എസ്ഐആര്‍ ജോലിക്കിടെ ബിഎൽഒ കുഴഞ്ഞുവീണു. കാസർകോട് ജില്ലയിലെ ബളാൽ പഞ്ചായത്തിലെ മൈക്കയം അങ്കണ്‍വാടി ടീച്ചർ ശ്രീജ ആണ് ഇന്ന് രാവിലെ കുഴഞ്ഞ് വീണത്. കുഴഞ്ഞുവീണ ശ്രീജയെ കൊന്നക്കാടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.

കാസര്‍കോട്: എസ്ഐആര്‍ ജോലിക്കിടെ ബിഎൽഒ കുഴഞ്ഞുവീണു. കാസർകോട് ജില്ലയിലെ ബളാൽ പഞ്ചായത്തിലെ മൈക്കയം അങ്കണ്‍വാടി ടീച്ചർ ശ്രീജ ആണ് ഇന്ന് രാവിലെ കുഴഞ്ഞ് വീണത്. കുഴഞ്ഞുവീണ ശ്രീജയെ കൊന്നക്കാടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. ശ്രീജയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. ബിഎൽഒമാര്‍ക്ക് അമിത ജോലിഭാരമെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് കാസര്‍കോട് ബിഎൽഒ കുഴഞ്ഞുവീണ സംഭവമുണ്ടാകുന്നത്. കണ്ണൂരിൽ ജോലി സമ്മര്‍ദത്തെതുടര്‍ന്ന് ബിഎൽഒ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധം തുടരുകയാണ്. എസ്ഐആര്‍ നടപടികളുടെ പേരിൽ ജീവനക്കാരെ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് കോഴിക്കോട് കളക്ടറേറ്റിൽ രാവിലെ ബിഎൽ ഒമാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

എൻജിഒ അസോസിയേഷന്‍റെ നേത്യത്വത്തിലായിരുന്നു പ്രതിഷേധം. കളക്ടറുടെ ചേംബറിന് മുന്നിൽ കുത്തിയിരുന്നാണ് പ്രതിഷേധിച്ചത്. എസ്ഐആര്‍ നടപടികൾ നീട്ടിവെക്കണമെന്ന് എൻജിഒ അസോസിയേഷൻ ആവശ്യപ്പെട്ടു. നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടെന്നും എൻജിഒ അസോസിയേഷൻ വ്യക്തമാക്കി. ഇതിനിടെ, ജോലി കൃത്യമായി നിർവഹിച്ചില്ലെന്നാരോപിച്ച് കോഴിക്കോട്, ബിഎൽഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയ വിവരവും പുറത്തുവന്നു. പിഡബ്ല്യുഡിയിലെ സീനിയർ ക്ലർക്കായ അസ്ലമിനാണ് തെരഞ്ഞെടുപ്പ് ചുമതലയുള്ള ഡെപ്യൂട്ടി കളക്ടർ ഗോപിക ഉദയൻ നോട്ടീസ് അയച്ചത്. 

എന്യുമറേഷൻ ഫോമുകൾ വിതരണം ചെയ്തതിലെ കുറവ് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. ചേവായൂർ ഡിവിഷനിലെ 96 ആം ബൂത്തിന്‍റെ ചുമതലയാണ് അസ്ലമിന് നൽകിയത്. ബൂത്തിൽ 984 വോട്ടർമാരിൽ 390 പേർക്ക് മാത്രമാണ് ഫോം നൽകിയതെന്നാണ് ആരോപണം.ഏൽപ്പിച്ച ജോലി നിരുത്തരവാദിത്വമായി കൈകാര്യം ചെയ്തെന്നും നോട്ടീസിൽ ആരോപണമുണ്ട്. അതേസമയം, ബിഎൽഒ ആരോപണം തള്ളി. അഞ്ഞൂറിൽ അധികം ആളുകൾക്ക് ഇതുവരെ എന്യുമറേഷൻ ഫോം നൽകിയെന്നും ഡാറ്റ കൃത്യമായി ലഭിക്കാത്തത് സാങ്കേതിക തകരാർ കാരണമാകാമെന്നും അസ്ലം പറഞ്ഞു.

YouTube video player