Asianet News MalayalamAsianet News Malayalam

കണ്ണൂരില്‍ പ്രവാസി ജീവനൊടുക്കിയ സംഭവം: യുഡിഎഫ് പ്രതിഷേധ മാർച്ച് ഇന്ന്

നഗരസഭ ചെയർപേഴ്‍സൺ പി കെ ശ്യാമള, നഗരസഭ എഞ്ചിനീയർ, നഗരസഭ സെക്രട്ടറി എന്നിവർക്കെതിരെ നടപടി ആവശ്യപ്പെട്ട് സാജന്‍റെ കുടുംബം ഇന്ന് മുഖ്യമന്ത്രിക്ക് പരാതി അയക്കും

business man suicide in kannur, udf protest march today
Author
Kannur, First Published Jun 20, 2019, 7:12 AM IST

കണ്ണൂര്‍: കണ്ണൂർ ആന്തൂരില്‍ പ്രവാസി വ്യവസായി സാജൻ പാറയിൽ ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് ഇന്ന് ആന്തൂർ നഗരസഭയിലേക്ക് മാർച്ച് നടത്തും. നഗരസഭ ചെയർപേഴ്‍സൺ പി കെ ശ്യാമള, നഗരസഭ എഞ്ചിനീയർ, നഗരസഭ സെക്രട്ടറി എന്നിവർക്കെതിരെ നടപടി ആവശ്യപ്പെട്ട് സാജന്‍റെ കുടുംബം ഇന്ന് മുഖ്യമന്ത്രിക്ക് പരാതി അയക്കും. 

അതേസമയം പി ജയരാജനും എം വി ജയരാജനമടക്കമുള്ള സിപിഎം നേതാക്കൾ സാജന്‍റെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി ചർച്ച നടത്തിയേക്കും. ബിജെപി നേതാവ് കെ സുരേന്ദ്രനും ഇന്ന് സാജന്‍റെ വീട് സന്ദർശിക്കും. 

പ്രവാസിയുടെ ആത്മഹത്യയില്‍ ഭരണസമിതിക്ക് പങ്കില്ലെന്നും മെയ് അവസാനവാരത്തിലാണ് ആത്മഹത്യ ചെയ്ത പാറയില്‍ സാജന്‍റെ  ഓഡിറ്റോറിയത്തിന് അനുമതി തേടി കൊണ്ടുള്ള ഫയര്‍ സെക്രട്ടറിക്ക് മുന്നിലെത്തിയതെന്നുമായിരുന്നു, നഗരസഭ ചെയർപേഴ്സൻ പി കെ ശ്യാമളയുടെ വിശദീകരണം. ഈ ഫയലില്‍ നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് സാജന്‍ ആത്മഹത്യ ചെയ്തതെന്നും പികെ ശ്യാമള വിശദീകരിച്ചു. സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എംവി ഗോവിന്ദന്‍റെ ഭാര്യയാണ് പി കെ ശ്യാമള. 

നഗരസഭയ്ക്ക് യാതൊരു വിരോധവും സാജനോട് ഉണ്ടായിട്ടില്ല.  കഴിഞ്ഞ എപ്രില്‍ 12-നാണ് സാജന്‍ കെട്ടിട്ടത്തിന്‍റെ കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കിയത്. അപേക്ഷയില്‍ ചില പ്രശ്നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അവ പരിഹരിക്കണമെന്ന് സാജനോട് പിന്നീട് ആവശ്യപ്പെടുകയും ചെയ്തു. നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെ തന്നെ ഈ ഓഡിറ്റോറിയത്തില്‍ വിവാഹ പരിപാടികള്‍ നടന്നിരുന്നുവെന്നും ഒരു വിവാഹത്തില്‍ താന്‍ നേരിട്ട് പങ്കെടുത്തതാണെന്നും പികെ ശ്യാമള പറഞ്ഞു. 

സമഗ്രമായ അന്വേഷണം ഉണ്ടാകുമെന്നും ഉദ്യോഗസ്ഥതലത്തിൽ വീഴ്ച ഉണ്ടായെങ്കിൽ കർശന നടപടി ഉണ്ടാകുമെന്നും പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായി നിയമസഭയിൽ പറഞ്ഞു. സിപിഎമ്മിന് സർവ്വാധിപത്യമുള്ള ആന്തൂരിൽ പാർട്ടി നടത്തിയ കൊലപാതകമാണ് ഇതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തിയിരുന്നു.

Follow Us:
Download App:
  • android
  • ios