മൂന്നുദിവസത്തോളം വിജിലന്‍സ് മുംബൈ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. കൊല്ലത്തെ കശുവണ്ടി വ്യവസായിക്കെതിരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് എടുത്ത കേസ് ഒതുക്കാമെന്ന് വാഗ്ദാനം നൽകി പണം തട്ടാൻ ശ്രമിച്ച കേസിലെ വിജിലൻസ് അന്വേഷണമാണ് നിലവിൽ ഷെൽ കമ്പനിയിൽ എത്തി നിൽക്കുന്നത്.

താനെ: ഇ ഡി ഉദ്യോഗസ്ഥൻ പ്രതിയായ കൈക്കൂലി കേസിൽ മുംബൈയിലെ സ്ഥാപനത്തിൽ വിജിലൻസ് പരിശോധന. താനയിലെ ബോറാ കമോഡിറ്റിസ് എന്ന സ്ഥാപനം ഷെൽ കമ്പനിയാണെന്ന് സ്ഥിരീകരിച്ചു. ഒറ്റമുറിയിൽ പ്രവ‍ർത്തിക്കുന്ന സ്ഥാപനം പൂട്ടിയ നിലയിലാണുള്ളത്. ഷെൽ കമ്പനിയിലേക്ക് എത്തിച്ച പണം എവിടേക്ക് കടത്തിയെന്നതിൽ വിശദമായ അന്വേഷണം നടത്താനാണ് തീരുമാനം. സ്ഥാപനത്തിന്റെ ഉടമസ്ഥരായി കാണിച്ചിരിക്കുന്നത് മുംബൈ സ്വദേശികളെയാണ്. 

ഇതിൽ ഒരാൾ ഡ്രൈവറാണ്, ഇയാൾക്ക്‌ സ്ഥാപനത്തെ കുറിച്ച് അറിയില്ല. മറ്റേത് ഇല്ലാത്ത പേരാണെന്നും അന്വേഷണത്തിൽ കണ്ടെത്തൽ. ഇ ഡി ഏജന്റുമാർ എന്ന പേരിൽ തട്ടിയെടുക്കുന്ന പണം എത്തിയിരുന്നത് ഈ സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്കായിരുന്നു. സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് കോടികളാണ് എത്തിയത്. മൂന്നുദിവസത്തോളം വിജിലന്‍സ് മുംബൈ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. കൊല്ലത്തെ കശുവണ്ടി വ്യവസായിക്കെതിരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് എടുത്ത കേസ് ഒതുക്കാമെന്ന് വാഗ്ദാനം നൽകി പണം തട്ടാൻ ശ്രമിച്ച കേസിലെ വിജിലൻസ് അന്വേഷണമാണ് നിലവിൽ ഷെൽ കമ്പനിയിൽ എത്തി നിൽക്കുന്നത്.

എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ പേരിൽ നടത്തിയ വമ്പൻ പണം തട്ടിപ്പിൽ ഇഡി അസിസ്റ്റൻ്റ് ഡയറക്ടർ ശേഖർ കുമാറിനെ വിജിലൻസ് ഒന്നാം പ്രതിയാണ്. തട്ടിപ്പ് പണം വാങ്ങുന്നതിനിടെ പിടിയിലായ വിൽസനാണ് രണ്ടാം പ്രതി. ഇയാളുടെ മൊഴിയിൽ ശേഖർ കുമാറിനെതിരെ പരാമർശമുണ്ട്. മൊഴിയുടെ വിശദാംശങ്ങൾ പരിശോധിക്കുകയാണെന്നാണ് വിജിലൻസ് അറിയിച്ചത്. ഇഡി ഉദ്യോഗസ്ഥനായ ശേഖർ കുമാറും രണ്ടാം പ്രതി വിൽസനും വ്യാപക പണം തട്ടിപ്പ് നടത്തിയെന്നും ഇരുവരും ഇതിന് പുറമെ മറ്റു കേസുകളിലും ഗൂഢാലോചന നടത്തിയെന്നുമാണ് വിജിലൻസ് കണ്ടെത്തൽ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം