Asianet News Malayalam

അമ്മയെ കാണണം, ബര്‍ഗര്‍ കഴിക്കണം; തൃശൂരില്‍ അച്ഛനെ കത്തികാട്ടി ഭീഷണിപ്പെടുത്തി 14കാരന്‍റെ ബൈക്ക് യാത്ര

''ഞാനല്ല സാറേ ഇവന്‍ കാരണമാണ് വണ്ടിയെടുത്ത് ഇറങ്ങിയത്, വീട്ടില്‍ വച്ച് കത്തി കാട്ടി ഭീഷണിപ്പെടുത്തി, സാറൊന്ന് പരിശോധിച്ച് നോക്കൂ, അവന്‍റെ പോക്കറ്റില്‍ കത്തിയുണ്ട്...

boy threatens his father with a knife to see his mother who is in hospital
Author
Thrissur, First Published May 12, 2020, 3:14 PM IST
  • Facebook
  • Twitter
  • Whatsapp

തൃശ്ശൂര്‍: കഴിഞ്ഞ ഞായറാഴ്ച സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക്ഡൗണായിരുന്നു. റോഡില്‍ പൊലീസിന്‍റെ കര്‍ശന പരിശോധന ഉണ്ടായിരുന്ന ദിവസം. തൃശൂരിലെ പോങ്ങത്ത് സിഐ ബി കെ അരുണും സംഘവും പരിശോധന നടത്തുന്നതിനിടെയാണ് ഒരാള്‍ ബൈക്കില്‍ വരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഒപ്പം 14 വയസ്സ് പ്രായമുള്ള ഒരു പയ്യനും. കാര്യം അന്വേഷിച്ചപ്പോള്‍ ആദ്യമെല്ലാം പരുങ്ങിയെങ്കിലും അയാള്‍ പറഞ്ഞത് കേട്ട് പൊലീസ് അല്‍പ്പമൊന്ന് അമ്പരന്നു. 

''ഞാനല്ല സാറേ ഇവന്‍ കാരണമാണ് വണ്ടിയെടുത്ത് ഇറങ്ങിയത്, വീട്ടില്‍ വച്ച് കത്തി കാട്ടി ഭീഷണിപ്പെടുത്തി, സാറൊന്ന് പരിശോധിച്ച് നോക്കൂ, അവന്‍റെ പോക്കറ്റില്‍ കത്തിയുണ്ട്. ഭീഷണി സഹിക്കാന്‍ വയ്യാതെ വണ്ടിയെടുത്ത് ഇറങ്ങിയതാണ്. ഞാനവനോട് പറഞ്ഞതാണ് വഴിയില്‍ പൊലീസ് കാണും പിടിക്കും എന്നൊക്കെ'' സ്കൂട്ടറിലെത്തിയയാള്‍ തന്‍റെ നിസ്സഹായവസ്ഥ ഇങ്ങനെയാണ് തങ്ങളെ അറിയിച്ചതെന്ന് സിഐ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

ആശുപത്രിയിലുള്ള അമ്മയെ കാണണം, അമ്മയുണ്ടാക്കിത്തരാറുള്ള ഒരുപാട് ഇഷ്ടമുള്ള ബര്‍ഗര്‍ കഴിക്കണം. ഇത് രണ്ടുമാണ് കുട്ടിയുടെ ആവശ്യം. ലോക്ക്ഡൗണ്‍ ആയതിനാല്‍ പുറത്തുപോകാന്‍ ആവില്ലെന്ന് പറഞ്ഞ അച്ഛനെ കത്തികാട്ടി ഭീഷണിപ്പെടുത്തിയാണ് കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലുള്ള അമ്മയെ കാണാന്‍ ഇറങ്ങിയത്. 

അച്ഛന്‍റെ വാക്കുകേട്ട് കുട്ടിയെ പരിശോധിച്ചപ്പോള്‍ അവന്‍റെ പോക്കറ്റില്‍ നിന്ന് കത്തി കിട്ടി. ഇത് എന്തിനാണ് കയ്യില്‍ കരുതിയതെന്ന പൊലീസിന്‍റെ ചോദ്യത്തിന് അച്ഛനെ പേടിപ്പിക്കാനാണെന്നായിരുന്നു കുട്ടിയുടെ മറുപടി. അവന് അമ്മയെയും ചേച്ചിയേയുമാണ് കൂടുതല്‍ ഇഷ്ടം. അമ്മയെ കാണാനാകാതെ ആയതോടെയാണ് അച്ഛനെ ഭീഷണിപ്പെടുത്തിയതെന്ന് സിഐ പറഞ്ഞു. മാത്രമല്ല അവന് ഇഷ്ടമുള്ള ഭക്ഷണമാണ് ബര്‍ഗര്‍. അമ്മ ആശുപത്രിയിലായതോടെ ഇത് കഴിക്കാന്‍ വഴിയില്ല. അച്ഛനുണ്ടാക്കുന്ന ഇഡ്ഢലിയും ചമ്മന്തിയുമൊന്നും കുട്ടിക്ക് ഇഷ്ടമാകുന്നുമില്ല.

കുട്ടിയുടെ മാനസ്സികാവസ്ഥ കണക്കിലെടുത്ത് അവനെ അമ്മയെ കാണാന്‍ കൊച്ചിയില്‍ പോകാന്‍ പൊലീസ് അനുവദിച്ചു. രണ്ട് മണിക്കൂറോളം കുട്ടിയോടും അച്ഛനോടും സംസാരിച്ച സി ഐ ബര്‍ഗര്‍ വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്തു. എന്നാല്‍ പകരം രണ്ട് പുസ്തകങ്ങള്‍ വായിക്കണമെന്നാണ് അവന് കൊടുത്തിരിക്കുന്ന ടാസ്ക്. ദിവസവും 15 പേജ് വച്ച് 'എറൗണ്ട് ദി വേള്‍ഡ് ഇന്‍ 80 ഡേയ്സ്', 'റോബിന്‍സണ്‍ ക്രൂസോ' എന്നീ പുസ്തകങ്ങള്‍ വായിച്ചതിന് ശേഷം സിഐയെ വിളിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. 

ഇങ്ങനെയൊക്കെയാണെങ്കിലും ആള്‍ ചില്ലറക്കാരനല്ല, എന്നും രാവിലെ പത്രമിടാന്‍ പോയി സ്വന്തമായി കാശ് സമ്പാദിക്കുന്നുണ്ട് ഈ മിടുക്കന്‍. ഇതില്‍ നിന്ന് കിട്ടുന്ന പണമെല്ലാം സൂക്ഷിച്ചുവച്ചിട്ടുമുണ്ട്. അതെല്ലാം അത്യാവശ്യത്തിന് മാത്രം ചെലവാക്കാനുള്ളതാണന്നും അവന് അറിയാം. സംസാരിച്ച് കഴിഞ്ഞപ്പോള്‍ സന്തോഷത്തോടെയാണ് അച്ഛനും മകനും മടങ്ങിയതെന്നും സി ഐ ബി കെ അരുണ്‍ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios