Asianet News MalayalamAsianet News Malayalam

കൊച്ചിയിൽ 11 കൊല്ലം കൊണ്ട് നിർമിച്ച പാലം മറുകരയിലെത്തിയത് ഏറ്റെടുത്ത സ്ഥലത്തല്ല, ഇനി നിലംതൊടാൻ വേറെ സ്ഥലം വേണം

ഒൻപത് കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് കോടികൾ മുടക്കി സർക്കാർ ഏറ്റെടുത്ത സ്ഥലത്തേക്കല്ല പാലം പണിത് തീർക്കാൻ നേരത്ത് എത്തിയത്. അതിന് ഇനി പുതിയ സ്ഥലം വാങ്ങണം.

bridge constructed in 11 years needed more land to be acquired to touch down on land in kochi
Author
First Published Aug 13, 2024, 12:14 PM IST | Last Updated Aug 13, 2024, 12:15 PM IST

കൊച്ചി: എറണാകുളം കടമക്കുടിയില്‍ 54 കോടി രൂപ മുടക്കി നിര്‍മിച്ച പാലം പണി വിവാദത്തില്‍. അപ്രോച്ച് റോഡിനായി ഏറ്റെടുത്ത സ്ഥലത്തു നിന്ന് മാറി പാലം പണിത് ഇറക്കിയതോടെയാണ് നിര്‍മാണത്തില്‍ അശാസ്ത്രീയത ആരോപിച്ച് നാട്ടുകാര്‍ രംഗത്ത് എത്തിയിരിക്കുന്നത്. ഇനി പാലം നിലത്തുതൊടാന്‍ വീണ്ടും പണം മുടക്കി പുതിയ സ്ഥലം ഏറ്റെടുക്കേണ്ട ഗതികേടിലെത്തി നില്‍ക്കുകയാണ് കാര്യങ്ങള്‍.

കടമക്കുടി നിവാസികളുടെ യാത്രാ ദുരിതം പരിഹരിക്കാൻ വടക്കന്‍ പറവൂരിലെ ഏഴിക്കരയില്‍ നിന്ന് വൈപ്പിനിലെ കടമക്കുടിയിലേക്ക് 2013ലാണ് പാലം നിർമാണം തുടങ്ങിയത്. പതിനൊന്നു വർഷം കൊണ്ട് അക്കരെ ഇക്കരെ പാലം മുട്ടിയപ്പോഴാണ് അക്കിടി മനസിലായത്.  പാലം നിർമാണത്തിന് വേണ്ടി പണം കൊടുത്ത് സർക്കാർ ഏറ്റെടുത്ത ഭൂമിയിലേക്കല്ല, മറിച്ച് ഇതുവരെ ഏറ്റെടുത്തിട്ടില്ലാത്ത മറ്റൊരു ഭാഗത്തേക്കാണ് പലം പറഞ്ഞിറക്കിയത്. ഫലത്തിൽ ആളുകളെ കുടിയൊഴിപ്പിച്ച് കോടികൾ മുടക്കി ഏറ്റെടുത്ത സ്ഥലം വെറുതെ കിടക്കുന്നു. പാലം നിലത്തുമുട്ടിക്കാൻ ഇനിയും പണം മുടക്കി പുതിയ ഭൂമി ഏറ്റെടുക്കേണ്ട ദുരവസ്ഥയാണ് ഇവിടെ ഉണ്ടായിരിക്കുന്നത്.

വലിയ അപാകതയാണ് സംഭവിച്ചതെന്ന് ഗ്രാമപഞ്ചായത്ത് അംഗം ബെഞ്ചമിൻ പറയുന്നു. ഒൻപത് കുടുംബങ്ങളെയാണ് പാലം നിർമാണത്തിനായി കുടിയൊഴിപ്പിച്ചത്. ഇതുപോലെയാണ് പാലം പണിയുന്നതെങ്കിൽ ആ കുടുംബങ്ങളെ ഇവിടെ നിലനിർത്താമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്രയും വർഷമായി പാലത്തിന്റെയും റോഡിന്റെയും പണി പൂർത്തിയായില്ലെന്നത് മാത്രമല്ല അതിന്റെ അലൈൻമെന്റ് പോലും നിജപ്പെടുത്തിയിട്ടില്ലെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം മനു ശങ്കർ കുറ്റപ്പെടുത്തി.

വിവരാവകാശ നിയമപ്രകാരം അപേക്ഷ കൊടുത്ത് അന്വേഷിച്ചപ്പോൾ അലൈൻമെന്റിൽ മാറ്റമൊന്നുമില്ലെന്നാണ് അറിയിച്ചതെന്ന് നാട്ടുകാരനായ ബെന്നി പറയുന്നു. പാലവും റോഡും പണിത് തീരുമ്പോൾ സ്ഥലമെടുത്തതൊക്കെ ആർക്കുവേണ്ടിയാണെന്ന ചോദ്യം അവശേഷിക്കുന്നു. പാലത്തിന്റെ അടിസ്ഥാന ഘടനയിൽ തന്നെ മാറ്റം വരുത്തിയ ഗോശ്രീ ദ്വീപ് വികസന അതോറിറ്റിയിലെ ഉദ്യോഗസ്ഥരാണ് പ്രതിക്കൂട്ടിൽ. പൊതുഖജനാവിൽ നിന്ന് 54 കോടി രൂപ ചെലവഴിച്ച് പണിത പാലത്തിനെ ഇങ്ങനെ ത്രിശങ്കുവിൽ നിർത്തിയ ഉദ്യോഗസ്ഥർ പാലം കടന്നുപോകുന്ന പ്രദേശത്തെ നാട്ടുകാർക്കും നല്ല പണിയാണ് കൊടുത്തത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios