നിരപരാധിയാണെന്നും കോഴ വാങ്ങി വിധിനിര്‍ണയം നടത്തിയില്ലെന്നുമാണ് കുറിപ്പിലുള്ളത്
തിരുവനന്തപുരം: കേരള സര്‍വകലാശാല കലോത്സവവുമായി ബന്ധപ്പെട്ട കോഴക്കേസിൽ ആരോപണ വിധേയനായ വിധികര്‍ത്താവ് ഷാജിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി അമ്മ. ഷാജിയുടെ ദേഹത്ത് മർദനമേറ്റ പാടുകളുണ്ടെന്ന് അമ്മ ലളിത ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. താനൊരു തെറ്റും ചെയ്തിട്ടില്ലെന്നും തന്നെ കുടുക്കിയതാണെന്നും ഷാജി കരഞ്ഞു പറഞ്ഞെന്നും അമ്മ പ്രതികരിച്ചു.
ഷാജിയെ കണ്ണൂരിലെ വീട്ടിലാണ് വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെടുത്തിരുന്നു. നിരപരാധിയാണെന്നും കോഴ വാങ്ങി വിധിനിര്‍ണയം നടത്തിയില്ലെന്നുമാണ് കുറിപ്പിലുള്ളത്. തെറ്റ് ചെയ്യില്ലെന്ന് അമ്മയ്ക്ക് അറിയാം. പിന്നില്‍ കളിച്ചവരെയെല്ലാം ദൈവം രക്ഷിക്കട്ടെ. സത്യം, സത്യം, സത്യം എന്ന് മൂന്നു തവണ ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിട്ടുണ്ട്. കേരള സര്‍വകലാശാല കലോത്സവ കോഴക്കേസിലെ ഒന്നാം പ്രതിയാണ് ഷാജി. നാളെ കേസുമായി ബന്ധപ്പെട്ട് സ്റ്റേഷനില്‍ ഹാജരാകാൻ തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു.
കേരള സർവകലാശാല കലോത്സവത്തിലെ മാര്‍ഗംകളി മത്സരത്തിന്‍റെ വിധി കര്‍ത്താവായിരുന്നു ഷാജി. ഷാജിയുടെ ഫോണിലേക്ക് ഇടനിലക്കാര്‍ മത്സരാര്‍ത്ഥികളെ തിരിച്ചറിയാൻ അയച്ചുകൊടുത്ത ചിത്രങ്ങൾ സംഘാടകര്‍ പൊലീസിന് കൈമാറിയിരുന്നു. ഷാജി അടക്കം നാലു പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ബാക്കി മൂന്നു പേരില്‍ രണ്ടുപേര്‍ നൃത്ത പരിശീലകരും ഒരാള്‍ സഹായിയുമാണ്. കലോത്സവത്തിന്‍റെ വിധി നിര്‍ണയത്തിനായി വിധികര്‍ത്താക്കള്‍ക്ക് നല്‍കുന്ന ജഡ്ജ് റിമാര്‍ക്സ് ഷീറ്റിലാണ് ആത്മഹത്യാക്കുറിപ്പ് എഴുതിയിരിക്കുന്നത്. പണം വാങ്ങിയിട്ടില്ലെന്ന് കസ്റ്റഡിയില്‍ എടുത്ത സമയത്ത് ഷാജി പൊലീസിനോട് പറഞ്ഞിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
