നിയമന കോഴ; ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അഖില്‍ മാത്യുവിന്‍റെ പരാതിയില്‍ കേസ്
ഹരിദാസില്‍ നിന്ന് അഖില്‍ മാത്യുവിന്‍റെ പേരില്‍ പണം വാങ്ങിയെന്നാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസില്‍ ഇതുവരെ ആരെയും പ്രതിചേര്‍ത്തിട്ടില്ല.
തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ നിയമന കോഴ ആരോപണത്തില്‍ മന്ത്രി വീണ ജോര്‍ജിന്റെ പേഴ്സണൽ സ്റ്റാഫ് അംഗം അഖില്‍ മാത്യുവിന്‍റെ പരാതിയില്‍ പൊലീസ് കേസെടുത്തു. വഞ്ചനാക്കുറ്റം ചുമത്തിയാണ് കന്‍റോണ്‍മെന്‍റെ പൊലീസ് കേസെടുത്തത്. ഹരിദാസില്‍ നിന്ന് അഖില്‍ മാത്യുവിന്‍റെ പേരില്‍ പണം വാങ്ങിയെന്നാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസില്‍ ഇതുവരെ ആരെയും പ്രതിചേര്‍ത്തിട്ടില്ല.
മെഡിക്കൽ ഓഫീസർ നിയമനത്തിന് ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അഖിൽ മാത്യു കോഴ വാങ്ങിയെന്ന് ഗുരുതര ആരോപണം പുറത്ത് വന്നതിന് പിന്നാലെയാണ് അഖിൽ മാത്യു പൊലീസില്‍ പരാതി നല്‍കിയത്. അഖിൽ മാത്യുവിന് ഒരു ലക്ഷവും ഇടനിലക്കാരനായ സിഐടിയു പത്തനംതിട്ട മുൻ ഓഫീസ് സെക്രട്ടറി അഖിൽ സജീവിന് 75,000 രൂപയും കൈമാറിയെന്നാണ് മലപ്പുറം സ്വദേശി ഹരിദാസൻ്റെ ആരോപണം. സംഭവത്തില്‍ പേഴ്സണൽ സ്റ്റാഫിനെ പൂർണ്ണമായും ന്യായീകരിച്ച ആരോഗ്യമന്ത്രി സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആവശ്യപ്പെട്ടെന്നും അറിയിച്ചു. അതിനിടെ, ഉടൻ നിയമന ഉത്തരവ് ലഭിക്കുമെന്നുള്ള ആയുഷ് വകുപ്പിനെ ഇ മെയിൽ ഹരിദാസൻ പുറത്തുവിട്ടു. ഇത് വ്യാജമെന്നാണ് ആയുഷ് വകുപ്പൻ്റെ വിശദീകരണം.
ആരോഗ്യമന്ത്രിയുടെ ഓഫീസിനെയും സർക്കാറിനെയും വെട്ടിലാക്കുന്നതാണ് നിയമനക്കോഴ വിവാദം. ഹോമിയോ മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് മരുമകൾ ഡോ. നിതരാജ് അപേക്ഷിച്ചതിന് പിന്നാലെയാണ് അഖിൽ സജീവ് ജോലി വാഗ്ദാനം ചെയ്ത് ഇങ്ങോട്ട് വന്നതെന്നാണ് മലപ്പുറം സ്വദേശി ഹരിദാസൻ്റെ ആരോപണം. അഞ്ച് ലക്ഷം നൽകിയാൽ ജോലി ഉറപ്പെന്നായിരുന്നു വാഗ്ദാനം. 25000 രൂപ അഡ്വാൻസായി അഖിൽ സജീവിന് മാർച്ച് 24ന് ഗൂഗിൾ പേ ചെയ്തുവെന്നും ഹരിദാസ് പറയുന്നു. അഖിൽ സജീവ് നിർദ്ദേശിച്ചതനുസരിച്ച് ആരോഗ്യമന്ത്രിയുടെ ഓഫീസിലുള്ള അഖിൽ മാത്യുവിനെ തിരുവനന്തപുരത്തെത്തി കണ്ട് ഒരുലക്ഷം കൈമാറിയെന്നും ഹരിദാസൻ ആരോപിക്കുന്നു.
അഖിൽ മാത്യുവിന് പണം കൊടുത്തതിന് പിന്നാലെ നിതരാജിന് ആയുഷ് വകുപ്പിൽ നിന്നും ഇ മെയിൽ വന്നുവെന്നാണ് ഹരിദാസൻ പറയുന്നച്. 25 നകം നിയമന ഉത്തരവ് കിട്ടുമെന്നായിരുന്നു മെയിൽ. ഇതിന് പിന്നാലെ അഖിൽ സജീവന് അൻപതിനായിരം രൂപ കൂടി നൽകി. നിയമനം കിട്ടാത്തതിനെ തുടർന്ന് ഹരിദാസൻ ഈ മാസം 13ന് ആരോഗ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.