വയനാട്: വായ്പയെടുത്ത് സംരംഭം  തുടങ്ങാൻ ശ്രമിച്ച വ്യവസായിയോട് വലിയ തുക കൈക്കൂലി ആവശ്യപ്പെട്ടതായി പരാതി. വയനാട് മീനങ്ങാടി സ്വദേശി ബിനീഷ്  പോൾ ആണ് അമ്പലവയൽ പഞ്ചായത്തിലെ ഉദ്യോഗസ്ഥർക്കെതിരെയും ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർക്കെതിരെയും  രംഗത്തെത്തിയത്. ഇദ്ദേഹത്തിന്‍റെ പരാതിയിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥനെ വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു.

2019 ഒക്ടോബറിലാണ് അമ്പലവയൽ പഞ്ചായത്തിൽ ബിനീഷ് കെട്ടിട നിർമ്മാണത്തിന് അനുമതി തേടി അപേക്ഷ നൽകിയത്. റിസോർട്ട് ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായിരുന്നു കെട്ടിടം. എന്നാൽ  നിസാര കാരണങ്ങൾ പറഞ്ഞ് അനുമതി നൽകാൻ ഉദ്യോഗസ്ഥർ തയ്യാറായില്ലെന്നാണ് പരാതി. 

ഫയർ എൻഒസി ആവശ്യമുള്ള അത്രയും വിസ്തീർണമുള്ള കെട്ടിടമല്ലാതിരുന്നിട്ടും പഞ്ചായത്ത് ഇത് ആവശ്യപ്പെട്ടു. ഫയർ എൻഒസിക്ക് ബത്തേരി ഫയർ സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എകെ കുര്യൻ വലിയ തുക  കൈക്കൂലി ആവശ്യപ്പെടുകയും ചെയ്തു. 

ബിനീഷിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ കൈക്കൂലി വാങ്ങുന്നതിനിടെ കുര്യൻ കഴിഞ്ഞ ദിവസം വിജിലൻസ് പിടിയിലായി. ഇതിന് ശേഷവും ഭീഷണി ഉണ്ടെന്നാണ് ബിനീഷ് ആരോപിക്കുന്നത്. ആയിരം ചതുരശ്ര മീറ്റർ വിസ്തീർണമുള്ള കെട്ടിടത്തിന് ഫയ‍ർ എൻഒസി വേണ്ട. 

പകരം സ്വയം സക്ഷ്യപ്പെടുത്തിയ സമ്മതപത്രമാണ് ആവശ്യം. എന്നാൽ  ഫയർ എൻഒസി ഇല്ലാതെ കെട്ടിട നിർമ്മാണത്തിന് അനുമതി നൽകില്ലെന്ന് അമ്പലവയൽ പഞ്ചായത്ത് അധികൃതർ നിലപാടെടുത്തു. ഇക്കാര്യത്തിൽ നിയമനടപടിക്കൊരുങ്ങുകയാണ്  ബിനീഷ്.