തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തില്‍ യോജിച്ച പ്രക്ഷോഭത്തിന് സര്‍വ്വകക്ഷിയോഗത്തില്‍ തീരുമാനം. വിഷയം  ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്ന്  ആവശ്യപ്പെട്ടതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് വ്യക്തമാക്കി. സർവകക്ഷി സംഘം രാഷ്ട്രപതിയെ കാണണമെന്നും യോഗത്തില്‍ ആവശ്യപ്പെട്ടു. യുഎപിഎ പോലുള്ള കരിനിയമങ്ങൾ ഈ സമയത്ത് ഉപയോഗിക്കരുത്. കേസുകൾ അതിരുകടക്കാൻ പാടില്ല. സംസ്ഥാനത്ത് തടങ്കൽ പാളയങ്ങൾ നിർമ്മിക്കരുതെന്നും ആവശ്യപ്പെട്ടതായി പ്രതിപക്ഷനേതാവ് പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ ആശങ്കകള്‍ ഇല്ലാതാക്കാനായി സര്‍ക്കാര്‍ നേതൃത്വത്തില്‍ പ്രചാരണപരിപാടികള്‍ സംഘടിപ്പിക്കണമെന്നും ആവശ്യപ്പെട്ടതായും  മറ്റുകാര്യങ്ങള്‍ കൂടിയാലോചനകള്‍ക്ക് ശേഷം നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രക്ഷോഭം അതിരു കടക്കരുത്; ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം മുൻനിര്‍ത്തി മുഖ്യമന്ത്രി

പതിനൊന്ന് മണിയോടെയാണ് മസ്കറ്റ് ഹോട്ടലിൽ യോഗം ആരംഭിച്ചത്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അടക്കം പങ്കെടുത്ത യോഗത്തിൽ ബിജെപി പ്രതിനിധികൾ പ്രതിഷേധിച്ചു. മുഖ്യമന്ത്രി പിണറായിവിജയന്‍റെ ആമുഖ പ്രസംഗത്തിന് ശേഷമായിരുന്നു പ്രതിഷേധം. രാഷ്ട്രീയ കക്ഷികളും മതസാമുദായിക സംഘടനകളും അടക്കം അമ്പതോളം പ്രതിനിധികളാണ് സര്‍വകക്ഷിയോഗത്തിൽ പങ്കെടുത്തത്.

പൗരത്വ ഭേദഗതി: സംയുക്ത സമരത്തിന് തുടര്‍ച്ച വേണമെന്ന് സര്‍ക്കാര്‍ , പ്രതിഷേധിച്ചിറങ്ങി ബിജെപി