തൃശ്ശൂർ: കുതിരാനിൽ പവർ ഗ്രിഡ് കോർപ്പറേഷന്‍റെ ഭൂഗർഭ കേബിൾ സ്ഥാപിക്കുന്നത് ഫെബ്രുവരി ആദ്യവാരം തുടങ്ങും. ഇതിന് മുന്നോടിയായി മോക്ട്രിൽ നടത്തുന്ന വരുന്ന 28,29 തീയതികളിൽ കർശനമായ വാഹന നിയന്ത്രണമുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. റായ്‍ഗര്‍ പുഗളൂർ വൈദ്യുതി പദ്ധതിയുടെ ഭാഗമായാണ് കുതിരാനിലെ 1.2 കിലോമീറ്റർ ദൂരത്തിൽ ഭൂഗർഭ കേബിൾ സ്ഥാപിക്കുന്നത്. മുപ്പത് ദിവസത്തെ നിർമ്മാണം രണ്ട് ഘട്ടത്തിൽ നടപ്പിലാക്കാനാണ് തീരുമാനം. 

റോഡിൽ രണ്ട് മീറ്റർ ദൂരത്തോളം കുഴിയെടുക്കേണ്ടി വരുമെന്നതിനാൽ വൻ ഗതാഗതകുരുക്കാണ് പ്രതീക്ഷിക്കുന്നത്. മോക് ഡ്രിൽ നടത്തി പ്രശ്നങ്ങൾ കണ്ടെത്തിയ ശേഷം കൂടുതൽ സൗകര്യമൊരുക്കാനാണ് ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം. 28 29 തിയതികളില്‍ രാവിലെ അഞ്ചുമണി മുതൽ വൈകിട്ട് ആറുവരെ ഗതാഗത നിയന്ത്രണം കർശനമാക്കും. പണി പൂർത്തിയായ തുരങ്കങ്ങളിലൊന്ന് തുറന്ന് കൊടുത്താൽ ഗതാഗത പ്രശ്നം പരിഹരിക്കാം. ഇതിനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടം. ഊർജ്ജ വകുപ്പ് സെക്രട്ടറി അശോകിന്‍റെ നേതൃത്ത്വത്തിൽ ഉദ്യോഗസ്ഥർ തുരങ്കം സന്ദർശിച്ചു.