ടി20 ലോകകപ്പിലെ മികച്ച പ്രകടനവും രാജസ്ഥാന്‍ റോയല്‍സിനെ നയിച്ച പരിചയസമ്പത്തും സഞ്ജു സാംസണെ ഇന്ത്യന്‍ ടീമിന്റെ അടുത്ത ടി20 ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ കാരണമാകുന്നു. 

മുംബൈ: ടി20 ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനത്തോടെ ഇന്ത്യന്‍ ഓപ്പണണ്‍ സഞ്ജു സാംസണിന്റെ ലെവല്‍ തന്നെ മാറി. ഇന്ത്യന്‍ ടീം ഫൈനലില്‍ പ്രവേശിക്കുന്നതില്‍ സഞ്ജുവിന്റെ പ്രകടനങ്ങള്‍ക്ക് വലിയ പങ്കുണ്ടായിരുന്നു. സഞ്ജു സാംസണ്‍ ഭാവിയില്‍ ഇന്ത്യന്‍ ടി20 ടീമിന്റെ ക്യാപ്റ്റനാകാനുള്ള സാധ്യതകളെക്കുറിച്ച് ക്രിക്കറ്റ് നിരീക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തിയാല്‍ അതിനുള്ള സാധ്യതകള്‍ തള്ളികളയാനാവില്ല. ലോകകപ്പിന് ശേഷം 35 വയസുകാരനായ നിലവിലെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് നായകസ്ഥാനം ഒഴിയാനുള്ള സാധ്യത കൂടുതലാണ്. അദ്ദേഹത്തിന് സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് ചെയ്യാന്‍ സാധിക്കുന്നില്ലെന്നുള്ളത് മറ്റൊരു സത്യം.

സഞ്ജുവിനെ തുണയ്ക്കുന്ന ഘടകങ്ങള്‍

രാജസ്ഥാന്‍ റോയല്‍സിനെ ദീര്‍ഘകാലമായി നയിച്ച സഞ്ജു, ഒരു മികച്ച ക്യാപ്റ്റനാണെന്ന് തെളിയിച്ചു കഴിഞ്ഞു. 67 മത്സരങ്ങളില്‍ അദ്ദേഹം രാജസ്ഥാന്‍ റോയല്‍സിനെ നയിച്ചു. ഇതില്‍ 33 വിജയങ്ങള്‍ സ്വന്തമാക്കി. 2022ല്‍ സഞ്ജുവിന് കീഴില്‍ 10 മത്സരങ്ങളില്‍ രാജസ്ഥാന്‍ ജയിച്ചു. ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ജയങ്ങള്‍. രാജസ്ഥാനെ ഏറ്റവും കൂടുതല്‍ തവണ വിജയങ്ങളിലേക്ക് നയിച്ച ക്യാപ്റ്റനും സഞ്ജു തന്നെ. ടീമിനെ ഫൈനലിലെത്തിക്കാനും സമ്മര്‍ദ്ദഘട്ടങ്ങളില്‍ ശാന്തമായി തീരുമാനങ്ങളെടുക്കാനും സഞ്ജുവിന് പ്രത്യേക കഴിവുണ്ട്.

സീനിയര്‍ താരങ്ങളുടെ വിരമിക്കലും പ്രധാന ഘടകമാണ്. രോഹിത് ശര്‍മ വിരമിച്ചതോടെയാണ് സൂര്യകുമാര്‍ യാദവിനെ തേടി നായകസ്ഥാനെത്തിയത്. മികച്ച ഫോമില്‍ നില്‍ക്കുമ്പോഴാണ് സൂര്യയെ ക്യാപ്റ്റനാക്കുന്നത്. അതുപോലൊരു സാഹചര്യമാണ് സഞ്ജുവിനുള്ളത്. അനുഭവസമ്പത്തിന്റെ കാര്യത്തില്‍ സഞ്ജു ഏറെ മുന്നിലാണ്. ഈ ലോകകപ്പിലെ മിന്നും പ്രകടനം ടീമിലെ അദ്ദേഹത്തിന്റെ സ്ഥാനം ഭദ്രമാക്കിയിരിക്കുകയാണ്. സെമിയിലെ 89 റണ്‍സും നിര്‍ണ്ണായക ഘട്ടങ്ങളിലെ മാച്ച് വിന്നിംഗ് ഇന്നിംഗ്സുകളും അദ്ദേഹത്തിന് വലിയ സ്വീകാര്യത നല്‍കുന്നു. സഞ്ജുവിന്റെ കഴിവില്‍ വലിയ വിശ്വാസമര്‍പ്പിക്കുന്ന കോച്ചാണ് ഗൗതം ഗംഭീര്‍. സഞ്ജു ഒരു മാച്ച് വിന്നര്‍ ആണെന്നത് ടീം മാനേജ്മെന്റ് ഇപ്പോള്‍ ഗൗരവത്തോടെ കാണുന്നുണ്ട്. ഗംഭീറിന്റെ പിന്തുണ വലുതാണ്.

എന്നാല്‍ വെല്ലുവിളികളും സഞ്ജുവിനുണ്ട്. നിലവില്‍ ശുഭ്മാന്‍ ഗില്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ക്യാപ്റ്റന്‍സി നിരയിലുണ്ട്. ഗില്ലിനെ ഭാവി നായകനായി ബിസിസിഐ വളര്‍ത്തിക്കൊണ്ടുവരുന്നു എന്നതും സഞ്ജുവിന് വെല്ലുവിളിയാണ്. ലോകകപ്പിന് ശേഷം ഗില്‍ ടീമില്‍ തിരിച്ചെത്തുമെന്നും വാര്‍ത്തകളുണ്ട്. സഞ്ജുവിന്റെ പ്രായവും ക്യാപ്റ്റന്‍സി തീരുമാനിക്കുമ്പോള്‍ പരിഗണിച്ചേക്കാം. എങ്കിലും ചെറിയ കാലത്തേക്കെങ്കിലും സഞ്ജുവിനെ ക്യാപ്റ്റനായി നിയമിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

ചുരുക്കത്തില്‍, ടീമിലെ സ്ഥാനം സ്ഥിരമാക്കാന്‍ സാധിച്ചാല്‍, സഞ്ജുവിനെപ്പോലൊരു തന്ത്രശാലിയായ ക്യാപ്റ്റനെ ബിസിസിഐ പരിഗണിക്കാന്‍ വലിയ സാധ്യതയുണ്ട്. നാളെ നടക്കാനിരിക്കുന്ന ഇന്ത്യ-ന്യൂസിലന്‍ഡ് ഫൈനല്‍ സഞ്ജുവിന്റെ കരിയറില്‍ ഒരു വലിയ വഴിത്തിരിവാകും. അതിലെ പ്രകടനം അദ്ദേഹത്തിന്റെ ഭാവി നായകസ്ഥാനത്തെയും സ്വാധീനിച്ചേക്കാം.

YouTube video player