Asianet News MalayalamAsianet News Malayalam

വി.ആര്‍.പ്രേം കുമാറിനെ വാണിജ്യ-വ്യവസായ വകുപ്പ് ഡയറക്ടറായി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു

സംസ്ഥാനത്ത് കേരള സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ രൂപീകരിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാനത്തിന്‍റെ സാമ്പത്തിക-സാമൂഹികരംഗത്തെ വളര്‍ച്ച കൃത്യമായി മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന് രൂപം നല്‍കുന്നത്.

cabinet decided to appoint vr premkumar as commerce department secretary
Author
Thiruvananthapuram, First Published Mar 11, 2020, 8:56 PM IST

തിരുവനന്തപുരം: സര്‍വ്വേ ഡയറക്ടര്‍ സ്ഥാനത്തു നിന്നും മാറ്റിയ വി.ആര്‍.പ്രേംകുമാര്‍ ഐഎഎസിനെ വാണിജ്യ-വ്യവസായ വകുപ്പ് സെക്രട്ടറിയായി മാറ്റി നിയമിക്കാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. പ്രേംകുമാറിനെ സര്‍വ്വേ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റാനുള്ള തീരുമാനത്തിനെതിരെ ഐഎഎസ് ഉദ്യോഗസ്ഥരില്‍ ഒരു വിഭാഗം ശക്തമായി പ്രതിഷേധം അറിയിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന് പുതിയ നിയമനം നല്‍കിയിരിക്കുന്നത്. പ്രേംകുമാറിനെ മാറ്റിയതില്‍ പ്രതിഷേധിച്ച് റവന്യൂ വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി വി.വേണു അവധിക്ക് അപേക്ഷ നല്‍കിയിരുന്നു. 

ഇതോടൊപ്പം സംസ്ഥാനത്ത് കേരള സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ രൂപീകരിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാനത്തിന്‍റെ സാമ്പത്തിക-സാമൂഹികരംഗത്തെ വളര്‍ച്ച കൃത്യമായി മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന് രൂപം നല്‍കുന്നത്. കോഴിക്കോട് ജില്ലയിലുണ്ടായ പക്ഷിപ്പനിയെ തുടര്‍ന്ന് പക്ഷികളെ നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു കോഴിയെ വളര്‍ത്തിയ കര്‍ഷകര്‍ക്ക് വലിയ കോഴിക്ക് 200 വീതവും ചെറിയ കോഴിക്ക് നൂറ് രൂപ വീതവും നഷ്ടപരിഹാരം നല്‍കും. 

മന്ത്രിസഭായോഗത്തിലെ തീരുമാനങ്ങള്‍

സംസ്ഥാന സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ രൂപീകരിക്കുന്നു

കേരള സംസ്ഥാന സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ രൂപീകരിക്കാന്‍ തീരുമാനിച്ചു. കേരളത്തിന്‍റെ വികസന പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതില്‍ കൃഷി, വ്യവസായം, പശ്ചാത്തല സൗകര്യം, ധനകാര്യം മുതലായ രംഗങ്ങളിലെ സ്ഥിതിവിവരക്കണക്ക് സമയബന്ധിതമായി ലഭ്യമാക്കുന്നതിനാണ് കമ്മീഷന്‍ രൂപീകരിക്കുന്നത്. ദേശീയതലത്തില്‍ ആഭ്യന്തര വരുമാനത്തിന്‍റെ ത്രൈമാസ കണക്കുകള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ സംസ്ഥാനത്ത് ആഭ്യന്തര വരുമാനത്തിന്‍റെ കൃത്യമായ കണക്ക് ലഭിക്കാന്‍ രണ്ടുവര്‍ഷമെടുക്കുന്ന സ്ഥിതിയുണ്ട്. 

മാത്രമല്ല, കേരളത്തിലെ നിക്ഷേപത്തിന്‍റെ തോത്, സ്വകാര്യ ഉപഭോക്തൃ ചെലവ്, സംസ്ഥാന വരുമാനത്തിന്‍റെ വിനിയോഗം എന്നിവ കണക്കാക്കപ്പെടുന്നുമില്ല, ഇതുകാരണം സര്‍ക്കാര്‍ തലത്തില്‍ നയരൂപീകരണത്തിനും ഗവേഷകര്‍ക്ക് വിശകലനത്തിനും പ്രയാസം നേരിടുന്നുണ്ട്. ഇതൊഴിവാക്കാനാണ് സംസ്ഥാന സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ രൂപീകരിക്കുന്നത്.

