Asianet News MalayalamAsianet News Malayalam

താമരശ്ശേരിയില്‍ കെട്ടിടം തകർന്നു വീണ് 23 പേർക്ക് പരിക്ക്; രണ്ട് പേരുടെ നില ഗുരുതരം

താമരശ്ശേരി നോളജ്സിറ്റിയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടമാണ് തകർന്നു വീണത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

building collapses in kozhikode 15  Injured
Author
Kozhikode, First Published Jan 18, 2022, 12:37 PM IST

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയില്‍ കെട്ടിടം തകർന്നു വീണ് 23 പേർക്ക് പരിക്ക്. രണ്ട് പേരുടെ നില ഗുരുതരമാണ്. കോടഞ്ചേരിയിലെ നോളജ്സിറ്റിയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടമാണ് തകർന്നു വീണത്. രക്ഷാപ്രവർത്തനം പൂർത്തിയായി.

ആകെ അപകട സ്ഥലത്തുനിന്നും 23 പേരെയാണ് കാണാതായത്. ഇതിൽ 17 പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും രണ്ട് പേരെ  സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബാക്കി വിവരങ്ങൾ ശേഖരിച്ചു വരുന്നെന്ന് പൊലീസ് അറിയിച്ചു. കോൺക്രീറ്റ് താങ്ങിയ തൂണുകൾ തെന്നിയതാണ് അപകടകാരണമായതെന്നാണ് വിലയിരുത്തലെന്ന് മർകസ് നോളജ് സിറ്റി സിഇഒ അബ്ദുൽ സലാം പറഞ്ഞു. ആരുടെയും നില ഗുരുതരമല്ലെന്നാണ് കിട്ടിയ വിവരമെന്നും അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കെട്ടിടത്തിന്‍റെ നിർമാണം അനുമതിയോടെ തന്നെയാണെന്നും മർകസ് അധികൃതർ അറിയിച്ചു.

അതേസമയം, പ്രാഥമികമായി കെട്ടിടത്തിന് അനുമതിയില്ലെന്നാണ് വിവരമെന്ന് കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി പറഞ്ഞു. കെട്ടിട നിര്‍മ്മാണത്തിന് വേണ്ടി അപേക്ഷ ലഭിച്ചിരുന്നെങ്കിലും പരിശോധന നടത്തി അനുമതി നൽകുന്ന നടപടി പൂർത്തിയായിരുന്നില്ലെന്നാണ് പഞ്ചായത്ത് പ്രസിഡന്‍റ് പറയുന്നത്.

Follow Us:
Download App:
  • android
  • ios