ഉത്തരവ് നടപ്പാക്കാതെയിരിക്കാനുള്ള മാർഗങ്ങൾ തേടുമെന്ന് കേന്ദ്രം ഉറപ്പ് നൽകിയെന്ന് ഡീൻ കുര്യാക്കോസ്

ദില്ലി: സംരക്ഷിത വനമേഖലകളുടെ അതിര്‍ത്തിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ ചുറ്റളവിൽ നിർബന്ധമായും പരിസ്ഥിതിലോല മേഖല വേണമെന്ന സുപ്രീംകോടതി ഉത്തരവിലെ ആശങ്ക കേന്ദ്രം വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിനെ അറിയിച്ചതായി ഡീൻ കുര്യോക്കോസ് എംപി. കേരളത്തിൽ 24 വന്യജീവി സങ്കേതങ്ങളാണ് ഉള്ളത്. ഇവിടെയെല്ലാം ഒരു കിലോമീറ്റർ വരെയാണ് ബഫർ സോൺ. പുതിയ ഉത്തരവ് കേരളത്തിലെ ജനവാസ കേന്ദ്രങ്ങളെ ബാധിക്കുന്നതാണ്. ഗുരുതരമായ ആശങ്കയാണ് ഉത്തരവിനെ ചൊല്ലി മലയോര മേഖലയിലുള്ളതെന്ന് മന്ത്രിയെ അറിയിച്ചതായും ഡീൻ പറഞ്ഞു. നിയമ നിർമാണം എന്ന സാധ്യത മന്ത്രിക്ക് മുന്നിൽ വച്ചു. ഉത്തരവ് നടപ്പാക്കാതെയിരിക്കാനുള്ള മാർഗങ്ങൾ തേടുമെന്ന് കേന്ദ്രം ഉറപ്പ് നൽകിയതായും ഡീൻ പറഞ്ഞു. 

വനസംരക്ഷണവുമായി ബന്ധപ്പെട്ട് ടി.എൻ ഗോദവർമൻ തിരുമുൽപ്പാട് സമർപ്പിച്ച ഹർജിയിലാണ് കഴിഞ്ഞ ദിവസം സുപ്രീംകോടതി നിർണായക നിർദേശം പുറപ്പെടുവിച്ചത്. സംരക്ഷിത വനമേഖലകളുടെ അതിര്‍ത്തിയില്‍ ഒരു കിലോമീറ്റര്‍ പരിസ്ഥിതിലോല മേഖല നിര്‍ബന്ധമായും വേണമെന്നും ഈ മേഖലയില്‍ ഒരു തരത്തിലുള്ള വികസന-നിര്‍മാണ പ്രവര്‍ത്തനങ്ങളും പാടില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. നിലവില്‍ ഈ മേഖലയില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ അതാതു സംസ്ഥാനങ്ങളിലെ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ അനുമതിയോടു കൂടി മാത്രമേ തുടരാന്‍ പാടൂ എന്നും സുപ്രീംകോടതി ഉത്തരവിലുണ്ട്.

സംരക്ഷിത വനമേഖലകളുടെ അനുബന്ധ പരിസ്ഥിതലോല പ്രദേശങ്ങളില്‍ നിലവിലുള്ള നിര്‍മിതികളെക്കുറിച്ച് മൂന്നു മാസത്തിനകം സംസ്ഥാനങ്ങളിലെ ചീഫ് വൈല്‍ഡ് ലൈഫ് കണ്‍സര്‍വേറ്റര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശം നൽകി. നിലവില്‍ ഇത്തരം പ്രദേശങ്ങളില്‍ ഒരു കിലോമീറ്ററില്‍ അധികം ബഫര്‍ സോണ്‍ ഉണ്ടെങ്കില്‍ അതേപടി തന്നെ തുടരണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ജസ്റ്റിസുമാരായ എല്‍. നാഗേശ്വര റാവു, ബി.ആര്‍.ഗവായ്, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ചാണ് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.