തുമ്പ സ്വദേശി മത്സ്യത്തൊഴിലാളിയായ ഫ്രാൻസിസ് അൽഫോൺസിനെയാണ് കാണാതായത്
തിരുവനന്തപുരം: കഠിനംകുളത്തും തുമ്പയിലും ശക്തമായ തിരമാലയിൽ പെട്ട് വള്ളങ്ങൾ മറിഞ്ഞു. മത്സ്യബന്ധത്തിന് പോയ 12 തൊഴിലാളികളാണ് രണ്ട് അപകടങ്ങളിലുമായി മരണക്കയത്തെ നേരിട്ടത്. ഇവരിൽ 11 പേരും നീന്തിക്കയറി. എന്നാൽ ഒരാളെ കാണാതായിട്ടുണ്ട്. ഇയാൾക്കായി തിരച്ചിൽ തുടങ്ങിയിട്ടുണ്ടെന്നാണ് തുമ്പ തീരത്ത് നിന്ന് ലഭിക്കുന്ന വിവരം.
മുതലപ്പൊഴി അപകടവും തീരദേശത്തെ പ്രതിസന്ധികളും വലിയ ചർച്ചയാകുന്നതിനിടയിലാണ് അപകടങ്ങൾ ആവർത്തിക്കുന്നത്. രാവിലെ മീൻ പിടിക്കാൻ പോയ ഗിഫ്റ്റ് ഓഫ് ഗോഡ് വള്ളം മറിഞ്ഞാണ് തുമ്പ സ്വദേശി ഫ്രാൻസിസ് അൽഫോൺസിനെ കാണാതായത്. നാല് പേരാണ് വള്ളത്തിലുണ്ടായിരുന്നത്. ഫ്രാൻസിസിന് വേണ്ടി തെരച്ചിൽ തുടങ്ങി. മത്സ്യതൊഴിലാളികളും കോസ്റ്റൽ പൊലീസും ചേർന്നാണ് തെരച്ചിൽ നടത്തുന്നത്. ഫ്രാൻസിസിന് ഒപ്പമുണ്ടായിരുന്ന ജെലാസ്റ്റിൻ, മാത്യൂസ്, ജോർജ് കുട്ടി എന്നിവർ നീന്തിക്കയറി. ജോർജ് കുട്ടിക്ക് അപകടത്തിൽ പരിക്കുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുലർച്ചെ ആറ് മണിക്കാണ് കഠിനംകുളം മരിയനാട് ശക്തമായ തിരയിൽപ്പെട്ട് വളളം മറിഞ്ഞത്. അപകടത്തിൽപ്പെട്ടത് മരിയനാട് സ്വദേശി മൗലിയാസിന്‍റെ വള്ളമായിരുന്നു. ഒൻപത് പേരാണ് വള്ളത്തിലുണ്ടായിരുന്നത്. മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് ഗുരുതരമായി പരിക്കേറ്റു. ഒരാളുടെ തലയ്ക്ക് ആഴത്തിൽ മുറിവുണ്ട്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
