തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാനെ 2021 മാര്‍ച്ച് 31 മുതല്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷ്ണറായി നിയമിക്കും. നിയമനത്തിന്  ഗവര്‍ണ്ണറോട് ശുമാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.  അഡീഷണല്‍ ചീഫ് സെക്രട്ടറി വിപി ജോയിയെ അടുത്ത ചീഫ് സെക്രട്ടറിയായി നിയമിക്കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. 

നിലവിലെ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത സ്ഥാനമൊഴിയുന്നതിന് പിന്നാലെ മാര്‍ച്ച് ഒന്നിന് അദ്ദേഹം സ്ഥാനമേൽക്കും. കേന്ദ്രത്തിൽ ഡെപ്യൂട്ടേഷനിൽ പോയ വി.പി. ജോയ് കഴിഞ്ഞ ആഴ്ചയാണ് സംസ്ഥാനത്ത്  തിരിച്ചെത്തിയത്. 1987-ബാച്ച് ഐഎഎസ് ഓഫീസറായ വി.പി.ജോയ് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടേറിയറ്റിൽ ഏകോപന ചുമതലയുള്ള സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. രണ്ട് വര്‍ഷത്തെ സര്‍വ്വീസ് ബാക്കിയുള്ള  വിപി ജോയിക്ക് 2023 ജൂണ്‍ മുപ്പത് വരെ ചീഫ് സെക്രട്ടറിയായി പ്രവര്‍ത്തിക്കാം. 
 
പതിനൊന്നാം ശമ്പള കമ്മീഷന്‍റെ ശുപാര്‍ശപ്രകാരം ശമ്പള പരിഷ്കരണവും പെന്‍ഷന്‍ പരിഷ്കരണവും 2019 ജൂലൈ ഒന്നു മുതൽ നടപ്പാക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. പരിഷ്കരിച്ച പെന്‍ഷന്‍ 2021 ഏപ്രില്‍ മുതല്‍ വിതകരണം ചെയ്യും. ഏറ്റവും കുറഞ്ഞ അടിസ്ഥാന പെന്‍ഷന്‍ 11,500 രൂപയായും കൂടിയ അടിസ്ഥാന പെന്‍ഷന്‍ 83,400 രൂപയായും ഉയര്‍ത്തി. ഏറ്റവും കുറഞ്ഞ അടിസ്ഥാന കുടുംബ പെന്‍ഷന്‍ 11,500 രൂപയായും കൂടിയ 50040 രൂപയായും പരിഷ്കരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മാനന്തവാടി ജില്ലാ ആശുത്രിയെ തല്‍ക്കാലം മെഡിക്കൽ കോളേജ് ആക്കി ഉയർത്തി വയാട്ടില്‍ മെഡിക്കല്‍ കോളേജിന്‍റെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മെഡിക്കല്‍ കേളേജിന് ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനമായി. 2020-21 വര്‍ഷത്തെ അബ്കാരി നയം അടുത്ത സാമ്പത്തിക വര്‍ഷത്തേക്കും അതേപടി തുടരാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

സംസ്ഥാനത്ത് ആരാധനാലയങ്ങൾ നിര്‍മിക്കാൻ ഇനി ജില്ലാ കളക്ടറുടെ അനുമതി വേണ്ട, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പൂര്‍ണ്ണ അനുമതി നല്‍കാന്‍ തീരുമാനമായതായും മുഖ്യമന്ത്രി വ്യക്തമാക്കി. പിഎസ് സിയിലുള്ള എട്ടംഗങ്ങളുടെ ഒഴിവ് നികത്താനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. സംസ്ഥാനത്തേക്ക് വരുന്ന അഥിതി തൊഴിലാളികളുടെ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിപ്പിക്കാന്‍ ഗവര്‍ണ്ണറോട് ശുപാര്‍ശ ചെയ്യാനും തീരുമാനിച്ചു.

വനംവകുപ്പില്‍ ആദിവാസി വിഭാഗത്തില്‍ നിന്നും 500 പുതിയ ബീറ്റ് ഓഫീസര്‍മാരെ നിയമിക്കും. ഇതിനായി പി എസ് സി മുഖേന സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റ് നടത്തും. എസ് എസ് എല്‍സിയാണ് യോഗ്യത. എന്നാല്‍ യോഗ്യത ഉള്ളവരുടെ അഭാവത്തില്‍ എസ് എസ് എല്‍ സി പൂര്‍ത്തിയാക്കിയവരെയും പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാന ബിവറേജ് കോര്‍പ്പറേഷനില്‍ പുതിയ സ്റ്റാഫ് പാറ്റേണിന് അംഗീകാരം നല്‍കി. ഇത് പ്രകാരം 1727 തസ്തികള്‍ക്ക് കൂടി അംഗീകാരം ലഭിച്ചു. പുതിയ തീരുമാനത്തിന്‍റെ വിവിധ തസ്തികകളിലായി ഫലമായി 672 പേര്‍ക്ക് നിയമനം ലഭിക്കും.