ദേശീയ സ്ഥിതിവിവര കമ്മീഷന്‍റെ മുന്‍ ആക്ടിംഗ് ചെയര്‍മാന്‍ പി.സി. മോഹനനെ കമ്മീഷന്‍ ചെയര്‍മാനായി നിയമിക്കും. ഇക്കണോമിക്സ് ആന്‍റ് സ്റ്റാറ്റിസ്റ്റിക്സ് മുന്‍ ഡയറക്ടര്‍ മീരാ സാഹിബ് കമ്മീഷനിലെ മുഴുവന്‍ സമയ അംഗവും ബാംഗ്ലൂര്‍ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്സ് ഇന്‍സ്റ്റിറ്റ്യൂട്ട് വകുപ്പ്  മേധാവി ഡോ. മധുര സ്വാമിനാഥന്‍, ഹൈദരാബാദ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് റൂറല്‍ ഡവല്മെന്‍റിലെ ഫാക്കല്‍റ്റി അംഗം ഡോ. വി. സുര്‍ജിത്ത് വിക്രമന്‍ എന്നിവര്‍ പാര്‍ട് ടൈം അംഗങ്ങളുമായിരിക്കും. മൂന്നു വര്‍ഷമാണ് കമ്മീഷന്‍റെ കാലാവധി.

പക്ഷിപ്പനി: കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം

കോഴിക്കോട് ജില്ലയിലെ കൊടിയത്തൂരിലും വേങ്ങേരിയിലും പക്ഷിപ്പനി മൂലം ചാവുകയും കൊല്ലേണ്ടിവരികയും ചെയ്ത കോഴികളുടെ ഉടമസ്ഥര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചു. രണ്ടുമാസത്തിലധികം പ്രായമായ പക്ഷികള്‍ക്ക് 200 രൂപ വീതവും രണ്ടുമാസത്തില്‍ താഴെയുള്ള പക്ഷികള്‍ക്ക് 100 രൂപ വീതവും അനുവദിക്കും. രോഗബാധിത പ്രദേശത്ത് നശിപ്പിച്ച മുട്ടയൊന്നിന് 5 രൂപ നിരക്കിലും നഷ്ടപരിഹാരം നല്‍കും.

തസ്‍തിക നിയമനങ്ങള്‍

  • സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിലെ സ്ഥിരം ജീവനക്കാര്‍ക്ക് ശമ്പളപരിഷ്കരണം അനുവദിക്കാന്‍ തീരുമാനിച്ചു.
  • കേരള പ്രവാസി കേരളീയ ക്ഷേമബോര്‍ഡിലെ ഉദ്യോഗസ്ഥരുടെ നിയമനം പി.എസ്.സി മുഖേന നടത്തുന്നതിന് ബന്ധപ്പെട്ട നിയമത്തില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചു.
  • കെ.എസ്.ഐ.ഡി.സി നടപ്പാക്കുന്ന ലൈഫ് സയന്‍സ് പാര്‍ക്ക്, ഇലക്ട്രോണിക് ഹാര്‍ഡ് വേര്‍ പാര്‍ക്ക് എന്നിവ ഉള്‍പ്പെടെയുള്ള മെഗാ പ്രൊജക്റ്റുകള്‍ക്ക് രണ്ടു പ്രത്യേക ഉദ്ദേശ കമ്പനികള്‍ (എസ്.പി.വി) രൂപീകരിക്കുന്നതിനുള്ള മെമ്മോറാണ്ഡം ഓഫ് അസോസിയേഷന്‍റെയും ആര്‍ട്ടിക്കിള്‍ ഓഫ് അസോസിയേഷന്‍റെയും കരടിന് മന്ത്രിസഭ അംഗീകാരം നല്‍കി.
  • കേരാഫെഡിന്‍റെ കരുനാഗപ്പള്ളി ഫാക്ടറിയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന 25 കാഷ്വല്‍ തൊഴിലാളികളെ നിലവില്‍ ഒഴിവുള്ള വര്‍ക്കര്‍ തസ്തികയില്‍ മറ്റുവിധത്തില്‍ യോഗ്യരാണെങ്കില്‍ പ്രത്യേക കേസായി പരിഗണിച്ച് സ്ഥിരപ്പെടുത്താന്‍ കേരഫെഡ് ഭരണസമിതിക്ക് അനുമതി നല്‍കി.
  • കേരള മിനറല്‍സ് ആന്‍റ് മെറ്റല്‍സിലെ ടൈറ്റാനിയം സ്പോഞ്ച് പ്ലാന്‍റിലേക്ക് 8 സ്ഥിരം തസ്തികകള്‍ സൃഷ്ടിക്കുന്നതിനും ഇതിലേക്ക് നിലവില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരെ പ്രത്യേക കേസായി പരിഗണിച്ച് സ്ഥിരപ്പെടുത്താന്‍ അനുമതി നല്‍കുന്നതിനും  തീരുമാനിച്ചു.
  • കവളപ്പാറ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട മങ്ങാട്ടുതൊടിക വീട്ടില്‍ അനീഷിന്‍റെ ഭാര്യ അശ്വതി സുകുമാരന്  മലപ്പുറം ജില്ലയില്‍ ലാസ്റ്റ് ഗ്രേഡ് തസ്തികയില്‍ നിയമനം നല്‍കുന്നതിന് തീരുമാനിച്ചു.

