വസ്തുവകകൾ ഏറെയുമുള്ളത് വഞ്ചിയൂർ , മണക്കാട് , കടകംപള്ളി വില്ലേജുകളിലാണ്. വീടുകളുടെ എണ്ണം 20 ലേറെ വരും. കടകമ്പള്ളി വില്ലേജില്‍ രണ്ടര ഏക്കറിലധികം ഭൂമി വാങ്ങിക്കൂട്ടി

തിരുവനന്തപുരം: ബിഎസ്എന്‍എല്‍ എഞ്ചിനിയേഴ്സ് സഹകരണ സംഘത്തില്‍ നിന്നും വൻ തട്ടിപ്പ് നടത്തിയ പ്രതികൾ തലസ്ഥാനത്ത് വാങ്ങിക്കൂട്ടിയത് കോടിക്കണക്കിന് രൂപയുടെ വസ്തുവകകൾ. വീടുകൾ മാത്രം 20 ലേറെ വരും. സ്വന്തം പേരിലും ബന്ധുക്കളുടേയും സുഹൃത്തുക്കളുടെ പേരിലും വരെ ഇടപാടുകള്‍ നടത്തി. ഒളിവില്‍ തുടരുന്ന പ്രതികളെ പിടികൂടുന്നതില്‍ പോലീസിന്‍റെ വീഴ്ച തുടരുകയാണ്. 

വസ്തുവകകൾ ഏറെയുമുള്ളത് വഞ്ചിയൂർ , മണക്കാട് , കടകംപള്ളി വില്ലേജുകളിലാണ്. വീടുകളുടെ എണ്ണം 20 ലേറെ വരും. കടകമ്പള്ളി വില്ലേജില്‍ രണ്ടര ഏക്കറിലധികം ഭൂമി വാങ്ങിക്കൂട്ടി. കോട്ടുകാൽ വില്ലേജിൽ മാത്രം ഗോപിനാഥന്‍ നായരുടെയും ബന്ധുക്കളുടെയും പേരില്‍ വാങ്ങിയത് 15 ഏക്കർ ഭൂമിയാണ്. സുഹൃത്തുക്കളുടെ പേരിൽ വരെ ഇടപാടുകള്‍ നടത്തി. ബാലരാമപുരത്ത് ഗോപിനാഥൻ നായരുടെ ബന്ധുക്കളുടെ പേരില്‍ വാങ്ങിയ കൂറ്റൻ ഷോപ്പിംഗ് കോംപ്ളക്സ് തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെ ഡിംസബറിൽ മറിച്ചുവിറ്റു. 

തട്ടിച്ച പണം ഇഷ്ടം പോലെ കയ്യിലുള്ളതിനാൽ ഗോപിനാഥൻ നായരും രാജീവും ചോദിച്ചവര്‍ക്കെല്ലാം സംഭാവന നല്‍കി. അന്നദാനം നടത്തി. അമ്പലക്കമ്മിറ്റികള്‍ക്കും സംഘടനകള്‍ക്കും എല്ലാം വാരിക്കോരി നല്‍കി. തട്ടിപ്പിൻറെ വ്യാപ്തി നേരത്തെ തന്നെ ബോധ്യമായിട്ടും കഴിഞ്ഞ ദിവസം മാത്രമാണ് വസ്തു വകകകൾ കണ്ടുകെട്ടാനുള്ള നടപടി സഹകരണ വകുപ്പ് തുടങ്ങിയത്. വസ്തുക്കൾ പലതും മറിച്ചു വിറ്റത് കൊണ്ട് നടപടി ദുഷ്ക്കരമാക്കും. 

ബിഎസ്എന്‍എല്‍ എഞ്ചിനീയേഴ്സ് സഹകരണ സംഘം രൂപീകരിച്ച 1987 മുതൽ 2017 വരെ സെക്രട്ടറിയായിരുന്നു ഗോപിനാഥന്‍ നായര്‍. 2017 ല്‍ പ്രസിഡണ്ടായി. എല്ലാവര്‍ക്കും ഗോപിനാഥന്‍ നായരെ വലിയ വിശ്വാസമായിരുന്നു. കേസിലെ മറ്റൊരു പ്രതി രാജീവ് സംഘത്തിൽ ജീവനക്കാരനായിട്ട് 15 വര്‍ഷത്തിലേറെയായി. ഗോപിയും രാജീവും തട്ടിപ്പ് തുടങ്ങി കോടികള്‍ വിഴുങ്ങിയതും ആരും അറിഞ്ഞിരുന്നില്ല. റിയൽ എസ്റ്റേറ്റിൽ നിക്ഷേപിച്ചതിന് പുറമെയുള്ള വന്‍ തുകകള്‍ എവിടെയാണ് എന്നറിയണമെങ്കില്‍ പോലീസ് പ്രതികളെ പിടികൂടി ചോദ്യം ചെയ്യണം.