സഭാ നേതൃത്വത്തിന്‍റെ ശുപാര്‍ശക്കത്തുമായി സിപിഐ സംസ്ഥാന സെക്രട്ടറിയെ കണ്ട കഞ്ചിക്കോട്ടെ വ്യവസായി ഐസക് വര്‍ഗീസാണ് വീണ്ടും കാനത്തിന് കത്തയച്ചിരിക്കുന്നത്. സിപിഐ പാലക്കാട് ജില്ലാ സെക്രട്ടറി സുരേഷ് രാജിനെ പ്രതിരോധത്തിലാക്കുന്നതാണ് കത്തിലെ ഉള്ളടക്കം.   

പാലക്കാട്: മണ്ണാര്‍കാട് സീറ്റ് നല്‍കിയില്ലെങ്കില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് സിപിഐയെ വെല്ലുവിളിച്ച്, കാനം രാജേന്ദ്രന് കഞ്ചിക്കോട്ടെ വ്യവസായിയുടെ കത്ത്. സഭാ നേതൃത്വത്തിന്‍റെ ശുപാര്‍ശക്കത്തുമായി സിപിഐ സംസ്ഥാന സെക്രട്ടറിയെ കണ്ട കഞ്ചിക്കോട്ടെ വ്യവസായി ഐസക് വര്‍ഗീസാണ് വീണ്ടും കാനത്തിന് കത്തയച്ചിരിക്കുന്നത്. സിപിഐ പാലക്കാട് ജില്ലാ സെക്രട്ടറി സുരേഷ് രാജിനെ പ്രതിരോധത്തിലാക്കുന്നതാണ് കത്തിലെ ഉള്ളടക്കം.

സുരേഷ് രാജിന് മത്സരിക്കാനാണ് തന്നെ ഒഴിവാക്കുന്നതെന്നാണ് ഐസക് വര്‍ഗീസ് പറയുന്നത്. ആരോപണം തള്ളിയ സിപിഐ ജില്ലാ നേതൃത്വം സ്ഥാനാര്‍ഥിത്വം അജണ്ടയിലില്ലെന്നും വ്യക്തമാക്കി. സഭയുടെ പിന്തുണ തനിക്കുണ്ടെന്ന് ഐസക് വര്‍ഗീസ് കത്തില്‍ ആവര്‍ത്തിക്കുന്നു. ലത്തീന്‍ സഭാ സുല്‍ത്താന്‍ പേട്ട ബിഷപ്പ് പീറ്റര്‍ അന്തോണി സാമിയുടെ ഭൂമി താന്‍ വാങ്ങിയെന്നും അതിനെതിരെ ചിലര്‍ രംഗത്തുവന്നെങ്കിലും ഒന്നും സംഭവിച്ചില്ലെന്നും ഐസക് വര്‍ഗീസ് വ്യക്തമാക്കുന്നു.

സ്ഥാനാര്‍ഥി ആക്കണമെന്ന ഐസക് വര്‍ഗീസിന്‍റെ ആവശ്യം ആവര്‍ത്തിച്ചു തള്ളുന്ന സിപിഐ നേതൃത്വം സമ്മര്‍ദ്ദം മറികടക്കാനുള്ള നീക്കം തുടങ്ങി. ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് സ്വാധീനമുള്ള മണ്ണാര്‍കാട് പിന്തുണ ഉറപ്പാക്കാന്‍ പാലക്കാട് രൂപതാ അധ്യക്ഷന്‍ മാര്‍ ജേക്കബ് മനത്തോടത്തുമായി ജില്ലാ സെക്രട്ടറി സുരേഷ് രാജ് കൂടിക്കാഴ്ച നടത്തി.