തിരുവനന്തപുരം: യാത്രക്കാരെ വഴിയിൽ ഇറക്കിവിട്ട ദീർഘദൂര സ്വകാര്യ ബസിന്റെ ഡ്രൈവർ കസ്റ്റഡിയിൽ. ബംഗളൂരു-തിരുവനന്തപുരം സർവീസ് നടത്തിയ മാജിക് എക്സ്പ്രസ് എന്ന കർണ്ണാടക രജിസ്ട്രേഷന്‍ ബസിലെ ജീവനക്കാരാണ് യാത്രക്കാരെ വഴിയിൽ ഇറക്കിവിട്ടത്. തിരുവനന്തപുരത്തേക്കുള്ള യാത്രക്കാരെ പാറശ്ശാലയിലാണ് ഇറക്കിവിട്ടത്.

തിരുവനന്തപുരം നഗരത്തിലേക്ക് കടക്കാൻ അനുമതി ഇല്ലെന്നും മറ്റൊരു ബസ് ഏർപ്പാടാക്കാമെന്നും അറിയിച്ചാണ് യാത്രക്കാരെ പാറശാലയിൽ ഇറക്കിയത്. യാത്രക്കാർ പ്രതിഷേധിച്ചതോടെ സ്ഥലത്തെത്തിയ പൊലീസ് ഡ്രൈവർ മോഹനെ കസ്റ്റഡിയിലെടുത്തു. അന്വേഷണത്തില്‍ ബസിന് രേഖകളില്ലെന്ന് തെളിഞ്ഞു.

ഇന്നലെ രാത്രി എട്ട് മണിക്ക് പുറപ്പെടേണ്ട ബസ് പുലർച്ചെയാണ് യാത്രതിരിച്ചത്. 12 മണിക്കൂർ ദുരിതയാത്രക്ക് ശേഷമാണ് യാത്രക്കാരെ വഴിയിൽ ഇറക്കിയത്. 3000 രൂപ നൽകിയാണ് യാത്രക്കാർ ടിക്കറ്റ് എടുത്തത്. പാറശാല പൊലീസ് വാഹനം എടിഒക്ക് കൈമാറി. യാത്രക്കാർ പ്രതിഷേധിച്ചെങ്കിലും നഷ്ടപരിഹാരം നൽകാൻ ബസുടമ തയ്യാറായില്ല.