തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റിനെ നേരിടാനുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതല യോഗം വിളിച്ചു. 3.30 ന് സെക്രട്ടറിയേറ്റിലാണ് വിവിധ വകുപ്പുകളുടെ യോഗം ചേരുക. ബുറേവി ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ തെക്കൻ കേരളത്തിൽ ചുഴലിക്കാറ്റ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കാറ്റ് ഇന്ത്യന്‍ തീരത്തോട് അടുത്തതിനാലാണ് നേരത്തെ യെല്ലോ അലർട്ടായിരുന്നത് റെഡ് അലർട്ട് ആക്കി ഉയർത്തിയത്. 

അപകടസാധ്യതാ മേഖലകളില്‍ താമസിക്കുന്നവരെ മാറ്റിപാര്‍പ്പിക്കുന്നതിനായി തലസ്ഥാനത്ത്  217 ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. 15,840 പേരെ ക്യാമ്പുകളിലേക്ക് മാറ്റി. തിരുവനന്തപുരം താലൂക്ക് പരിധിയില്‍ 107 ക്യാമ്പുകളുണ്ട്. ചിറയിന്‍കീഴ് 33, വര്‍ക്കല 16, നെയ്യാറ്റിന്‍കര 20, കാട്ടാക്കട 12, നെടുമങ്ങാട് 29 എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം. 

ബുറേവി ചുഴലിക്കാറ്റ്; 12 വിമാനങ്ങൾ റദ്ദാക്കി, സംസ്ഥാനത്ത് മുന്നൊരുക്കങ്ങൾ ശക്തമെന്ന് റവന്യൂമന്ത്രി.

തിരുവനന്തപുരം ജില്ല പൂർണ്ണമായും ജാഗ്രതയിലാണെന്ന് ജില്ലാ കളക്ടർ നവ്‌ജ്യോത് ഖോസ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. തിരുവനന്തപുരത്ത് പ്രത്യേക കൺട്രോൾ റൂം തുറന്നിട്ടുണ്ട്.. കളട്രേറ്റിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹൈൽപ് ലൈനും സജ്ജമാക്കിയിട്ടുണ്ട്. അടിയന്തര ആവശ്യങ്ങൾക്ക് ഹൈൽപ് ലൈൻ നമ്പർ 1077 ല്‍‌‍ വിളിക്കാം. 0471 2330077, 0471 2333101 എന്നീ നമ്പറുകളിൽ തിരുവനന്തപുരം ഫയർ ഫോഴ്സ് കണ്ട്രോൾ റൂമിലേക്കും വിളിക്കാം.