Asianet News MalayalamAsianet News Malayalam

പമ്പ, കക്കി ആനത്തോട് അണക്കെട്ടുകളിൽ ബ്ലു അലർട്ട് പ്രഖ്യാപിച്ചു

റാന്നി, കേഴഞ്ചേരി, ആറന്മുള പ്രദേശങ്ങളിലെ റോഡുകളിലേയും വീടുകളിലേയും വെള്ളം ഇറങ്ങിത്തുടങ്ങി. ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ പലയിടത്തും വലിയ വെള്ളക്കെട്ട് തുടരുകയാണ്.

Blue alert Declared in Pamba and Kakki Dams
Author
Pamba, First Published Aug 5, 2022, 11:08 PM IST

പത്തനംതിട്ട: പത്തനംതിട്ടയിലെ പമ്പ, കക്കി ആനത്തോട് അണക്കെട്ടുകളിൽ ബ്ലു അലർട്ട് പ്രഖ്യാപിച്ചു. അണക്കെട്ടുകളിലേക്ക് നീരൊഴുക്ക് കൂടിയതോടെ ജലനിരപ്പ് വേഗത്തിൽ ഉയരുകയാണ്. പമ്പ, അച്ചൻകോവിൽ, മണിമല നദികളിൽ കഴിഞ്ഞ ദിവസത്തേക്കാൾ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. 

റാന്നി, കേഴഞ്ചേരി, ആറന്മുള പ്രദേശങ്ങളിലെ റോഡുകളിലേയും വീടുകളിലേയും വെള്ളം ഇറങ്ങിത്തുടങ്ങി. ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ പലയിടത്തും വലിയ വെള്ളക്കെട്ട് തുടരുകയാണ്. തിരുവല്ല താലൂക്കിൽ കൂടുതൽ ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. ആലപ്പുഴ ജില്ലയിലെ തലവടി അടക്കമുള്ള അപ്പർ കുട്ടനാടൻ മേഖലയിലും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലാണ്. 

അമ്പലപ്പുഴ തിരുവല്ല റോഡിൽ പലയിടങ്ങളിലായ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. കിഴക്കൻ വെള്ളം വന്നതോടെ കുട്ടനാട്ടിലും വെള്ളം കൂടുകയാണ്. തോട്ടപ്പള്ളിയിലെ ഷട്ടറുകൾ തുറന്നതോടെ വെള്ളം വേഗത്തിൽ കടലിലേക്ക് വലിയുന്നുണ്ട്. 

ഡാമുകളുടെ ജില്ലയായ ഇടുക്കിയിൽ അഞ്ച് അണക്കെട്ടുകളിൽ നിലവിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പൊന്മുടി, ലോവർ പെരിയാർ, കല്ലാർകുട്ടി, ഇരട്ടയാർ, കുണ്ടള ഡാമുകളിൽ ആണ്  റെഡ് അലേർട്ട് നിലനിൽക്കുന്നത്. ഇടുക്കി ഡാമിൽ രാത്രിയോടെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കേരളത്തിന് എന്നും ആശങ്കയാവുന്ന മുല്ലപ്പെരിയാറിൽ മൂന്ന് ഷട്ടറുകൾ ഇന്ന് തുറന്നു. ഇടുക്കിയിലെ ഡാമുകളിൽ പലതും തുറക്കാൻ സാധ്യതയുള്ളതിനാൽ പെരിയാർ തീരത്ത് ജാഗ്രത തുടരുന്നുണ്ട്. നിലവിൽ ആശങ്ക വേണ്ടെന്നാണ്  അധികൃതർ പറയുന്നത്.

തൃശൂരിൽ പെരിങ്ങൽക്കുത്ത്, ഷോളയാർ അണക്കെട്ടുകളിൽ ഓറഞ്ച് അലർട്ടാണ് നിലനിൽക്കുന്നത്. പറമ്പിക്കുളത്തു നിന്ന് തുറന്നുവിടുന്ന വെള്ളത്തിൻ്റെ അളവ് കുറച്ചതോടെ ചാലക്കുടിയിൽ ആശങ്ക ഒഴിയുകയാണ്. പൊരിങ്ങൽക്കുത്ത്, പീച്ചി, ചിമ്മിനി, വാഴാനി, മലമ്പുഴ ഡാമുകളിൽ അപകടനിലയില്ല. ചാലക്കുടിയും ഭാരതപ്പുഴയും ഇപ്പോഴും അപകട നിലയ്ക്ക് താഴെയാണ്. നദീതീരങ്ങളിൽ ജാഗ്രത തുടരുന്നുണ്ട്. 

പാലക്കാട് ജില്ലയിലെ മലമ്പുഴ ഡാമിൽ നാല് ഷട്ടറുകൾ ഇന്ന് തുറന്നു. കാഞ്ഞിരപ്പുഴയിൽ മൂന്നു ഷട്ടറുകൾ തുറന്നിരിക്കുകയാണ്. മാമംഗലം ഡാമിൽ ആറ് സ്പിൽവേ ഷട്ടറുകളും തുറന്നിരിക്കുന്നു. പോത്തുണ്ടി ഡാമിന്റെ മൂന്ന് സ്പിൽവേ ഷട്ടറുകൾ തുറന്നിരിക്കുന്നു. തമിഴ്‍നാട് ആളിയാർ ഡാമിൻറെ ഏഴ് ഷട്ടറുകൾ തുറന്നു. മീങ്കര, മംഗലം ഡാമുകളിൽ ഓറഞ്ച് അലേർട്ട് ആണ്. എവിടെയും അപകടസാഹചര്യമില്ല, എല്ലായിടത്തും ജാഗ്രത തുടരുകയാണ്. 

Follow Us:
Download App:
  • android
  • ios