റിമോട്ട് വര്‍ക്കും ഫ്ലെക്സിബിള്‍ വര്‍ക്കിംഗ് രീതികളും വീട് വാങ്ങുന്നവരുടെ മുന്‍ഗണനകളെ മാറ്റിമറിക്കുന്നു. ഓഫീസിനടുത്തുള്ള വീടുകളേക്കാൾ, മികച്ച ജീവിത സൗകര്യങ്ങളും വലുപ്പവുമുള്ള വീടുകൾക്ക് ഇപ്പോൾ ആവശ്യക്കാർ ഏറുകയാണ്.
റിമോട്ട് വര്‍ക്കും, ഫ്ലെക്സിബിള്‍ വര്‍ക്കിംഗ് രീതികളും വീണ്ടും ചര്‍ച്ചയാകുമ്പോള്‍, അനാവശ്യ യാത്രകള്‍ ഒഴിവാക്കാനുള്ള പ്രവണതയും വര്‍ദ്ധിക്കുകയാണ്. ഇതോടെ നമ്മുടെ ദൈനംദിന ജീവിതത്തില്‍ ഓഫീസുകള്‍ക്കുള്ള പങ്ക് പതിയെ മാറുകയാണ്. ഓഫീസുകളുടെ പങ്ക് മാറുമ്പോള്‍, നമ്മള്‍ എവിടെ താമസിക്കണം എന്ന തീരുമാനത്തിലും സ്വാഭാവികമായി മാറ്റം വരുന്നു. ഇതൊരു പുതിയ കാര്യമല്ല. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോവിഡ് കാലത്ത് നമ്മുടെ വീടുകള്‍ ഓഫീസുകളും ക്ലാസ്സ് മുറികളുമൊക്കെയായി മാറിയിരുന്നു. അത് വെറുമൊരു താല്‍ക്കാലിക അഡ്ജസ്റ്റ്‌മെന്റ് ആയിരുന്നില്ല, മറിച്ച് വീട് വാങ്ങുന്നവരുടെ മുന്‍ഗണനകളില്‍ വന്ന വലിയൊരു മാറ്റത്തിന്റെ തുടക്കമായിരുന്നു.
ഡിമാന്‍ഡ് കുറയുന്നില്ല, തീരുമാനങ്ങള്‍ മാറുന്നു
വീടുകള്‍ക്കുള്ള ഡിമാന്‍ഡ് ഇപ്പോഴും ശക്തമാണെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. അനാറോക്കിന്റെ ഡാറ്റ പ്രകാരം, 2026-ലെ ആദ്യ പാദത്തില്‍ ഇന്ത്യയിലെ പ്രധാന 7 നഗരങ്ങളില്‍ വീടുകളുടെ വില്‍പ്പനയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 7-9 ശതമാനം വളര്‍ച്ചയുണ്ടായി. 1.01 ലക്ഷത്തിലധികം യൂണിറ്റുകളാണ് വിറ്റുപോയത്. ജോലി രീതികളിലും യാത്രാശീലങ്ങളിലും മാറ്റങ്ങള്‍ വരുന്നുണ്ടെങ്കിലും, ഭവന വിപണി ഇപ്പോഴും സജീവമാണെന്നാണ് ഇത് വ്യക്തമാക്കുന്നത്. മുന്‍പൊക്കെ 'ഓഫീസിലേക്ക് എത്ര ദൂരമുണ്ട്?' എന്നതായിരുന്നു വീട് വാങ്ങുമ്പോഴുള്ള പ്രധാന ചോദ്യം. എന്നാല്‍ ഇന്നത്, 'ഞാന്‍ എത്ര ദിവസം ഓഫീസില്‍ പോകേണ്ടി വരും?' എന്നായി മാറി. ഈയൊരു മാറ്റം വീട് വാങ്ങുന്നവരുടെ തീരുമാനങ്ങളെ അടിമുടി സ്വാധീനിക്കുന്നുണ്ട്.
