യയുടെ പ്രവർത്തികൾ ലോകത്തിന് മാതൃകയാണെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.

വൈദികരെ കൂടാതെ ടി എൻ പ്രതാപൻ, മുൻ സുപ്രീം കോടതി ജസ്റ്റിസ് കുര്യൻ ജോസഫ്, കേന്ദ്രമന്ത്രി വി മുരളീധരൻ തുടങ്ങി കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ മേഖലയിൽ നിന്നുള്ളവരും വത്തിക്കാനിലെത്തിയിട്ടുണ്ട്. റോമിൽ എത്തിയ ഇന്ത്യൻ സംഘത്തിന്റെ തലവൻ കേന്ദ്ര സഹമന്ത്രി വി. മുരളീധരനാണ്. മാർപാപ്പയുമായി മുരളീധരൻ ഇന്ന് കൂടിക്കാഴ്ച നടത്തും. മറിയം ത്രേസ്യയെ വിശുദ്ധയാക്കുന്ന ചടങ്ങിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി മലയാളികൾ എത്തിച്ചേർന്നതായി വി. മുരളീധരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ ജീവിതവഴിയേ...

തൃശ്ശൂർ പുത്തൻചിറയില്‍ ജനിച്ച മറിയം ത്രേസ്യ ഇന്ത്യയില്‍ നിന്നുളള അഞ്ചാമത്തെ വിശുദ്ധയാണ്. യാതനകൾ അനുഭവിച്ച കുടുംബങ്ങള്‍ക്കു വേണ്ടി അക്ഷീണം പ്രയത്നിച്ച ആത്മീയ ജീവിതമായിരുന്നു മറിയം ത്രേസ്യയുടേത്. 1973 ൽ ദൈവദാസി പ്രഖ്യാപിച്ച മറിയം ത്രേസ്യയെ 2000 ഏപ്രില്‍ ഒമ്പതിനാണ് വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചത്. 

1876 ഏപ്രില്‍ 26ന് തൃശൂര്‍ പുത്തൻചിറയിലെ ചിറമ്മല്‍ തോമ-താണ്ട ദമ്പതികളുടെ മൂന്നാമത്തെ മകളായാണ് ത്രേസ്യയുടെ ജനനം. കണ്ണിലെ കൃഷ്ണമണി പോലെ ദൈവം ഓരോ വ്യക്തിയെയും സ്നേഹിക്കുന്നുണ്ടെന്ന് വളരെ ചെറുപ്പത്തിലേ ത്രേസ്യ മനസ്സിലാക്കി. ഇതോടെ മനുഷ്യരോട് അളവറ്റ കരുണ കാണിക്കാനും തന്നാലാവും വിധം സഹായിക്കാനും ത്രേസ്യ മുൻകയ്യെടുത്തു.1904 ഡിസംബര്‍ എട്ടിന് മറിയം ത്രേസ്യ എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങിയത്. സഹായം ആവശ്യമുളള കുടുംബങ്ങളെ കണ്ടെത്തി മറിയം ത്രേസ്യയും കൂട്ടുകാരികളും വീടുകളിൽ കയറിയിറങ്ങി സഹായിച്ചു.

സ്ത്രീകള്‍ പുറത്തിറങ്ങാത്ത കാലത്ത് ഇത് വലിയ തരത്തിലുളള വിമര്‍ശനത്തിന് ഇടയാക്കി. 1903ൽ ആണ് ന്യാസിയാകാൻ താൽപര്യമുണ്ടെന്നും ഏകാന്തമായി പ്രാര്‍ത്ഥിക്കാൻ ഒരു ഭവനം വേണമെന്നുളള ആവശ്യവുമായി മറിയം ത്രേസ്യ ഇടവക വികാരിയായിരുന്ന ഫാദര്‍ ജോസഫ് വിതയത്തിലിനെ സമീപിച്ചു. 1913ല്‍ സഭയുടെ അനുമതിയോടെ തൃശൂര്‍ പുത്തൻചിറയില്‍ ഏകാന്തഭവനം സ്ഥാപിച്ചു. പിന്നീട് 1914 മെയ് 14ന് ഹോളി ഫാമിലി സന്യാസിനി സഭ സ്ഥാപിച്ചു.

മറിയം ത്രേസ്യയുടെ ലാളിത്യവും വിനയവും നിരവധി പെണ്‍കുട്ടികളെ സന്യാസിനീസഭയിലേക്ക് ആകര്‍ഷിച്ചു.1926 മേയ് 10ന് തിരുകര്‍മ്മങ്ങലില്‍ പങ്കുകൊള്ളുന്നതിനിെട മറിയം ത്രേസ്യയുടെ കാലിലേക്ക് ക്രാസിക്കാല് വീണു മുറിവേറ്റു.പിന്നീട് ആ മുറിവ് മരണത്തിലേക്ക് നയിച്ചു. 1926 ഡിസംബര്‍ 8ന് കുഴിക്കാട്ടുശേരിയിലെ മഠത്തില്‍ ഈ ലോകത്തോട് വിടപറയുമ്മപോൾ മറിയം ത്രേസ്യക്ക് 50  വയസായിരുന്നു. 

മറിയം ത്രേസ്യയുടെ കബറിടത്തില്‍  പ്രാർത്ഥിക്കുന്നവര്‍ക്ക് ധാരാളം അത്ഭുതങ്ങള്‍ നടക്കുന്നുണ്ടെന്ന അറിയിപ്പിനെ തുടര്‍ന്ന് 1981 ന് മാര്‍ ജോർജ് കുണ്ടുകുളത്തിൻറെ നേതൃത്വത്തില്‍ കല്ലറ തുറന്നു. അതില്‍ ഏതാനും പൂജ്യാവശിഷ്ടങ്ങളുണ്ടെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് 1973 ഒക്ടോബര്‍ 5ന് ദൈവദാസി മറിയം ത്രേസ്യയായി. തുടർന്ന് 1999 ജൂണ്‍ 28ന് ധന്യമറിയം ത്രേസ്യയായി നാമകരണം ചെയ്തു. ഇരുകാലുകളിലും മുടന്തുളള അമ്മാടം സ്വദേശി മാത്യുവിനെ സുഖപ്പെടുത്തിയതിലൂടെ 2000 ഏപ്രില്‍ 9ന് വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. ഒടുവിൽ തൃശൂര്‍ പെരിഞ്ചേരിയിലെ നവജാതശിശുവിന്റെ ജീവൻ രക്ഷിച്ച അത്ഭുതപ്രവൃത്തിയിലൂടെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയരുകയാണ് മറിയം ത്രേസ്യ.