Asianet News MalayalamAsianet News Malayalam

ബഫർസോൺ: സർക്കാരിനും രാഷ്ട്രീയ നേതൃത്വത്തിനുമെതിരെ ഇടുക്കി രൂപത അധ്യക്ഷൻ,ക്രിയാത്മക ഇടപെടലില്ലെന്ന് വിമർശനം

ബഫ‍ർസോണിൽ വരുന്ന ജനവാസ കേന്ദ്രങ്ങളുടെ കണക്കെടുപ്പിന് വനം വകുപ്പിനെ നിയോഗിച്ചതും പ്രതിഷേധം ശക്തമാക്കാൻ കാരണമായിട്ടുണ്ട്

Bufferzone , Idukki diocese against government and political leadership
Author
First Published Aug 30, 2022, 7:04 AM IST

ഇടുക്കി : സംസ്ഥാനത്തെ കർഷകരുടെ ജീവിതത്തെ തകർക്കുന്ന ബഫർ സോൺ ഉൾപ്പെടെയുള്ള വിഷയത്തൽ സർക്കാരിനും രാഷ്ട്രീയ നേതൃത്വത്തിനും എതിരെ ഇടുക്കി രൂപത അധ്യക്ഷൻ . വിഷയത്തിൽ വിഷയത്തിൽ സർക്കാരും രാഷ്ട്രീയ പാ‍ർട്ടികളും ക്രിയാത്മകമായ ഇടപെടൽ നടത്തുന്നില്ലെന്ന് ഇടുക്കി രൂപത അധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ കുറ്റപ്പെടുത്തി. ലബ്ബക്കടയിൽ സംഘടിപ്പിച്ച കർഷക പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

സംരക്ഷിത വനമേഖലക്കു ചുറ്റും ഒരു കിലോമീറ്റർ ബഫർ സോൺ വേണമെന്ന ഉത്തരവിനെതിരെ കത്തോലിക്ക കോൺഗ്രസിൻറെ നേതൃത്വത്തിൽ നടത്തുന്ന സമരങ്ങളുടെ ഭാഗമായിട്ടായിരുന്നു കടപ്പനക്കടുത്ത് കാഞ്ചിയ‍ാർ പഞ്ചായത്തിൽ പ്രതിഷേധ സമരം നടത്തിയത്. തൊപ്പിപ്പാളയിൽ നിന്നും തുടങ്ങിയ പ്രതിഷേധ റാലിയിൽ സ്ത്രീകളും കുട്ടികളുടക്കം നിരവധി പേർ പങ്കു ചേർന്നു. ബഫ‍ർസോണിൽ വരുന്ന ജനവാസ കേന്ദ്രങ്ങളുടെ കണക്കെടുപ്പിന് വനം വകുപ്പിനെ നിയോഗിച്ചതും പ്രതിഷേധം ശക്തമാക്കാൻ കാരണമായിട്ടുണ്ട്.

ഇടുക്കിയിൽ പട്ടയം നൽകുന്നതിനും നിർമ്മാണ നടത്തുന്നതിനും തടസ്സമാകുന്ന ഭൂനിയമം ഭേദഗതി ചെയ്യുമെന്ന് ഉറപ്പു നൽകിയാണ് ഇപ്പോഴത്തെ സർക്കാർ അധികാരത്തിലെത്തിയത്. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും യാതൊരു നടപടിയുമുണ്ടാകാത്തത് പ്രതിഷേധാർഹമാണെന്നും ബിഷപ്പ് പറഞ്ഞു..

കാഞ്ചിയാർ പഞ്ചായത്തിലെ നാന്നൂറോളം കർഷകരെ ബാധിക്കുന്ന 110 കെ വി ഡബിൾ സർക്യൂട്ട് ലൈൻ അലൈൻമെൻറ് മാറ്റുകയോ കേബിളിട്ട് നടപ്പാക്കുകയും ചെയ്യണമെന്ന ആവശ്യവും ഉന്നയിച്ചായിരുന്നു സമരം. 

