തിരുവനന്തപുരം: കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ തന്നാലാവുന്നത് ചെയ്യുകയാണ് ഒരു കുഞ്ഞുമിടുക്കൻ. ദുരിതാശ്വാസ ക്യാമ്പിൽ നൽകുന്നതിന് ഒരു ലോഡ് സാധനങ്ങളാണ് ദേവസാരംഗ് സമാഹരിച്ചത്. പളളിപുറം മോഡൽ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ് ദേവസാരംഗ്.

'കൂട്ടുകാരെ നിങ്ങൾക്കൊപ്പം ഞാനും' എന്ന തലക്കെട്ടോടുകൂടിയ നോട്ടീസ് വിതരണം ചെയ്താണ് ദേവസാരംഗ് പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട കുട്ടികൾക്കായി സഹായം തേടുന്നത്. കഴിഞ്ഞ പ്രളയ സമയത്ത് തന്റെ കുടുക്കയിലുണ്ടായിരുന്ന സമ്പാദ്യം മുഴുവൻ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കായി നൽകിയിരുന്നു. ഈ വർഷം തന്റെ കുടുക്കയിലെ സമ്പാദ്യം അസമിലെ പ്രളയബാധിതർക്കായി സംഭാവന ചെയ്തതായി ദേവസാരംഗ് പറഞ്ഞു.

നോട്ടീസ് കടകളിൽ വിതരണം ചെയ്താണ് ദേവസാരംഗ് സാധനങ്ങൾ ശേഖരിച്ചത്. കൂട്ടിന് അച്ചൻ ബിനീഷുമുണ്ട്. പ്രോത്സാഹനവുമായി സ്കൂളിലെ അധ്യാപകരും കൂട്ടുകാരും എത്തിയതോടെ പരിപാടി വൻവിജയമായി. ദുരന്തമേഖലയിലെ കുട്ടികളുടെ കണ്ണീരൊപ്പാനായി ഒരു കൈ സഹായം തനിക്കും ചെയ്യാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യത്തിലാണ് ഈ കൊച്ചുമിടുക്കൻ.