സന്ദീപ് ഉയർത്തിയ വിഷയങ്ങളൊന്നും പാലക്കാട്‌ ബാധിക്കില്ല. വികസന വിഷയം മാത്രമാണ് പാലക്കാട്‌ ചർച്ചയെന്നും സി കൃഷ്ണകുമാർ

പാലക്കാട്: നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന സന്ദീപ് വാര്യർക്ക് മറുപടിയുമായി പാലക്കാട്ടെ ബിജെപി സ്ഥാനാർഥി സി കൃഷ്ണകുമാർ. സന്ദീപ് വാര്യയരെ ഒതുക്കാൻ പറ്റുന്നത്ര വലിയ ആളല്ല താനെന്ന് അദ്ദേഹം ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. ഒരു ബൂത്ത്‌ പ്രസിഡന്റിനെ പോലും മാറ്റാനുള്ള കരുത്ത് തനിക്കില്ല. പിന്നെയാണ് വലിയ ആളുകളെ മാറ്റുന്നത്. ഇപ്പോഴുണ്ടായ പ്രതിസന്ധി ബിജെപി അതിജീവിക്കും. സന്ദീപ് ഉയർത്തിയ വിഷയങ്ങളൊന്നും പാലക്കാട്‌ ബാധിക്കില്ല. വികസന വിഷയം മാത്രമാണ് പാലക്കാട്‌ ചർച്ച. വിവാദങ്ങളല്ല വികസനമാണ് നമുക്ക് വേണ്ടത്. ബിജെപിക്ക് കോട്ടമുണ്ടാക്കാനാണ് രഥോത്സവ ദിവസം വോട്ടെടുപ്പ് വച്ചത്. കൽപ്പാത്തിയിൽ ബിജെപിയുടെ വോട്ട് കുറക്കാനായിരുന്നു രണ്ടു മുന്നണികളുടെയും ശ്രമം. അതിനുള്ള തന്ത്രങ്ങളാണ് എൽഡിഎഫും യുഡിഎഫും പയറ്റിയതെന്നും കൃഷ്ണകുമാർ കുറ്റപ്പെടുത്തി.