ബഫർ സോണിൽ ഒഴിയാത്ത ആശങ്ക, 2019 ലെ ഉത്തരവ് റദ്ദാക്കേണ്ടതില്ലെന്ന് വനംമന്ത്രി ശശീന്ദ്രൻ

തിരുവനന്തപുരം : ബഫർ സോണിൽ ഒഴിയാത്ത ആശങ്ക. 2019 ൽ പുറത്തിറക്കിയ ഉത്തരവ് റദ്ദാക്കേണ്ടതില്ലെന്ന് വനംമന്ത്രി ശശീന്ദ്രൻ നിയമസഭയെ അറിയിച്ചു. ഉത്തരവ് റദാക്കിയിട്ടില്ലെന്നും അന്തിമ വിജ്ഞാപനം ഇറക്കുന്നതിന് ആവശ്യമായ രേഖകളും വിവരങ്ങളും നൽകിയിട്ടുണ്ടെന്നും മന്ത്രി സഭയിൽ വിശദീകരിച്ചു. എന്നാൽ, 2019 ലെ മന്ത്രിസഭാ തീരുമാനവും സർക്കാർ ഉത്തരവും റദ്ദാക്കണമെന്ന് പ്രതിപക്ഷം ആവർത്തിച്ചു. 

സർക്കാർ പോസിറ്റീവ് ആയി മറുപടി പറയുന്നില്ലെന്നും പ്രതിപക്ഷ എംഎൽഎ സണ്ണി ജോസഫ് കുറ്റപ്പെടുത്തി. എന്നാൽ നിലവിലുള്ളത് പുതിയ ഉത്തരവാണെന്ന്  വനമന്ത്രി വിശദീകരിച്ചു. ഇതിനെ ചോദ്യം ചെയ്ത പ്രതിപക്ഷ നേതാവ് വിഡി സതീശൻ, 2019ലെ മന്ത്രി സഭാ തീരുമാനം 2020 ലെ മന്ത്രിതല യോഗത്തിൽ എങ്ങനെ തിരുത്താൻ ആകുമെന്ന ചോദ്യമുയർത്തി. ഇപ്പോഴും നിലനിൽക്കുന്നത് 2019 ലെ മന്ത്രിസഭാ യോഗശേഷമുള്ള ഉത്തരവാണ്. ബഫർ സോൺ അപകടകരമായ സ്ഥിതി വിശേഷമാണെന്നും എല്ലാത്തിന്റെയും പൂർണ ഉത്തരവാദി സർക്കാരും വനം മന്ത്രിയുമാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

എന്നാൽ തെറ്റിധരിപ്പിക്കുന്ന രീതിയിലുള്ള പ്രതികരണമാണ് പ്രതിപക്ഷ നേതാവിന്റേതെന്ന് മന്ത്രിയും തിരിച്ചടിച്ചു. മന്ത്രി സഭാ ഉത്തരവും സുപ്രീം കോടതി വിധിയും തമ്മിൽ ബന്ധമില്ല. കേരളത്തെ കേൾക്കാതെ ആയിരുന്നു സുപ്രീം കോടതി ഉത്തരവെന്നും മന്ത്രി വിശദീകരിച്ചു. ബഫർ സോണിൽ എൽഡിഎഫിലെ ഘടകകക്ഷി കേരള കോൺഗ്രസ് അടക്കം ഉടക്കി നിൽക്കുമ്പോഴാണ് വീണ്ടും വിഷയം സഭയിൽ ചർച്ചയായത്. 

മന്ത്രിസഭാ തീരുമാനത്തേയും ഉത്തരവിനെയും തുടർന്നല്ല ബഫർസോണിൽ സുപ്രീം കോടതി ഉത്തരവ് ഉണ്ടായതെന്നാണ് നിയമമന്ത്രി പി രാജീവ് സഭയിൽ വിശദീകരിച്ചത്. സുപ്രീം കോടതി ആവശ്യപ്പെട്ട വിവരങ്ങൾ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.  

Follow Us:
Download App:
  • android
  • ios