കണ്ണനാകുളം എടത്തിരുത്തി ജനപ്രിയ റോഡിൽ സ്ഥിതി ചെയ്യുന്ന ഗിരീഷിന്‍റെ വീടിനകത്തേക്ക് ഇരുമ്പ് പൈപ്പും മരവടിയും എടുത്ത് ഇരുവരും അതിക്രമിച്ച് കയറുകയായിരുന്നു.
തൃശൂർ: മദ്യവും മയക്കുമരുന്നും വില്‍ക്കുന്നുണ്ടെന്ന് പരാതി നല്‍കിയവരെ വീട്ടില്‍ കയറി ആക്രമിച്ച സംഭവത്തില്‍ സഹോദരങ്ങള്‍ അറസ്റ്റില്‍. എടത്തുരുത്തി സ്വദേശികളായ കുഞ്ഞൻ എന്നറിയപ്പെടുന്ന സായൂജ് (39), വാവ എന്നറിയപ്പെടുന്ന ബിനോജ് (46) എന്നിവരാണ് കൈപമംഗലം പൊലീസിന്‍റെ പിടിയിലായത്. തങ്ങള്‍ക്കെതിരെ പരാതി നല്‍കിയതിന്‍റെ വിരോധത്തിലായിരുന്നു വീടുകയറിയുള്ള ആക്രമണം.
2025 മേയ് 20-ന് രാത്രി 10 മണിയോടെയായിരുന്നു പ്രതികള്‍ അതിക്രമം നടത്തിയത്. കണ്ണനാകുളം എടത്തിരുത്തി ജനപ്രിയ റോഡിൽ സ്ഥിതി ചെയ്യുന്ന ഗിരീഷിന്‍റെ വീടിനകത്തേക്ക് ഇരുമ്പ് പൈപ്പും മരവടിയും എടുത്ത് ഇരുവരും അതിക്രമിച്ച് കയറുകയും തുടർന്ന് വീട്ടുമുറ്റത്ത് നിർത്തിയിരുന്ന ഗിരീഷിന്‍റെ ഓട്ടോറിക്ഷ തല്ലിത്തകർത്തു. വീട്ടിലെ കുട്ടികളെയും ഭാര്യയെയും അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ഗിരീഷ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
സായൂജ് മതിലകം പൊലീസ് സ്റ്റേഷനിൽ 3 വധശ്രമകേസും കൈപമംഗലം പൊലീസ് സ്റ്റേഷനിൽ ഒരു വധശ്രമ കേസും അടക്കം 12 ഓളം ക്രിമിനൽ കേസുകളിലെ പ്രതിയാണ്. ബിനോജ് മതിലകം പൊലീസ് സ്റ്റേഷനിൽ ഒരു വധശ്രമകേസിലേയും 7 അടിപിടികേസിലേയും അടക്കം 11 ഓളം ക്രിമിനൽ കേസുകളിലെ പ്രതിയാണ്.