Asianet News MalayalamAsianet News Malayalam

KSRTC| കെഎസ്ആര്‍ടിസി പണിമുടക്ക് ഇന്നും പൂര്‍ണം; 93 ശതമാനം സര്‍വ്വീസുകളും മുടങ്ങി, വലഞ്ഞ് ജനം

ഡയസ്നോണ്‍ ഉത്തരവ് തള്ളി ഭൂരിഭാഗം ജീവനക്കാരും ഇന്ന് പണിമുടക്കില്‍ പങ്കെടുത്തതോടെ സര്‍വ്വീസുകള്‍ വ്യാപകമായി മുടങ്ങി. ശരാശരി 3600 സര്‍വ്വീസുകളുളള കെഎസ്ആര്‍ടിസിക്ക് ഇന്ന് നിരത്തിലിറക്കാനായത് 268 ബസുകള്‍ മാത്രം.

bus service of ksrtc  interrupted passengers stranded
Author
Trivandrum, First Published Nov 6, 2021, 12:35 PM IST

തിരുവനന്തപുരം: കെഎസ്ആര്‍ടിസി (KSRTC) ജീവനക്കാരുടെ പണിമുടക്ക് രണ്ടാം ദിവസവും പൂര്‍ണം. യാത്രാക്ളേശത്തില്‍ ജനം ഇന്നും വലഞ്ഞു. ഭൂരിഭാഗം ജീവനക്കാരും പണിമുടക്കിനെ പിന്തുണച്ചതോടെ 93 ശതമാനം സര്‍വ്വീസുകളും മുടങ്ങി. ഇതൊരു താക്കീതാണെന്നും ശമ്പള പരിഷ്കരണം നടപ്പാക്കിയില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് പോകുമെന്നും യൂണിയനുകള്‍ മുന്നറിയിപ്പ് നല്‍കി.

ശമ്പള പരിഷ്കരണം അനന്തമായി നീളുന്നതിനെതിരായ പണിമുടക്ക് ഇന്നും തുടരുമെന്ന് പ്രഖ്യാപിച്ചിരുന്നത് അംഗീകൃത യൂണിയനായ ടിഡിഎഫ് മാത്രമാണ്. എഐടിയുസി യൂണിയനും പിന്തുണച്ചു. സിഐടിയു, ബിഎംഎസ് യൂണിയനുകളുടെ പണിമുടക്ക് അര്‍ദ്ധരാത്രി അവസാനിച്ചിരുന്നു. ഡയസ്നോണ്‍ ഉത്തരവ് തള്ളി ഭൂരിഭാഗം ജീവനക്കാരും ഇന്ന് പണിമുടക്കില്‍ പങ്കെടുത്തതോടെ സര്‍വ്വീസുകള്‍ വ്യാപകമായി മുടങ്ങി. ശരാശരി 3600 സര്‍വ്വീസുകളുളള കെഎസ്ആര്‍ടിസിക്ക് ഇന്ന് നിരത്തിലിറക്കാനായത് 268 ബസുകള്‍ മാത്രം.

48 മണിക്കൂര്‍ പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി അവസാനിക്കും. 2016 ല്‍ കാലവധി അവസാനിച്ച ശമ്പള പരിഷ്കരണ കരാര്‍ പുതുക്കാന്‍ സര്‍ക്കാര്‍ ഇനിയും തയ്യാറായില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് പോകേണ്ടി വരുമെന്ന് തൊഴിലാളി യൂണിയനുകള്‍ മുന്നറിയിപ്പ് നല്‍കി. രണ്ട് ദിവസത്തെ പണിമുടക്ക് ഒന്‍പത് കോടിയോളം രൂപയുടെ വരുമാന നഷ്ടമുണ്ടാക്കിയിട്ടുണ്ടെന്നാണ് കണക്ക്. 

ശമ്പളത്തിനും പെന്‍ഷനുമായി പ്രതിമാസം 150 കോടിയോളം കെഎസ്ആര്‍ടിസിക്കായി സര്‍ക്കാര്‍ നല്‍കുന്നുണ്ട്.
ശമ്പള പരിഷ്കരണം പ്രതിമാസം 30 കോടിയോളം അധിക ബാധ്യതയുണ്ടാക്കുമെന്നും സാവകാശം വേണമെന്നും ഗതാഗതമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. തുടര്‍ ചര്‍ച്ചകള്‍ ഇനി എന്ന് നടക്കുമെന്നതില്‍ വ്യക്തതയില്ല.

 
Follow Us:
Download App:
  • android
  • ios