കോടംതുരുത്ത് പഞ്ചായത്ത് ഒന്നാം വാർഡ് എഴുപുന്ന തെക്ക് പുറംതട വീട്ടിൽ യദുകൃഷ്ണൻ (25), സഹോദരൻ മിഥുകൃഷ്ണൻ (22) എന്നിവരെയാണ് കുത്തിയതോട് പൊലീസ് അറസ്റ്റ് ചെയ്തത്
തുറവൂർ: പട്രോളിങ്ങിനിടെ പൊലീസിന്‍റെ ഡ്യൂട്ടി തടസപ്പെടുത്തുകയും ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്ത കേസിൽ സഹോദരങ്ങൾ പിടിയിലായി. കോടംതുരുത്ത് പഞ്ചായത്ത് ഒന്നാം വാർഡ് എഴുപുന്ന തെക്ക് പുറംതട വീട്ടിൽ യദുകൃഷ്ണൻ (25), സഹോദരൻ മിഥുകൃഷ്ണൻ (22) എന്നിവരെയാണ് കുത്തിയതോട് പൊലീസ് അറസ്റ്റ് ചെയ്തത്.
ജൂലൈ 22 ന് ചങ്ങരം പാടശേഖരത്തിന് സമീപമായിരുന്നു കേസിനാസ്പദമായ സംഭവം. പട്രോളിങ്ങിനിടെ ലഹരിക്കടിമപ്പെട്ട് പൊതുശല്യം ഉണ്ടാക്കിയ യദുകൃഷ്ണനെ ജീപ്പിൽ കയറ്റുവാൻ പൊലീസ് ശ്രമിക്കുന്നതിനിടെ എതിർത്ത് നിൽക്കുകയും ഈ സമയം ബഹളം കേട്ട് സ്ഥലത്തെത്തിയ അച്ഛൻ സതീശനും സഹോദരൻ മിഥുകൃഷ്ണനും കൂടെ ചേർന്ന് പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു.
ഒന്നാം പ്രതിയായ യദുകൃഷ്ണനെ അന്ന് തന്നെ സി. ഐ എം. അജയ് മോഹന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തിരുന്നു. സഹോദരനായ മിഥു കൃഷ്ണനെ ചെല്ലാനത്ത് നിന്നുമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.


