ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച്, പുൽമേട് വഴിയുള്ള തീർത്ഥാടകർക്ക് മികച്ച ആശയവിനിമയ സൗകര്യമൊരുക്കാൻ ബിഎസ്എൻഎൽ താൽക്കാലിക ടവർ സ്ഥാപിക്കുന്നു. മകരവിളക്ക് ദർശനത്തിനെത്തുന്ന പതിനായിരക്കണക്കിന് ഭക്തർക്കായി അഞ്ച് ദിവസത്തേക്കാണ് ഈ അധിക സംവിധാനം. 

ശബരിമല: ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പുൽമേട് വഴിയുള്ള തീർത്ഥാടകർക്ക് മികച്ച ആശയവിനിമയ സൗകര്യമൊരുക്കാൻ ബിഎസ്എൻഎൽ താൽക്കാലിക ടവർ സ്ഥാപിക്കുന്നു. മകരവിളക്ക് ദർശനത്തിനായി പതിനായിരങ്ങൾ തടിച്ചുകൂടുന്ന പുൽമേട്ടിൽ ഭക്തജനത്തിരക്ക് കണക്കിലെടുത്ത് അഞ്ച് ദിവസത്തേക്കാണ് ഈ അധിക സംവിധാനം ഏർപ്പെടുത്തുന്നത്. ദുർഘടമായ പുല്ലുമേട് പരമ്പരാഗത തീർത്ഥാടനപാതയിൽ ഫൈബർ കേബിളുകൾ എത്തിക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് മൈക്രോവേവ് സംവിധാനം ഉപയോഗിച്ചാണ് ഇവിടെ നെറ്റ്‌വർക്ക് ലഭ്യമാക്കുക.

നിലവിൽ പാണ്ടിത്താവളത്തെ എക്സ്ചേഞ്ചിൽ നിന്നുള്ള രണ്ട് 4ജി യൂണിറ്റുകളാണ് പുൽമേട് മേഖലയിൽ കവറേജ് നൽകുന്നത്. സത്രം മുതൽ ഓടാംപ്ലാവ് വരെയുള്ള പരമ്പരാഗത പാതയിൽ 80 ശതമാനം ഭാഗങ്ങളിലും 3ജി, 2 ജി സേവനങ്ങൾ ലഭ്യമാണെന്നും ഓടംപ്ലാവ് മുതൽ 4ജി ലഭ്യമാണെന്നും സന്നിധാനത്ത് സേവനമനുഷ്ടിക്കുന്ന ബിഎസ്എൻഎൽ വൃത്തങ്ങൾ വ്യക്തമാക്കി. പത്തനംതിട്ട മുതൽ സന്നിധാനം വരെ 27-ഓളം 4ജി സൈറ്റുകളും അതിവേഗ ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയുമാണ് അയ്യപ്പഭക്തർക്കായി ഇത്തവണ ബിഎസ്എൻഎൽ സജ്ജീകരിച്ചിരിക്കുന്നത്.

ഭക്തർക്ക് മുന്നറിയിപ്പുമായി വനംവകുപ്പ്

ബരിമലയിലെ ഉരക്കുഴി വെള്ളച്ചാട്ടത്തിലേക്ക് പോകുന്നത് കഴിവതും ഒഴിവാക്കണമെന്ന് ഭക്തരോടഭ്യർഥിച്ച് വനംവകുപ്പ്. പ്രദേശത്ത് വന്യജീവി ആക്രമണം വർധിക്കുന്ന സാഹചര്യത്തിലും അപകടങ്ങൾ വർധിക്കുന്നതിനാലും സന്നിധാനം സ്‌പെഷ്യൽ ഡ്യൂട്ടി റേഞ്ച് ഓഫീസർ അരവിന്ദ് ബാലകൃഷ്ണനാണ് ഭക്തർക്ക് ജാഗ്രതാ നിർദേശം നൽകിയത്. കാനനപാതയിലൂടെ വരുന്ന തീർത്ഥാടകരിൽ പലരും ഉരക്കുഴി തീർത്ഥത്തിൽ മുങ്ങിക്കുളിച്ച ശേഷമാണ് സന്നിധാനത്തേക്കെത്തുന്നത്. പാണ്ടിത്താവളത്ത് നിന്നും 400 മീറ്ററിൽ താഴെ മാത്രമകലത്തിലാണ് ഉരക്കുഴി വെള്ളച്ചാട്ടം.

വന്യജീവി സംരക്ഷണ നിയമപ്രകാരം തന്നെ പ്രവേശനത്തിന് നിയന്ത്രണമുള്ള പ്രദേശമാണിതെന്ന് റേഞ്ച് ഓഫീസർ പറഞ്ഞു. ഉരക്കുഴി ഭാഗത്തേക്ക് ഭക്തർ കടന്നുപോയി അപകടങ്ങൾ വരുന്നത് ഇപ്പോൾ സ്ഥിരമായിരിക്കുകയാണ്. ​എല്ലാ ദിവസവും സന്ധ്യാസമയം ആകുമ്പോഴേക്കും ആനകൾ കൂട്ടത്തോടെ, കുട്ടികൾ അടക്കം ഈ ഭാഗത്തേക്ക് ഇറങ്ങാറുണ്ട്. കഴിയുന്നതും ഭക്തർ അങ്ങോട്ട് പോകാതിരിക്കാൻ ശ്രദ്ധിക്കണം. ​വെള്ളച്ചാട്ടത്തിലേക്ക് പോകുന്ന വഴി ചരിഞ്ഞതും വഴുക്കലുള്ളതുമാണ്. ആളുകൾ വീണു കഴിഞ്ഞാൽ ഗുരുതരമായി പരിക്കേൽക്കാൻ സാധ്യതയുണ്ട്‌. തീർഥാടകരുടെ സുരക്ഷയാണ് പ്രധാനമെന്നും നിർദേശം പാലിച്ച് എല്ലാവരും സഹകരിക്കണമെന്നും അരവിന്ദ് ബാലകൃഷ്ണൻ കൂട്ടിച്ചേർത്തു.