Asianet News MalayalamAsianet News Malayalam

'ആ ബസ് കാത്തിരിപ്പ് കേന്ദ്രം ഇനി വേണ്ട'; പൊളിച്ച് ജെൻഡർ ന്യൂട്രൽ ബസ് ഷെൽറ്റർ സ്ഥാപിക്കുമെന്ന് മേയർ

ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിച്ചത് അനധികൃതമായെന്ന് മേയർ, ബസ് സ്റ്റോപ്പിലെ ഇരിപ്പിടങ്ങൾ പൊളിച്ചു നീക്കിയതിൽ പ്രതിഷേധം വ്യാപകം

Bus shelter centre at Thiruvananthapuram CET will be demolished, says Arya Rajendaran
Author
Thiruvananthapuram, First Published Jul 21, 2022, 12:34 PM IST

തിരുവനന്തപുരം: തിരുവനന്തപുരം സിഇടി എഞ്ചിനീയറിംഗ് കോളേജിന് സമീപമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു നീക്കുമെന്ന് മേയർ ആര്യ രാജേന്ദ്രൻ.  ഷെൽട്ടർ നിർ‍മിച്ചത് അനധികൃതമായാണെന്നും മേയർ വ്യക്തമാക്കി. പൊളിച്ചുമാറ്റുന്ന ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് പകരം  ജെൻഡർ ന്യൂട്രൽ ബസ് ഷെൽറ്റർ നഗരസഭ നിർമിക്കുമെന്നും മേയർ പറഞ്ഞു. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരിക്കുന്നുവെന്ന് ആരോപിച്ച് തിരുവനന്തപുരം സിഇടി എഞ്ചിനീയറിംഗ് കോളേജിന് സമീപമുള്ള ബസ് സ്റ്റോപ്പിലെ ഇരിപ്പിടങ്ങൾ പൊളിച്ചു നീക്കിയിരുന്നു. ഈ സ്ഥലം സന്ദർശിച്ച ശേഷമായിരുന്നു ആര്യ രാജേന്ദ്രന്റെ പ്രതികരണം.

'അടുത്തിരിക്കുന്നില്ല, മടിയിലിരിക്കും'; സീറ്റ് വെട്ടിപ്പൊളിച്ച സദാചാരവാദികൾക്ക് മറുപടി നൽകി വിദ്യാ‍ര്‍ത്ഥികൾ

കഴിഞ്ഞ ദിവസമാണ് ബസ് സറ്റോപ്പിലെ ഇരിപ്പിടങ്ങൾ ചിലർ പൊളിച്ച് നീക്കിയത്. നീളമുള്ള ഇരിപ്പിടം മൂന്ന് ഭാഗങ്ങളായി വെട്ടിമുറിച്ച് സിംഗിൾ സീറ്റ് ആക്കി മാറ്റുകയായിരുന്നു. ആൺകുട്ടികളും പെൺകുട്ടികളും അടുത്തടുത്ത് ഇരിക്കുന്നത് തടയാനാണ് ഈ നടപടി എന്ന് ആരോപിച്ച് എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികളും രംഗത്തെത്തി. അടുത്തിരിക്കാൻ പാടില്ലെന്നല്ലേ ഉള്ളൂ, മടിയിലിരിക്കാമല്ലോ എന്ന വാചകങ്ങളുമായി വിദ്യാർത്ഥികൾ പോസ്റ്റ് ചെയ്ത ഫോട്ടോ വൈറലായി. മുൻ എംഎൽഎയും സിഇടിയിലെ മുൻ വിദ്യാർത്ഥിയുമായ കെ.എസ്.ശബരീനാഥൻ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത് വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ചു. 

'ദുരാചാരവും കൊണ്ടുവന്നാൽ പിള്ളേര് പറപ്പിക്കും', സിഇടി വിദ്യാർത്ഥികൾക്ക് അഭിവാദ്യവുമായി വിദ്യാഭ്യാസമന്ത്രി

പ്രതിഷേധം വൈറലായതിന് പിന്നാലെ വിദ്യാർത്ഥികളെ പിന്തുണച്ച് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയും രം​ഗത്തെത്തി. ദുരാചാരവും കൊണ്ടുവന്നാൽ പിള്ളേര് പറപ്പിക്കും എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. സിഇടി വിദ്യാർത്ഥികൾക്ക് അഭിവാദ്യങ്ങൾ എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. 

ചൊവ്വാഴ്ച വിദ്യാ‍ർത്ഥികളെത്തിയപ്പോഴാണ് ബസ് സ്റ്റോപ്പിലെ ഇരിപ്പിടങ്ങൾ വെട്ടിപ്പൊളിച്ച രീതിയിൽ കണ്ടത്. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരിക്കാതിരിക്കാനാണ് സദാചാരവാദികളുടെ നടപടിയെന്ന് മനസ്സിലാക്കിയ വിദ്യാ‍ർത്ഥികൾ വേറിട്ട പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ആൺകുട്ടികളും പെൺകുട്ടികളും അടുത്തിരുന്നും മടയിൽ കയറി  ഇരുന്നുമായിരുന്നു പ്രതിഷേധം. ഫോട്ടോ എടുത്ത് സാമൂഹിക മാധ്യമങ്ങളിലും ഇട്ടു. കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥികളാണ് ഇത്തരത്തിൽ പ്രതിഷേധിച്ചത്. 
 

 

Follow Us:
Download App:
  • android
  • ios