ഇടിയുടെ ആഘാതത്തിൽ ബസ്സിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ അഗ്നിരക്ഷാസേന എത്തിയാണ് പുറത്തേക്ക് എടുത്തത്

കൊല്ലം: തെങ്കാശി ദേശീയപാതയിൽ കെഎസ്ആര്‍ടിസി ബസ്സും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. പരിക്ക് പറ്റിയവരെ കടക്കടൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ബസ്സിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ അഗ്നിരക്ഷാസേന എത്തിയാണ് പുറത്തേക്ക് എടുത്തത്. പരിക്കേറ്റ 29 പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. പരിക്കേറ്റവരിൽ സ്ത്രീകളും കുട്ടികളും ഉണ്ട്. പരിക്കേറ്റവരുടെ ചികിത്സ ഏകോപിപ്പിക്കാനായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് എത്തിയിട്ടുണ്ട്. 

 അപകടത്തില്‍പ്പെട്ട് കടയ്ക്കല്‍ ആശുപത്രിയിലും മെഡിക്കല്‍ കോളേജിലും ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചെന്നും കണ്‍ട്രോള്‍ റൂം തുറന്നെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ക്രമീകരണങ്ങള്‍ വിലയിരുത്തുകയും വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ ആശുപത്രി സൂപ്രണ്ടിന് മന്ത്രി നിര്‍ദേശം നല്‍കുകയും ചെയ്തു. രണ്ട് ആശുപത്രിയിലും മതിയായ ജീവനക്കാരെ ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

കടയ്ക്കല്‍ ആശുപത്രിയില്‍ നിസാര പരിക്കുകളുള്ള 15 പേരാണ് ചികിത്സയിലുള്ളത്. 42 പേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്. ഒരാള്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ റെഡ് സോണിലും യെല്ലോ സോണിലും വിദഗ്ധ ചികിത്സ നല്‍കി എമര്‍ജന്‍സി ട്രോമ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍ കോളേജില്‍ പ്രത്യേക വാര്‍ഡ് തുറക്കാന്‍ നിര്‍ദേശം നല്‍കി. പരിക്കേറ്റവരെ പറ്റിയറിയാന്‍ മന്ത്രിയുടെ നിര്‍ദേശ പ്രകാരം മെഡിക്കല്‍ കോളേജില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ഫോണ്‍ നമ്പര്‍ 0471 2528300