പുതിയ തസ്തികകള്‍

  • സൈനിക ക്ഷേമ വകുപ്പില്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍മാരുടെ 9 സൂപ്പര്‍ന്യൂമററി തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തൃശ്ശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് തസ്തികകള്‍ സൃഷ്ടിക്കുക.
  • നിര്‍ത്തലാക്കിയ കോഴിക്കോട് വികസന അതോറിറ്റിയിലെ സാങ്കേതിക വിഭാഗം ജീവനക്കാരായ 6 പേരെ തദ്ദേശസ്വയംഭരണ എഞ്ചിനീയറിംഗ് സര്‍വ്വീസിലേക്ക് അതത് തസ്തികയിലെ ജൂനിയര്‍ മോസ്റ്റ് എന്ന നിബന്ധനയില്‍ ലയിപ്പിക്കാന്‍ തീരുമാനിച്ചു.
  • സംസ്ഥാനത്തെ വിവിധ ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജുകളില്‍ 149 അധ്യാപക തസ്തികകള്‍ അടുത്ത അധ്യയന വര്‍ഷത്തില്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. സര്‍ക്കാര്‍ ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജ് വൈപ്പിന്‍, സര്‍ക്കാര്‍ ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജ് നിലമ്പൂര്‍ എന്നിവിടങ്ങളിലെ പ്രിന്‍സിപ്പല്‍ തസ്തിക ഉള്‍പ്പെടെയാണിത്.
  • പട്ടികജാതി വികസന വകുപ്പിനു കീഴില്‍ കോഴിക്കോട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ക്രസ്റ്റില്‍ 8 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
  • 35-ാമത് ദേശീയ ഗെയിംസില്‍ റോവിങ്ങില്‍ സ്വര്‍ണ്ണം നേടിയ അഞ്ജലി രാജിന് എല്‍.ഡി.ക്ലാര്‍ക്കിന്‍റെ സൂപ്പര്‍ന്യൂമററി തസ്തിക സൃഷ്ടിച്ച് നിയമനം നല്‍കാന്‍ തീരുമാനിച്ചു.

നിയമനം

  • അവധി കഴിഞ്ഞ് തിരികെ പ്രവേശിക്കുന്ന മുറയ്ക്ക് പി.എം. അലി അസ്ഗര്‍ പാഷയെ സപ്ലൈകോ ചെയര്‍മാന്‍ ആന്‍റ് മാനേജിംഗ് ഡയറക്ടറായി നിയമിക്കാന്‍ തീരുമാനിച്ചു.
  • വി.ആര്‍. പ്രേംകുമാറിനെ വ്യവസായ-വാണിജ്യ വകുപ്പ് ഡയറക്ടറായി നിയമിക്കും. 
Follow Us:
Download App:
  • android
  • ios