യാത്രകളേക്കാള്‍ വലുത് ജീവിതസൗകര്യം
ദിവസവും ഓഫീസില്‍ പോകേണ്ടതില്ലെങ്കില്‍, ഓഫീസിനടുത്ത് തന്നെ വീട് വേണമെന്ന നിര്‍ബന്ധം ആളുകള്‍ക്ക് ഇല്ലാതാകും. യാത്രാസൗകര്യത്തേക്കാള്‍ വീടിന്റെ വലിപ്പം, മറ്റ് സൗകര്യങ്ങള്‍, മികച്ച ജീവിതനിലവാരം എന്നിവയ്ക്കാണ് ഇപ്പോള്‍ മുന്‍ഗണന. നീണ്ട യാത്രാസമയം, വര്‍ദ്ധിച്ചുവരുന്ന ഇന്ധനച്ചെലവ്, ഗതാഗതക്കുരുക്ക് എന്നിവ ഇപ്പോള്‍ വെറും ബുദ്ധിമുട്ടുകള്‍ മാത്രമല്ല; ആളുകളുടെ സാമ്പത്തിക, ജീവിതശൈലി തീരുമാനങ്ങളെ മാറ്റുന്ന ഘടകങ്ങള്‍ കൂടിയാണ്.
പ്രായോഗികതയ്ക്ക് മുന്‍ഗണന: വെറുമൊരു വലിയ വീട് എന്നതിലുപരി, ശ്രദ്ധയോടെ ജോലി ചെയ്യാന്‍ കഴിയുന്ന ഇടങ്ങളും മറ്റ് സൗകര്യങ്ങളുമുള്ള പ്രായോഗികമായ വീടുകള്‍ക്കാണ് ആവശ്യക്കാര്‍ ഏറുന്നത്. ആഴ്ചയില്‍ ചില ദിവസങ്ങള്‍ മാത്രം ഓഫീസില്‍ പോയാല്‍ മതിയെന്നുള്ളത് കൊണ്ട്, ജോലിസ്ഥലത്ത് നിന്നും അല്പം അകലെയാണെങ്കിലും കൂടുതല്‍ സൗകര്യമുള്ള വീടുകളും മികച്ച ചുറ്റുപാടുകളും തിരഞ്ഞെടുക്കാന്‍ ആളുകള്‍ തയ്യാറാകുന്നു. ചുരുക്കത്തില്‍, വേഗം ഓഫീസിലെത്തുക എന്നതിനേക്കാള്‍, നന്നായി ജീവിക്കുക എന്നതിനാണ് ഇപ്പോള്‍ പ്രാധാന്യം.
ബില്‍ഡര്‍മാരുടെ ശ്രദ്ധയും മാറുന്നു
വെറും ആഡംബരം എന്നതിലുപരി ഉപകാരപ്രദമായ രീതിയില്‍ വീടുകള്‍ നിര്‍മ്മിക്കാനാണ് നിര്‍മ്മാതാക്കളും ഇപ്പോള്‍ ശ്രദ്ധിക്കുന്നത്. ദിനംപ്രതി ജീവിക്കാനും ജോലി ചെയ്യാനും അനുയോജ്യമായ ഫ്‌ലെക്‌സിബിള്‍ ലേഔട്ടുകള്‍, വര്‍ക്ക് ഫ്രണ്ട്ലി സ്‌പേസുകള്‍ എന്നിവ അവര്‍ നല്‍കുന്നു. കൂടാതെ അമിതവില ഈടാക്കാതെ താങ്ങാനാവുന്ന വിലയില്‍ പ്രോജക്റ്റുകള്‍ പൂര്‍ത്തിയാക്കാനാണ് കമ്പനികളുടെയും ഇപ്പോഴത്തെ ശ്രമം. റിമോട്ട് വര്‍ക്കിംഗ് നമ്മുടെ തൊഴില്‍ സംസ്‌കാരത്തെ മാറ്റുന്നതിനൊപ്പം, ഒരു 'നല്ല വീട്' എന്ന സങ്കല്പത്തെയും തിരുത്തിയെഴുതുകയാണ്. ഓഫീസിനടുത്തുള്ള വീട് എന്നതിലുപരി ജോലി, ജീവിതം, സമയം എന്നിവ സന്തുലിതമായി കൊണ്ടുപോകാന്‍ കഴിയുന്ന വീടുകള്‍ക്കാണ് വരും നാളുകളില്‍ ഇന്ത്യന്‍ ഭവന വിപണി പ്രാധാന്യം നല്‍കുക.


