ബഫർ സോൺ ഉണ്ടാവില്ലെന്ന മന്ത്രി സജി ചെറിയാന്റെ വാദം തള്ളിയ കോടിയേരി, കെ റെയിൽ എംഡി വി അജിത് കുമാർ പറയുന്നതാണ് ശരിയെന്ന് സ്ഥിരീകരിച്ചു. 

തിരുവനന്തപുരം: സിൽവർ ലൈൻ (Silver line) പദ്ധതിക്ക് വേണ്ടി ഏറ്റെടുക്കുന്ന ഭൂമിക്ക് ഇരുവശവും ബഫർ സോൺ (Buffer zone) ഉണ്ടാകുമെന്ന് സ്ഥിരീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബഫർ സോൺ ഉണ്ടാവില്ലെന്ന മന്ത്രി സജി ചെറിയാന്റെ വാദം തള്ളിയ കോടിയേരി, കെ റെയിൽ എംഡി വി അജിത് കുമാർ പറയുന്നതാണ് ശരിയെന്ന് സ്ഥിരീകരിച്ചു. എല്ലാ കാര്യങ്ങളും എല്ലാവരും പഠിച്ചിട്ടാകില്ല പ്രതികരിക്കുന്നതെന്നാണ് മന്ത്രിയുടെ വാദത്തെ തള്ളി കോടിയേരിയുടെ വിശദീകരണം. കെ റെയിൽ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകും. ഹൈക്കോടതി പറഞ്ഞത് പ്രകാരമുള്ള നടപടികളാണ് ഇപ്പോൾ നടക്കുന്നത്. സർവേക്കെതിരെ കോഴിക്കോട് കോൺഗ്രസും ബിജെപിയും ഒരുമിച്ച് സമരം ചെയ്യുകയാണെന്നും കോടിയേരി ആരോപിച്ചു. 

അതേ സമയം പ്രതിഷേധങ്ങൾ തുടരുമ്പോഴും സിൽവ‍ർ ലൈൻ ബഫർ സോൺ ആശയക്കുഴപ്പങ്ങൾ ഇപ്പോഴും തുടരുകയാണ്. ഒരു മീറ്റർ പോലും ബഫർ സോണില്ലെന്നാണ് കഴിഞ്ഞ ദിവസം മന്ത്രി സജി ചെറിയാൻ അവകാശപ്പെട്ടത്. മന്ത്രിയെ തിരുത്തി പത്ത് മീറ്ററാണ് ബഫർസോൺ എന്നായിരുന്നു കെ റെയിൽ എംഡി വിശദീകരണം. ബഫർ സോൺ ഉണ്ടാകുമെന്ന് കോടിയേരി വ്യക്തമാക്കിയെങ്കിലും ഇനിയും ആശയക്കുഴപ്പം മാറിയിട്ടില്ല. 

ബഫർ സോൺ എത്ര മീറ്റർ? കംപ്ലീറ്റ് ആശയക്കുഴപ്പം

കേന്ദ്ര പാതയിൽ നിന്നും 30 മീറ്റർ ചുറ്റളവിൽ നിർമ്മാണം വിലക്കണമെന്നാണ് സിൽവർ ലൈൻ ഡിപിആറിൻറെ ഭാഗമായുള്ള എക്സിക്യുട്ടീവ് സമ്മറിയിൽ സർക്കാറിനുള്ള നിർദ്ദേശം. സിൽവ‍ർ ലൈൻ പാതയുടെ ഇരുവശത്തും പത്ത് മീറ്റ‍ർ ബഫ‍ർ സോൺ ഉണ്ടാവുമെന്നാണ് കെറെയിൽ എംഡി വ്യക്തമാക്കിയിട്ടുള്ളത്. ഇതിൽ അഞ്ച് മീറ്ററിൽ യാതൊരു നിർമ്മാണവും അനുവദിക്കില്ല. ബാക്കി ഭാ​ഗത്ത് അനുമതിയോടെ നിർമ്മാണം നടത്താമെന്നുമാണ് എംഡിയുടെ വിശദീകരണം.

എന്നാൽ അതേ സമയം, വിവരാവകാശ നിയമപ്രകാരം കെ റെയിൽ നേരത്തെ കെ റെയിൽ വിരുദ്ധ സമരസമിതിക്ക് നൽകിയ മറുപടിയിൽ ബഫർ സോൺ 15 മീറ്ററാണ്. എക്സിക്യുട്ടീവ് സമ്മറി നിർദ്ദേശിച്ച 30 മീറ്റർ എന്നത് ഇരുവശങ്ങളിലായി 15 മീറ്റർ വീതം എന്നാണ് ഉദ്ദേശിക്കുന്നതെന്നാണ് കെ റെയിൽ വിശദീകരണം. അങ്ങനെയെങ്കിൽ അത് എന്ത് കൊണ്ട് കൃത്യമായി ഡിപിആറിൽ ഇക്കാര്യം വ്യക്തമാക്കിയില്ല എന്നതിൽ ആശയക്കുഴപ്പം നിലനിൽക്കുന്നു. എംഡി പറഞ്ഞ 10 മീറ്ററിൽ ആദ്യ അഞ്ച് മീറ്ററിൽ നിർമ്മാണത്തിനു വിലക്കും ബാക്കി അഞ്ചിൽ എൻഒസി നിർബന്ധവും എന്നാണ്. എൻഒസി വേണ്ട പ്രദേശം സർക്കാർ ഏറ്റെടുക്കുന്നില്ല. ഈ സ്ഥലത്തെ നിർമ്മാണത്തിന് ഭാവിയിൽ അനുമതി കിട്ടാൻ സാധ്യത വളരെ കുറവാണ്. സ്ഥലമുടമ വിൽക്കാനും ബുദ്ധിമുട്ടും, നഷ്ടപരിഹാരവുമുണ്ടാകുമോ എന്നും ഉറപ്പില്ല.

K Rail : ബഫർ സോൺ 30 മീറ്ററോ 15 മീറ്ററോ 10 മീറ്ററോ? ആർക്കും വ്യക്തതയില്ല