Asianet News MalayalamAsianet News Malayalam

കരിപ്പൂരിൽ പിടിയിലായ കാബിൻ ക്രൂ മുമ്പും സ്വർണം കടത്തി? പിടിക്കപ്പെട്ടത് രഹസ്യ വിവരത്തെ തുടർന്ന്

കൂടുതൽ എയർലൈൻ ജീവനക്കാർ സ്വർണ്ണക്കടത്തിൽ പങ്കാളികളാണോ എന്നും അന്വേഷിക്കും. ഒരേ വിമാനത്തിലെത്തിയ ആറ് പേർ ഒരേ രീതിയിൽ സ്വർണ്ണം കടത്തിയതിന് പിന്നിൽ ഒരേ സംഘമാണോ എന്നും അന്വേഷിക്കുന്നുണ്ട്. 

Cabin crew arrested for gold smuggling in Karipur airport
Author
Kozhikode, First Published Nov 8, 2020, 8:35 AM IST

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം സ്വര്‍ണ്ണക്കടത്തിന് പിടിയിലായ കാബിൻ ക്രൂ നേരത്തേയും സ്വര്‍ണ്ണം കടത്തിയിരുന്നതായി സംശയം. ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണത്തിലാണ് ഡിആർഐ. കാബിന്‍ ക്രൂവിനെ കൂടാതെ ഇതേ വിമാനത്തില്‍ വന്ന അഞ്ച് യാത്രക്കാരേയും സ്വര്‍ണ്ണക്കടത്തിന് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.

എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ കാബിന്‍ ക്രൂവായ കൊല്ലം സ്വദേശി അന്‍സാർ മുഹമ്മദാണ് അറസ്റ്റിലായത്. ഡിആര്‍ഐ ഇയാളില്‍ നിന്ന് പിടികൂടിയത് 90 ലക്ഷം രൂപ വില വരുന്ന ഒരു കിലോ 950 ഗ്രാം സ്വര്‍ണ്ണമിശ്രിതം. അരയ്ക്ക് ചുറ്റും ബെൽറ്റ് പോലെ ധരിച്ചാണ് ഇയാൾ സ്വർണ്ണം കൊണ്ടുവന്നത്. ദുബായില്‍ നിന്ന് കരിപ്പൂരിലെത്തിയ ഐഎക്സ് 1346 വിമാനത്തിലെ കാബിന്‍ ക്രൂവാണ് അന്‍സാര്‍. 

ഇതേ വിമാനത്തിലെത്തിയ അഞ്ച് യാത്രക്കാരും മിശ്രിത സ്വര്‍ണ്ണവുമായി പിടിയിലായി. യാത്രക്കാരില്‍ നിന്ന് കണ്ടെടുത്തത് ഏഴ് കിലോഗ്രം സ്വര്‍ണ്ണം.  ഇതിന് മൂന്നേമുക്കാൽ കോടി രൂപ വില വരും.
 കാബിന്‍ ക്രൂ ആയതിനാല്‍ കര്‍ശന പരിശോധനകള്‍ ഉണ്ടാകില്ല എന്നതിനാലാണ് ശരീരത്തിൽ ഒളിപ്പിച്ച് സ്വർണ്ണക്കടത്തിന് ശ്രമിച്ചത്. 

രഹസ്യ വിവരത്തിന്റെ അടിസ്ഥാനിൽ എല്ലാ ജീവനക്കാരേയും ദേഹപരിശോധന നടത്തിയപ്പോഴാണ് അൻസാർ കുടുങ്ങിയത്.
ഇതാദ്യമായാണ് സ്വർണ്ണം കടത്തിയത് എന്നാണ് ഇയാളുടെ മൊഴി. എന്നാൽ അധികൃതർ ഇത് വിശ്വസിച്ചിട്ടില്ല. യുഎഇയിലേയും കേരളത്തിലേയും ഇയാളുടെ ബന്ധങ്ങളെക്കുറിച്ചും ഡിആർഐ അന്വേഷിക്കുന്നുണ്ട്. കൂടുതൽ എയർലൈൻ ജീവനക്കാർ സ്വർണ്ണക്കടത്തിൽ പങ്കാളികളാണോ എന്നും അന്വേഷിക്കും. ഒരേ വിമാനത്തിലെത്തിയ ആറ് പേർ ഒരേ രീതിയിൽ സ്വർണ്ണം കടത്തിയതിന് പിന്നിൽ ഒരേ സംഘമാണോ എന്നും അന്വേഷിക്കുന്നുണ്ട്. 

Follow Us:
Download App:
  • android
  • ios