തിരുവനന്തപുരം: ബം​ഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ബുറേവി ചുഴലിക്കാറ്റായി. മണിക്കൂറില്‍ 75 കി.മീ വരെ വേഗത്തിലായിരിക്കും ചുഴലിക്കാറ്റ് സഞ്ചരിക്കുക. നാളെ വൈകിട്ട് ചുഴലിക്കാറ്റ് ശ്രീലങ്കന്‍ തീരം തൊടും. വെള്ളിയാഴ്‍ച പുലര്‍ച്ചെയോടെ കന്യാകുമാരി തീരത്തെത്തും. ചുഴലിക്കാറ്റ് തെക്കൻ കേരളത്തെയും ബാധിച്ചേക്കുമെന്ന് കാലാവസ്ഥാ നീരീക്ഷണകേന്ദ്രങ്ങൾ മുന്നറിയിപ്പ് നൽകി. ചുഴലിക്കാറ്റിനെ നേരിടാൻ ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടിയെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ‌ പറഞ്ഞു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റികൾ യോ​ഗം ചേർന്ന് മുൻകരുതൽ നടപടികൾ വിലയിരുത്തി. ആളുകളെ മാറ്റിപ്പാർപ്പിക്കാനുള്ള ഒരുക്കങ്ങളും തുടങ്ങി. 

തീരമേഖലയിൽ കനത്ത ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. നാളെ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പുലർത്തണം. നാവികസേനയുടേയും വ്യോമസേനയുടേയും സഹായം സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. തമിഴ്നാട് തീരത്തെത്തുന്ന ബുറേവി ചുഴലിക്കാറ്റിനത്തുടർന്ന് ഡിസംബർ രണ്ടിന് വൈകിട്ടോടെയും മൂന്നിനും സംസ്ഥാനത്തെ നാല് ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച കന്യാകുമാരി തീരം തൊടുന്ന ചുഴലിക്കാറ്റിനെത്തുടർന്ന് നാല് ജില്ലകളിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് റെഡ് അലർട്ട്.