Asianet News MalayalamAsianet News Malayalam

രാജ്‍കുമാറിന്‍റെ കുടുംബത്തിന് 16 ലക്ഷം രൂപ ധനസഹായം, ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി

രാജ്‍കുമാറിന്‍റെ മൂന്ന് മക്കള്‍ക്കും മാതാവിനുമായി  നാലു ലക്ഷം രൂപ വീതം ആകെ 16 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും സാമ്പത്തിക സഹായമായി അനുവദിക്കും. 

cabinet decided to sanction 16 lakh rupees to rajkumars family
Author
Thiruvananthapuram, First Published Jul 17, 2019, 3:52 PM IST

തിരുവനന്തപുരം: പൊലീസ് കസ്റ്റഡിയില്‍ വച്ചു മരണപ്പെട്ട രാജ്കുമാറിന്‍റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം. രാജ്കുമാറിന്‍റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനും മൂന്ന് മക്കള്‍, മാതാവ് എന്നിവര്‍ക്ക് സാമ്പത്തിക സഹായം നല്‍കാനും ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. 

രാജ്കുമാറിന്‍റെ നഴ്സിംഗിനു പഠിക്കുന്ന മകള്‍ ജെസ്സി, ബികോമിനു പഠിക്കുന്ന മകന്‍ ജോഷി, ഹൈസ്കൂള്‍ വിദ്യാര്‍ത്ഥി ജോബി, മാതാവ് കസ്തൂരി എന്നിവര്‍ക്ക് നാലു ലക്ഷം രൂപ വീതം ആകെ 16 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും സാമ്പത്തിക സഹായമായി അനുവദിക്കും. തുക കുട്ടികളുടെ പേരില്‍ ദേശസാല്‍കൃത ബാങ്കില്‍ സ്ഥിര നിക്ഷേപം നടത്തും. പലിശ കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റു ചെലവുകള്‍ക്കുമായി രക്ഷാകര്‍ത്താവിന് പിന്‍വലിക്കാനാവും. 

കുട്ടികള്‍ക്ക് പതിനെട്ട് വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപ തുക ലഭിക്കുന്ന വിധത്തിലാണിത്. മാതാവ് കസ്തൂരിയുടെ പേരില്‍ അനുവദിക്കുന്ന തുക ദേശസാല്‍കൃത ബാങ്കില്‍ സ്ഥിര നിക്ഷേപം നടത്തി അവരുടെ ദൈനംദിന ആവശ്യങ്ങള്‍ക്ക് ലഭിക്കത്തക്കവിധം അനുവദിക്കാന്‍ ജില്ലാകലക്ടറെ ചുമതലപ്പെടുത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു. 

മറ്റു മന്ത്രിസഭാ തീരുമാനങ്ങള്‍....

  • എയ്ഡഡ് സ്കൂള്‍ ലോവര്‍ പ്രൈമറി / അപ്പര്‍ പ്രൈമറി ഹെഡ്മാസ്റ്റര്‍മാര്‍ക്ക് സമയബന്ധിത ഹയര്‍ ഗ്രേഡ് നല്‍കാന്‍ തീരുമാനിച്ചു. 15 വര്‍ഷത്തെ തുടര്‍ച്ചയായ സേവനം പൂര്‍ത്തിയാക്കി ഹെഡ്മാസ്റ്റര്‍ സ്കെയില്‍ ലഭിച്ചതിനു ശേഷം 10/8 വര്‍ഷം പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഹെഡ്മാസ്റ്റര്‍ തസ്തികയില്‍ ആദ്യ സമയബന്ധിത ഹയര്‍ഗ്രേഡ് അനുവദിക്കും. 
  • കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡിലെ ഓഫീസര്‍ കാറ്റഗറിയിലെ 121 തസ്തികകള്‍ ഉള്‍പ്പെടുന്ന സ്റ്റാഫ് പാറ്റേണ്‍ മന്ത്രിസഭായോഗം അംഗീകരിച്ചു. 
  • ലാന്‍ഡ്  ബോര്‍ഡിന്‍റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന വിവിധ ഓഫീസുകളിലെ 768 താല്‍ക്കാലിക തസ്തികകള്‍ക്ക് 01-01-2019 മുതല്‍ രണ്ടുവര്‍ഷത്തേക്ക് കൂടി തുടര്‍ച്ചാനുമതി നല്‍കും. പ്രവര്‍ത്തനം അവസാനിപ്പിച്ച ലാന്‍ഡ് ട്രൈബ്യൂണലുകളിലെ താല്‍ക്കാലിക തസ്തികകളെ പുതുതായി രൂപീകരിച്ച ലാന്‍ഡ് ട്രൈബ്യൂണുകളിലേക്ക് പുനര്‍വിന്യസിക്കാനും തീരുമാനിച്ചു. 
  • കേരള മിനറല്‍സ് ആന്‍റ് മെറ്റല്‍സ് ലിമിറ്റഡിന്‍റെ മിനറല്‍ സെപ്പറേഷന്‍ യൂണിറ്റിലെയും ടൈറ്റാനിയം ഡയോക്സൈഡ് പിഗ് മെന്‍റ് യൂണിറ്റിലെയും തൊഴിലാളികളുടെ ദീര്‍ഘകാല കരാറിന് ആവശ്യമായ തുക കമ്പനിയുടെ തനത് ഫണ്ടില്‍ നിന്ന് നല്‍കും. 
  • ഹൈക്കോടതി എസ്റ്റാബ്ലിഷ്മെന്‍റിലെ ലൈബ്രറി അസിസ്റ്റന്‍റ് തസ്തികയില്‍ 01-04-2016 പ്രാബല്യത്തോടെ സെലക്ഷന്‍ ഗ്രേഡ് ലൈബ്രറി അസിസ്റ്റന്‍റ് എന്ന പുതിയ ഗ്രേഡ് അനുവദിക്കാന്‍ തീരുമാനിച്ചു. 
  • കേരള ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്ന അഡ്വ. എ. വേലപ്പന്‍ നായരെ മുഖ്യമന്ത്രിയുടെ സ്പെഷ്യല്‍ ലെയ്സണ്‍ ഓഫീസറായി നിയമിക്കാന്‍  തീരുമാനിച്ചു. ഇദ്ദേഹത്തിന്‍റെ പ്രവര്‍ത്തനം എറണാകുളം അഡ്വക്കേറ്റ് ജനറലിന്‍റെ ഓഫീസുമായി ബന്ധപ്പെട്ടായിരിക്കും. പ്രധാനപ്പെട്ട കേസുകളുടെ നടത്തിപ്പിന്‍റെ മേല്‍നോട്ടം വഹിക്കുകയാണ് ചുമതല.  
  • 14-07-2019 ന് കാലാവധി അവസാനിച്ച ഹൈക്കോടതി സ്പെഷ്യല്‍ ഗവ. പ്ലീഡര്‍മാരുടെ നിയമന കാലാവധി 15-07-2019 മുതല്‍ ഒരു ഉത്തരവുണ്ടാകുന്നതുവരെ ദീര്‍ഘിപ്പിച്ചു നല്‍കാന്‍ തീരുമാനിച്ചു.
Follow Us:
Download App:
  • android
  • ios