Asianet News MalayalamAsianet News Malayalam

കൈക്കൂലി വാങ്ങുന്നതിനിടെ ബിഡിഒയും എക്സ്റ്റന്‍ഷന്‍ ഓഫിസറും അറസ്റ്റില്‍

ബിഡിഒ ഷൈമോന്‍ ജോസഫും എക്സറ്റന്‍ഷന്‍ ഓഫിസര്‍ നാദിര്‍ഷയുമാണ് പിടിയിലായത്. പരാതിക്കാരന്റെ രാജാക്കാട്ടെ വീട്ടിലെത്തി പണം വാങ്ങുന്നതിനിടെയാണ് ഇവരുവരെയും അറസ്റ്റു ചെയ്തത്.

bribe case: bdo, veo arrested by vigilance case
Author
Idukki, First Published Sep 2, 2021, 8:05 PM IST

തൊടുപുഴ: 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇടുക്കി നെടുങ്കണ്ടം ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസറെയും എക്സ്റ്റന്‍ഷന്‍ ഓഫീസറെയും വിജിലന്‍സ് പിടികൂടി. ബിഡിഒ ഷൈമോന്‍ ജോസഫും എക്സറ്റന്‍ഷന്‍ ഓഫിസര്‍ നാദിര്‍ഷയുമാണ് പിടിയിലായത്. പരാതിക്കാരന്റെ രാജാക്കാട്ടെ വീട്ടിലെത്തി പണം വാങ്ങുന്നതിനിടെയാണ് ഇവരുവരെയും അറസ്റ്റു ചെയ്തത്.

നെടുംകണ്ടം ബ്ലോക്ക് പഞ്ചായത്ത് ഫണ്ടുപയോഗിച്ച് ജലസേചനത്തിനായി  നിര്‍മിക്കുന്ന കുളത്തിന്റെ നിര്‍മ്മാണ കരാര്‍ കാലാവധി നീട്ടി നല്‍കാമെന്നും ഇതിനായി വ്യാജ മിനിറ്റ്സ് തയ്യാറാക്കാമെന്നും പറഞ്ഞാണ് നെടുങ്കണ്ടം ബിഡിഒ ഷൈമോന്‍ ജോസഫും പി ആന്‍ഡ് എം എക്സറ്റന്‍ഷന്‍ ഓഫിസര്‍ നാദിര്‍ഷയും കൈക്കൂലി ആവശ്യപ്പെട്ടത്. രാജാക്കാട് കള്ളിമാലി സ്വദേശിയോട് പണം ചോദിച്ചത്. കള്ളിമാലി കാര്‍ഷിക ജലസേചന പദ്ധതിക്കായി  കുളം നിര്‍മ്മിക്കുന്നതിന് ഇദ്ദേഹം 2019ല്‍ അഞ്ച് സെന്റ് സ്ഥലം ബ്ലോക്ക് പഞ്ചായത്തിന് സൗജന്യമായി നല്‍കിയിരുന്നു. 25 ലക്ഷം രൂപ  കുളം നിര്‍മ്മിക്കാന്‍ ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ചു. ജലവിഭവ വകുപ്പുമായി ചേര്‍ന്ന് 2020 ഫെബ്രുവരിയില്‍ പണി തുടങ്ങി. ഈ മാര്‍ച്ചില്‍ പണി പൂര്‍ത്തിയാക്കേണ്ടതാണ്.  

കുളം നിര്‍മ്മിച്ചെങ്കിലും ചുറ്റുമുള്ള കോണ്‍ക്രീറ്റ് ജോലികള്‍ കൊവിഡ് കാരണം പൂര്‍ത്തിയായില്ല.  ഇതിനിടെ ബിഡിഒ ഷൈമോന്‍ സ്ഥലം സന്ദര്‍ശിച്ചു. പദ്ധതി കൊണ്ട് വ്യക്തിപരമായ ലാഭം  സ്ഥലം ഉടമക്കാണെന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് ഉപഭോക്താക്കളായ കര്‍ഷകരുടെ യോഗം വിളിക്കണമെന്നും ആവശ്യപ്പെട്ടു. സര്‍ക്കാര്‍ പണം ഉപയോഗിച്ച് നിര്‍മ്മിക്കുന്ന കുളം വ്യക്തിപരമായി ഉപയോഗിക്കുന്നത് ആരെങ്കിലും പരാതിപ്പെട്ടാല്‍ പ്രശ്‌നമാകുമെന്നും അങ്ങനെ വരാതിരിക്കാന്‍ ഗുണഭോക്താക്കളുട യോഗം വിളിച്ചതായി മിനിറ്റ്‌സ് തയ്യാറാക്കാമെന്നും വേണ്ടതു പോലെ കാണണമെന്നും ഷൈമോന്‍ പറഞ്ഞു.  

മിനിറ്റ്‌സ് തയ്യാറാക്കാന്‍ 20000 രൂപയും ക്ലര്‍ക്കിന് 10000 രൂപയും വേണമെന്നും അറിയിച്ചു.  അത്രയും പണം ഉണ്ടാകില്ലെന്നു അറിയിച്ചപ്പോള്‍ 25000 രൂപക്ക് സമ്മതിച്ചു. തുടന്ന് സ്ഥലമുടമ ഇടുക്കി വിജിലന്‍സില്‍ പരാതി നല്‍കി. പരാതിക്കാരന്റെ രാജാക്കാട് കള്ളിമാലിയിലുള്ള  വീട്ടില്‍ വച്ച് കൈക്കൂലി പണം വാങ്ങുന്നതിനിടെയാണ് പുറത്തു കാത്തു നിന്ന വിജിലന്‍സ് സംഘം ഇരുവരേയും പിടികൂടിയത്. പ്രതികളെ തൃശൂരിലെ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

 

Follow Us:
Download App:
  • android
  • ios