കൊല്ലം: മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കും മാധ്യമ പ്രവർത്തകർക്കും എതിരെ ഭീഷണിയുമായി അഞ്ചൽ സ്കൂൾ മൈതാനത്ത് അപകടകരമായ രീതിയിൽ വാഹനം ഓടിച്ച ടൂറിസ്റ്റ് ബസ്സ്  ഉടമകൾ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബസ്സുടമകളുടെ ഭീഷണി. സംസ്ഥാന വ്യാപകമായി ടൂറിസ്റ്റ് ബസ്സുകളിലെ നിയമ വിരുദ്ധ പ്രവർത്തനം പരിശോധിക്കുന്ന ഓപ്പറേഷൻ തണ്ടർ തുടരുന്നു. 

വിനോദ യാത്ര കഴിഞ്ഞ് മടങ്ങി എത്തിയ ലൂമിയർ ട്രാവൽസിന്‍റെ രണ്ട് ബസ്സുകൾ മോട്ടോർ വാഹനവകുപ്പ് കഴിഞ്ഞ ദിവസമാണ് പിടിച്ചെടുത്തത്. ബസ്സുകൾ നിയമലംഘനം  നടത്തിയെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിൽ ബസ്സുകളുടെ ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റ് റദ്ദാക്കി. ഡ്രൈവർമാരുടെ ലൈസൻസുകൾ താത്കാലികമായി സസ്പൻഡ് ചെയ്യാനും തീരുമാനിച്ചു. ഇതിന് തൊട്ട് പിന്നാലെയാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കും മാധ്യമ പ്രവർത്തകർക്കും എതിരെ സമൂഹമാധ്യമങ്ങളിൽ ബസ്സുടമകളുടെ ഭീഷണി സന്ദേശം പ്രചരിക്കുന്നത്. ഓലപാമ്പ് കാണിച്ച് ഭീഷണിപ്പെടുത്തേണ്ടെന്നും വേണ്ടി വന്നാൽ കായികപരമായി നേരിടുമെന്നും ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നു. 

സ്കൂൾ കുട്ടികളുടെ വിനോദയാത്രക്കിടെ ഓടുന്ന ബസില്‍ നിന്നിറങ്ങി 'ആന നടത്തവുമായി' ഡ്രൈവര്‍: നടപടി

ഡ്രൈവർമാരുടെ ലൈസൻസ് രണ്ട് മാസത്തേക്ക് താത്കാലികമായി റദ്ദാക്കാൻ മാത്രമേ കഴിയുകയുള്ളൂവെന്നും  ഈ ഡ്രൈവർമാർ തന്നെ ബസ്സുകൾ ഓടിക്കുമെന്നും ഉടമകൾ വെല്ലുവിളിക്കുന്നു. ഭീഷണി പോസ്റ്റ് മോട്ടോർ വാഹനവകുപ്പിന്‍റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കർശന നടപടി തുടരാനാണ് മോട്ടോർ വാഹനവകുപ്പിന്‍റെ തീരുമാനം. മോട്ടോർ വാഹന വകുപ്പ് സംസ്ഥാന വ്യാപകമായി ഇന്നലെ നടത്തിയ പരിശോധനയിൽ 206  ബസ്സുകൾക്കെതിരെ നടപടി എടുത്തു. അമിതമായി വെളിച്ച സംവിധാനങ്ങളും ശബ്ദസംവിധാനങ്ങളും ഉപയോഗിച്ചതിനാണ് നടപടി.