കൊല്ലം: വിനോദയാത്രക്ക് കുട്ടികളെ കൊണ്ടുപോകാനെത്തിയ ടൂറിസ്റ്റ് ബസ്സ് സ്കൂൾ വളപ്പിൽ നടത്തിയ അഭ്യാസ പ്രകടനത്തിന് പിന്നാലെ ഓടുന്ന ബസിന് ഒപ്പം നടക്കുന്ന ബസ് ഡ്രൈവറുടെ ഞെട്ടിക്കുന്ന വീഡിയോയും പുറത്ത്. അഞ്ചൽ ഹയര്‍ സെക്കന്ററി സ്കൂളിൽ വിനോദയാത്രക്ക് പോയ സംഘത്തിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. തമിഴ്നാട്ടിലെ ഒരു മൈതാനത്ത് വച്ചാണ് അഭ്യാസ പ്രകടനം. ഓടുന്ന ബസിനൊപ്പം ഡ്രൈവര്‍ നടക്കുന്ന വീഡിയോയാണ് പുറത്ത്വന്നത്.

 "

രണ്ട് സംഭവങ്ങളാണ് ടൂറിസ്റ്റ് ബസുകളുടെ അഭ്യാസ പ്രകടനവുമായി ബന്ധപ്പെട്ട് കൊല്ലത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്തത്.  കോട്ടാരക്കയിൽ വിനോദയാത്രാ സംഘത്തെ കൊണ്ടുപോകാനെത്തിയ ബസുമായി സ്കൂൾ വളപ്പിൽ നടത്തിയ അഭ്യാസ പ്രകടനത്തിന്‍റെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ് രംഗത്തെത്തിയിരുന്നു. ടൂറിസ്റ്റ് ബസ് കസ്റ്റഡിയിലെടുക്കുകയും ഡ്രൈവര്‍ രഞ്ജുവിന്‍റെ ലൈസൻസ് പിടിച്ചെടുക്കുകയും ചെയ്തു. താൽക്കാലികമായി ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികളാണ് ആലോചിക്കുന്നത്. 

ടൂറിസ്റ്റ് ബസിനൊപ്പം കാറുകളിലും ബൈക്കുകളിലുമായി വിദ്യാര്‍ത്ഥികളും അഭ്യാസ പ്രകടനം നടത്തിയ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. എന്നാൽ സ്കൂളിലെ കുട്ടികളൊന്നും സംഭവത്തിൽ ഉൾപ്പെട്ടിട്ടില്ലെന്നാണ് വിദ്യാധിരാജ സ്കൂൾ മാനേജ്മെന്‍റിന്‍റെ വിശദീകരണം. സ്കൂൾ ഗ്രൗണ്ടിൽ പുറത്ത് നിന്ന് എത്തിയ ആളുകൾ അഭ്യാസ പ്രകടനം നടത്തുകയായിരുന്നു എന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം.